പ്രവേശനോത്സവം

രചന
അബ്ദുൽ കരിം ചൈതന്യ

പുറത്തു പുതുമഴ പെയ്തിറങ്ങുന്നു….അവൻ അഞ്ചാം ക്ലാസിലെ പാഠ പുസ്തകങ്ങൾ അടുക്കി എടുത്തു…പേനയും പെൻസിലും ഇൻട്രമെന്റ് ബോക്സും ക്രായോണുംഎല്ലാം അവിടെന്നും എവിടെന്നും നോക്കി എടുത്തു ബാഗിൽ വെച്ചു.ഇനി അമ്മ വിളിക്കുന്നതിന്‌ മുൻപ് കുളിച്ചു വരണം.അപ്പോൾ മുറ്റത്തു നിന്നു അച്ഛന്റെ വിളി…എടാ നീ തോട്ടിൽ വരുന്നോ…വിളികേൾക്കേണ്ട താമസം അവൻ തോർത്തുമെടുത്തു പുറത്തേക്കു ചാടി…അപ്പോഴും മഴ ചാറുന്നുണ്ട്.ആഴം കുറഞ്ഞ തോട് മഴ കൊണ്ട് നിറഞ്ഞിട്ടുണ്ട്…..ചാടി ഇറങ്ങുമ്പോൾ ഹോ…എന്തൊരു തണുപ്പ്….അവൻ കൈവിരലുകൾ കൊണ്ട് മൂക്ക് അടച്ചുപിടിച്ചു പിന്നെ ഒറ്റ മുങ്ങൽ നല്ല സുഖമുള്ള കുളിരു…..എടാ നിനക്ക് നീന്താൻ പഠിക്കേണ്ടേ…..അച്ഛൻ ഇറങ്ങിനിന്നു രണ്ടു കയ്യും വെള്ളത്തിന്റെ നിരപ്പെ പിടിച്ച്…അവൻ ആ കൈകളിലേക് കമഴ്ന്നു കിടന്നു….തല ഉയർത്തിപിടിച്ച് രണ്ടു കാലുകളും കയ്യും കൊണ്ട് ആഞ്ഞു തുഴഞ്ഞു,..,
നീന്തലിന്റെ ആദ്യ പാഠം അവിടെ തുടങ്ങി….ഇപ്പോൾ അമ്മ വന്നിരുന്നെങ്കിൽ പൊതി മടലിൽ നിന്നു കീറി എടുത്ത ചകിരി കൊണ്ട് തേച്ചു ഒരച്ചു കുളിപ്പിച്ചേനെ.
കുളികഴിഞ്ഞു അമ്പിളി മോൾക്ക്‌ വേണ്ടി ഒരു ആമ്പൽ പൂവും പറിച്ചു വീട്ടിലേക്ക് ഓടി.അച്ചൂ….അമ്മ യുടെ നീട്ടിയുള്ള വിളി “വാ വന്നു എന്തെങ്കിലും കഴിച്ചേ..”
അപ്പോളും അമ്പിളിമോള് അമ്മയുടെ ചൂടും പറ്റി അടുക്കളയിൽ ഉണ്ട്‌..
അലമാര തുറന്നപ്പോൾ പുത്തെൻ ഉടുപ്പിന്റെയും നിക്കറിന്റെയും നല്ല വാസന.
കാപ്പി കൂടി കഴിഞ്ഞപ്പോൾ അമ്മ അമ്പിളി മോളെ ഒരുക്കി
കഴിഞ്ഞു….ഹായ് സുന്ദരി കുട്ടി….ചുവന്ന പട്ടു പാവാട അതിൽ മഞ്ഞ നക്ഷത്ര പൊട്ടുകൾ….ചന്ദന നിറത്തിലെ കുഞ്ഞുടുപ്പു വർണകുടയും ചൂടിനിന്ന എന്റെ കുഞ്ഞു അനുജത്തി.ഞാൻ ആമ്പൽ പൂവ് അവൾക്കു കൊടുത്തു..
ഞങ്ങൾ ഇറങ്ങാൻ തുടങ്ങുമ്പോൾ അമ്മ പറഞ്ഞു..”.പ്രവേശനോത്സവമല്ലേ അമ്പിളീടെ കൂടേ ഞാനും വരുന്നുണ്ട്.”
പാടവരമ്പ് മഴ കൊണ്ട് മുഴുവൻകുഴിയും ചെളിയുമായി…ആകെ ചള..പള. പതിയെ തെറ്റാതെ തെന്നാതെ പാടം കടന്നു…ദാ വരുന്നെടാ മഹേഷും നജീബും
മുനീറയും സണ്ണി കുട്ടിയും എലാവര്ക്കും പുത്തെൻ ഉടുപ്പാ…”.അമ്മേ ഞാൻ അവരുടെ കൂടേ പൊയ്ക്കോട്ടേ….അമ്മ അമ്പിളിയുമായി പോര്”അവർ കൂട്ടുകാർ ഒത്തുകൂടി…ചാടിയും തെറിപ്പിച്ചും പോകുമ്പോൾ മാധവൻ കുട്ടി സാറിന്റെ മതിലിനു പുറത്തേക്കു ചാഞ്ഞു നിൽക്കുന്ന മാവിൻ കൊമ്പിൽ തൂങ്ങി ആടുന്ന മൂവാണ്ടൻ മാങ്ങ…കൂട്ടുകാരുടെ മനസ്സിൽ പുളിയുള്ള ലഡു പൊട്ടി.മഹേഷ് ഒരു കല്ലെടുത്തു നജീബു ഒരു വടിയും സഘടിപ്പിച്ചു”..വേണ്ടെടാ ഇപ്പ വേണ്ട…നമുക്ക് സ്കൂളീ ന്ന്‌ വരുമ്പം തട്ടാം “…
അവർ ചെല്ലുമ്പോൾ സ്കൂൾ മിറ്റം വർണ ചിറകുകൾ വിരിച്ച ശലഭകൂട്ടങ്ങൾ പോലെ കൂട്ടുകാർ ആർത്തുല്ലസിക്കുന്നു.കുരുത്തോലയും പൂക്കളും അക്ഷരമാലകൾ കോർത്ത തോരണങ്ങളും….മാധവൻ കുട്ടി സാറും ലക്ഷ്മി ടീച്ചറും റംല ടീച്ചറും ഒക്കെ ചിരിച്ചും വർത്തമാനം പറഞ്ഞും ഞങ്ങളെ തൊട്ടും തലോടിയും ഓടി നടക്കുന്നു.
അമ്പിളിമോൾ ഇതൊക്കെ കണ്ടു കൈകൊട്ടി ചിരിക്കുന്നു.അമ്മമാരുടെ മുഖത്തു ആനന്ദതിരയിളക്കം.
അപ്പോൾ വരാന്തയിലെ തൂണിൽ തൂക്കിയിരുന്ന ചെങ്ങലയിൽ വിജയൻ ചേട്ടൻ ചുറ്റിക കൊണ്ട് നിർത്താതെ അടിച്ചു.
മാനത്തു നിന്നു പൊട്ടിവീണ നക്ഷത്ര കുരുന്നുകൾ സ്കൂൾ അംഗണത്തിൽ വരിവരിയായി നരനിരയായി നിന്നു.
എല്ലാവരും കൈകൂപ്പി
“ദൈവമേ കൈത്തൊഴാം കേൾക്കുമാറാകണം
പാപമാമെന്നേനീ കാക്കുമാറാകണം “പ്രാർത്ഥന കഴിഞ്ഞു
മാധവൻകുട്ടി സാർ മൈക്കിലൂടെ അറിയിച്ചു…ഇന്ന് ഉച്ചവരെ മാത്രമേ ക്ലാസ്സ്ഉള്ളു…ഉച്ചക്ക് എല്ലാവരും പായസം കുടിച്ചിട്ടേ പോകാവൂ.കുട്ടികൾ അതു കൈയടിച്ചു സ്വീകരിച്ചു..

ഞങ്ങളുടെ സ്പർശനം ഏൽക്കാതെ കലപില ശബ്ദം അറിയാതെ കുസൃതിത്ത രവും കുറുമ്പും കാണാതെ കരച്ചിലും വിതുമ്പലും തേങ്ങലും അറിയാതെ മൗനിയായി മരവിച്ചിരുന്ന ഞങ്ങളുടെ പ്രിയ പെട്ട പള്ളികൂടം ദാ ഇപ്പോൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി,..ഒരു പഠനയിടം മാത്രമല്ല കളിയിടവും കൃഷിയിടവും വിനോദ കേന്ദ്രവും ഒക്കെയാണ് ഈ പള്ളികൂടം ഞങ്ങൾക്കു..
നല്ല മധുരമുള്ള പായസവും കുടിച്ചു പാട്ടുംപാടി സ്കൂളിൽ നിന്നു ഇറങ്ങി….അപ്പോഴും മാധവൻകുട്ടി സാറിന്റെ മാവിലെ മൂവാണ്ടൻ മാങ്ങ കൂട്ടുകാരുടെ ഉള്ളിൽ ആടികൊണ്ടിരുന്നു…നല്ല മുഴുത്ത കല്ലുകൾ നിക്കറിന്റെ പോക്കറ്റിൽ കരുതിയിരുന്നു..
മഹേഷ്‌ പോക്കറ്റിൽ നിന്നു ഒരു കല്ലെടുത്തു….കറക്റ്റ് ഉന്നം പിടിച്ചു…വൺ…ടു…ത്രീ ഒറ്റയേറു കല്ല് ക്രത്യമായി മതിലിൽ കൊണ്ട് അതേ വേഗത്തിൽ തിരിച്ചുവന്നു അച്ചുവിന്റെ തിരു നെറ്റിയിൽ ട്ടപ്പെന്ന്‌ പതിച്ചു.
എന്റമ്മേ എന്ന് ഉറക്കെ വിളിച്ചു കൊണ്ട് അച്ചു കട്ടിലിൽ നിന്നു ചാടി എഴുന്നേറ്റു..,
അടുക്കളയിൽ ദോശ ചുട്ടുകൊണ്ടിരുന്ന അമ്മ ചട്ട കവും പിടിച്ച് ഓടി വരുമ്പോൾ..,അച്ചു കട്ടിലിൽ എഴുന്നേറ്റിരുന്നു കുടു..കൂടാ ചിരിക്കുകയായിരുന്നു
*********
അബ്ദുൽകരിം ചൈതന്യ.

Leave a Reply

Your email address will not be published. Required fields are marked *