സാഹിത്യ സുൽത്താനെ ഓർക്കുമ്പോൾ

ആനവാരി രാമൻ നായരും, പൊൻകുരിശ് തോമയും, കുഞ്ഞുപാത്തുമ്മയും, എട്ടുകാലി മമ്മൂഞ്ഞും, സുഹറയും, നാരായണിയും, പാത്തുമ്മയുടെ ആടും, തുടങ്ങി ഭൂമിയുടെ യഥാർത്ഥ അവകാശികളായ പാമ്പുകളും, പക്ഷികളും, ചിത്രശലഭങ്ങളും, ചിതലുകളും, കൊടിയ വിഷമുള്ള കരിന്തേളുകളുമടങ്ങിയ സുൽത്താന്റെ മറ്റനേകം സൂഷ്മ സുന്ദര സൃഷ്ടികൾ ഇപ്പോഴും മരണമില്ലാതെ മാലോകർക്കിടയിൽ സൗഖ്യമായി പാർത്തുവരുന്നു…….. മുറ്റത്തെ മാങ്കൊസ്റ്റിൻ മരച്ചുവട്ടിലിരുന്ന് ഗ്രാമഫോണ് റെക്കോർഡിലെ പാട്ടുകൾ ആസ്വദിച്ചു കേട്ട്, പുകവലിച്ചും, ചൊറിഞ്ഞും, ചുരമാന്തിയും കഥകളെഴുതി ഒരു തലമുറയെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ” ഇമ്മിണി ബല്ല്യ ” ആ മനുഷ്യൻ ‘മതിലുകൾക്ക്’ അപ്പുറമുള്ള മറ്റൊരു ദുനിയാവിലേക്ക് മറഞ്ഞു പോയിട്ട് ഇന്നേക്ക് ഇരുപത്തിയെട്ട് ആണ്ടുകൾ പിന്നിടുന്നു……

1908 ജനുവരി 21 ന് തിരുവിതാംകൂറിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ. ഇവരുടെ ആറുമക്കളിൽ മൂത്തയാളായിരുന്നു ബഷീർ. അബ്ദുൾഖാദർ, പാത്തുമ്മ, ഹനീഫ, ആനുമ്മ, അബൂബക്കർ എന്നിവരായിരുന്നു സഹോദരങ്ങൾ. ഇവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.

രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്‌(അഞ്ചാം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തു ചെന്നു കാളവണ്ടി കയറി കോഴിക്കോടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട്‌ ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാല കൃതികൾ. ‘പ്രഭ’ എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയുംസൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം.ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും – തീവ്ര ദാരിദ്ര്യവും, മനുഷ്യ ദുരയും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകം ചുറ്റുന്നതിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.

പദ്മനാഭ പൈ പത്രാധിപരായിരുന്ന “ജയകേസരി”യിൽ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീർ പത്രാധിപരുടെയടുത്തെത്തിയത്. എന്നാൽ ജോലി തരാൻ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാൽ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീർ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും, കോങ്കണ്ണും, കൂനുമുള്ള യാചകൻ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം.

Purushottam Ad

സാമാന്യം മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു, കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും, ഭിക്ഷക്കാരും, വേശ്യകളും, പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ, വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. സമൂഹത്തിൽ ഉന്നത നിലവാരം പുലർത്തുന്നവർ മാത്രം നായകൻമാരാവുക, മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽ നിന്നും നോവലുകൾക്ക് മോചനം നൽകിയത് ബഷീറാണ്. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്‌ലിം സമുദായത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.

ഏറെ വൈകിയാണ് ബഷീർ വിവാഹിതനായത്, 50-ആം വയസ്സിൽ. ഫാത്തിമ ബീവി ഭാര്യ. അനീസ്, ഷാഹിന എന്നിവരാണ് മക്കൾ. 1994 ജൂലൈ 5-ന് ബഷീർ അന്തരിച്ചു.

കൂടുതൽ പ്രവാസി  അറിവുകളും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഇന്സൈഡ് ഒമാൻ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *