ലേഖകൻ :- ഫൈസൽ മുഹമ്മദ്
ഇന്സൈഡ് ഒമാൻ അഡ്മിൻ
കെഎംസിസി ക്കാരുടെ ജീവിതം അങ്ങനെയാണ്. ഒരിക്കലും നേരിട്ട് കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്തവർക്ക് വേണ്ടി സ്വയം സേവനം ചെയ്യാൻ നിയോഗിക്കപ്പെട്ടവരാണവർ. സേവന സന്നദ്ധമായ ഓരോ മനുഷ്യ മനസ്സുകളെയും വൈകാരികമായും ആത്മീയമായും ചേർത്തു നിർത്തുന്ന, അന്യന്റെ ദുഖവും വിഷമവും മരണവുമെല്ലാം സ്വന്തം പോലെയും സ്വന്തക്കാരുടെ പോലെയും ഏറ്റെടുക്കാൻ അവനെ പ്രാപ്തനാക്കുന്ന നാലക്ഷരമാണ് കെഎംസിസി.
കെഎംസിസി യുടെ സേവനത്തെ കുറിച്ചും നന്മയെ കുറിച്ചും അറിയാത്തവരായി പ്രവാസലോകത് ആരും ഉണ്ടാകും എന്ന് കരുതുന്നില്ല. ഞാൻ കെഎംസിസി യുടെ ഭാഗമായി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് അധികകാലം ഒന്നും ആയിട്ടില്ല. ഒരു വ്യക്തി വിദേശത്തു മരണപ്പെട്ടാൽ അവിടെ ഓടിയെത്തി സഹായങ്ങൾ ചെയ്യുന്ന കെഎംസിസി യുടെ ആളുകളെ കുറിച്ച് ഞാനും ഒരുപാട് കേട്ടിട്ടുണ്ട്. എന്നാൽ അവരിലൊരാളാകാൻ , മരണപ്പെട്ട വ്യക്തിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ആറടി മണ്ണിൽ അടക്കം ചെയ്യാനുള്ള പ്രവർത്തികൾക്ക് ഭഗവത്താകാൻ എനിക്കും അവസരം ലഭിച്ചതിൽ അതിയായ സന്തോഷത്തോടെയും ചാരിതാർഥ്യത്തോടെയുമാണ് ഞാൻ ഇത് എഴുതുന്നത്.
പത്തു വർഷങ്ങൾക്ക് മുമ്പാണ് സുബൈദത്ത ഒമാനിൽ നിന്നും പോകുന്നത്. നീണ്ട മുപ്പത്തഞ്ച് വർഷത്തെ പ്രവാസ ജീവിതത്തിന്റെ അനുഭവങ്ങളും പകർന്നു നൽകിയ നന്മയും അറിവും ഒരുപാട് മനുഷ്യമനസ്സുകളിൽ അവശേഷിച്ചു സുൽത്താനേറ്റിനോട് വിടപറഞ്ഞകന്നപ്പോൾ വീണ്ടും ഇവിടെ വരുമെന്നോ ഈ ആറടി മണ്ണിൽ അലിഞ്ഞു ചേരുമെന്നോ സുബൈദത്ത കരുതിയിരുന്നില്ല.
നാലു പതിറ്റാണ്ടുകൾക്കു മുമ്പ് സ്വദേശിയുടെ വീട്ടിൽ വീട്ടുജോലികൾ ചെയ്യാനാണ് സുബൈദത്ത കടലുകൾ താണ്ടി മസ്കത്തിൽ എത്തിയത്. വീട്ടുജോലിയുടെ ഇടവേളകളിൽ സ്വദേശി കുട്ടികൾക്കും മലയാളി കുട്ടികൾക്കും ഇംഗ്ലീഷും ദീനി വിജ്ഞാനവും ഈ ഉമ്മ പകർന്നു നൽകി. മസ്‌കറ്റിലെ പഴയ തലമുറയിലെ കുട്ടികളിൽ നിരവധി ശിഷ്യ സമ്പത്തുണ്ട് സുബൈദത്തക്ക്. ദീനി പ്രബോധന രംഗത്തും വിദ്യാഭ്യാസ രംഗത്തും വേറിട്ട് നിന്ന വ്യക്തിത്വം ആയിരുന്നു.
അക്കാലത്തു വിദേശ രാജ്യങ്ങളിൽ വന്നു ഇസ്ലാമിനെ കുറിച്ചു മനസ്സിലാക്കി മതം മാറിയിരുന്ന നിരവധി ഇതര മതസ്ഥർ ഉണ്ടായിരുന്നു. അത്തരത്തിലുള്ളവർക്ക് ദീനി വിദ്യാഭ്യാസം നൽകുന്നതിൽ മുൻ പന്തിയിൽ സുബൈദത്തയും ഉണ്ടായിരുന്നു. അത്തരത്തിൽ സുബൈദത്ത യുടെ ശിഷ്യയായിരുന്ന മറിയമാണ് നാട്ടിൽ പോയിട്ട് പത്തു വര്ഷം കഴിഞ്ഞ സുബൈദിതയെ വീണ്ടും ഒമാനിലേക്ക് സന്ദർശക വിസയിൽ കൊണ്ടുവന്നത്.
ആഗ്രഹിച്ച മരണം തന്നെയാണ് സുബൈദിതക്ക് ലഭിച്ചത്. ഒമാനിൽ തന്നെ അന്ത്യവിശ്രമം വേണമെന്നത് അവരുടെ ആഗ്രഹമായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാട്ടിലേക്ക് തിരിക്കാനിരിക്കെ മബെലയിലെ താമസ സ്ഥലത്ത് വച്ചായിരുന്നു അന്ത്യം. അന്ത്യ സമയത്തു തന്റെ ശിഷ്യനായ മറിയവും ഹബീബുമെല്ലാം അടുത്ത് വേണമെന്നതുമെല്ലാം കാലത്തിന്റെ നിയോഗമാവാം. ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത പലരും ആ ഉമ്മയുടെ മരണാന്തര കർമങ്ങൾക്ക് നേതൃത്വം വഹിച്ചു എന്നതും കാലത്തിന്റെ നിയോഗം അല്ലാതെ മറ്റെന്താണ്.
ഇബ്രാഹിം ഒറ്റപ്പാലമാണ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയത്. അറഫാത് സാഹിബും, റാഫി സാഹിബും ,സജീർ സാഹിബും , അനസ് സാഹിബും , ശാക്കിർ സാഹിബും യാക്കൂബ് സാഹിബും തുടങ്ങി ഈ എളിയവൻ വരെ യുള്ള നിരവധി ആളുകൾ പിന്നെ ഉമ്മയുടെ മറ്റനേകം ശിഷ്യഗണങ്ങളും പിന്നണിയിലും നിന്നുകൊണ്ടാണ് ഈ മയ്യിത്തിന്റെ അന്ത്യ കർമ്മങ്ങൾ പൂർത്തിയാക്കിയത്. അള്ളാഹു ആ ഉമ്മാക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ