മിസ്റ്റേക്ക് വത്സൻ - ചെറുകഥ

രചന , അവതരണം :- അബ്ദുൽകരിം ചൈതന്യ

എവിടെ ചെണ്ടപ്പുറത്തു കോല്
വീണാലും അവിടെ വത്സൻ
ഉണ്ടായിരിക്കും.
വടക്കുപ്പുറത്തുകാവിലെ
ഗരുഡൻ തൂക്കത്തിന് പെട്രോമക്സും തലയിലേറ്റി
തൂക്കച്ചാടിനു ഒപ്പം നടന്നു നീങ്ങുന്ന വത്സന്റെ മുഖത്ത്
നിറഞ്ഞ ചിരി ആയിരിക്കും.
ഒരു ഒറ്റമുണ്ടും മറ്റൊരു വത്സനുകൂടി കയറാവുന്ന
സൈസിലുള്ള ഒരു അരകൈയ്യൻ ഷർട്ടും അതാണ്‌ വത്സന്റെ വേഷം.വടക്കു പുറത്തു കാവിലെ ഉത്സവം കഴിഞ്ഞാൽ സെന്റ് ജോർജ് പള്ളിയിലെ ജൂബിലി
പെരുന്നാള്.ചെണ്ട മേളത്തിനും
ബാന്റു വാദ്യത്തിനും ഇടയിൽ
ഒരു മുത്തുകൂടയും പിടിച്ച് കറക്കി കൊണ്ട്
വത്സൻ ഉണ്ടാകും.പിന്നെ നബി ദിന ആഘോഷത്തിന് സാമൂഹ്യ സദ്യയുടെ മുൻപന്തിയിൽ തന്നെ വത്സൻ
സീറ്റു പിടിക്കും …..
പ്രഭാതം പിറക്കുമ്പോൾ തന്നെ
വത്സന്റെ പ്രവർത്തികളും
തുടങ്ങിയിരിക്കും.
കോവിൽ കടവിൽ വഞ്ചിയിൽ
എത്തുന്ന മീൻ കുട്ടകൾ കയറ്റാനും ഇറക്കാനും അതു ഷെഡിൽ എത്തിക്കാനും വത്സൻ തന്നെ വേണം.
രാവിലെ ഒൻപതു മണി ആയാൽ കോവിൽ കടവിൽ നിന്നു മാക്കേ കടവിലേക്ക്
കടത്തു വഞ്ചി തുഴയൽ….ചുരുക്കത്തിൽ കോവിൽ കടവിലെ ഒരു നിറ സാന്നിദ്യം…കരക്കാർക്ക് ഒരു
സർവോപകാരി.അല്പം വിശ്രമം
തേടി നേരെ ആലികുട്ടിയുടെ
ചായ പീടികയിലേക്ക് ചെല്ലും.
ആലികുട്ടികാക്ക ആ കരയിലെ ജനസമ്മതനാണ്….കാരണം
ചായ പീടികയിലെ ചില്ലലമാരിക്ക് മുകളിൽ വെച്ചിരിക്കുന്ന പറ്റു പുസ്തകത്തിൽ എല്ലാവരുടെയും പേര് കൃത്യമായി രേഖപെടുത്തിയിട്ടുണ്ട്.
വത്സനെ കാണുമ്പോൾ തന്നെ
ആലികുട്ടി രണ്ടു വലിയ അലൂമിനിയം കുടമെടുത്തു
പുറത്തു വെക്കും.അവിടെത്തെ വലിയ
വീപ്പ കവിഞ്ഞു ഒഴുകും വരെ വെള്ളം നിറക്കണം.ഇടതടവില്ലാത്ത ജോലി.ആലികുട്ടിയുടെ ചില്ല്
അലമാരയിലെ
അച്ചപ്പവും നെയ്യപ്പവും ബോണ്ടയും എല്ലാം എപ്പോഴും വത്സന്റെ
ദൗർബല്യങ്ങൾ ആയിരുന്നു.
വത്സന്റെ അച്ഛൻ കണ്ടൻ
കോരൻ ഒരു പ്രൊഫഷൻ കേവു വള്ളക്കാരൻ ആണ്
കോവിൽ കടവിൽ നിന്ന് കൊച്ചിയിലേക്ക് ഉരുളൻ തേങ്ങാ കയറ്റി പോകണം.
ഏത് കാറ്റിലും കോളിലും വലിയ കേവു വള്ളം നിയന്ത്രിക്കാനുള്ള കഴിവും
ശക്തിയും കണ്ടൻ കോരന് ഉണ്ടായിരുന്നു….വത്സൻ ചോറും കറിയും ഉണ്ടാക്കാനും
കാറ്റും കോളും ഇല്ലാത്തപ്പോൾ
അച്ഛനെ ഒരു കൈ സഹായിക്കാനും കൂടും.
അന്നൊരു ദിവസം രാവിലെ
ഒറ്റമുണ്ടും അരകൈയ്യൻ തോളാ ഷർട്ടുംഇട്ടു കയ്യിൽ ഒരു കാലൻ കുടയും പിടിച്ച് വത്സൻ അച്ഛന്റെ പിന്നാലെ നടന്നു ഇന്ന് അവന്റെ പെണ്ണുകാണൽ ചടങ്ങാണ്
അങ്ങ് പൊറക്കാട്ടു…..

 

കോവിൽ കടവിൽ ഒരേ ഒരു
ചായപ്പീടികയേ ഉള്ളു ….അതു ആലക്കുട്ടിയുടേതാണു..
ദാമുവും വിശ്വംഭരനും വർക്കി
ആശാനും രാവിലെ പല്ലും തേച്ചു കടയിലെ സിംഗിൾ
ബെഞ്ചിൽ ഹാജരാവും..ശരീരം അനങ്ങി
ഒരു പണിക്കും പോകാത്ത
സത്യാന്വഷികൾ…..സ്ഥിരമായി ചീട്ടുകളി…ഇടക്കൊക്കെ
മദ്യസേവ….പിന്നെ അത്യാവശ്യം പരദൂഷണം…പാരവെപ്പ്.,.കല്യാണം മുടക്കൽ അങ്ങനെ അല്ലറ ചില്ലറ പൊടിക്കൈകൾ.
പ്രാദേശിക പരദൂഷണ വാർത്തകളുടെ ഒരു റിലേ കേന്ദ്രം കൂടിയാണ് ആലി
കുട്ടിയുടെ ചായ പീടിക.
എന്ത് വാർത്തയും പൊടിപ്പും
തോങ്ങലും കുഞ്ചലവും ചേർത്തു വെച്ചുള്ള സംപ്രേഷണ ചുമതല
ഈ ത്രി മൂർത്തികൾക്കാണ്.
അന്ന് വൈകുന്നേരം വത്സനും
അച്ഛനും പൊറക്കാട്ടു നിന്നു വന്നപ്പോൾ കണ്ടവർ കണ്ടവർ
ചോദിച്ചു “വത്സാ നിന്റെ പെണ്ണ് എങ്ങിനെ യുണ്ട് “….
“നല്ല പെണ്ണാ…ഒരു മിസ്റ്റീക്കും ക്കും
ഇല്ല..””അടുത്ത നാറായിച്ച വാക്കോറപ്പിക്കും..പിറ്റേ നാറായിച്ച താലികെട്ടാ…”വത്സന്റെ മുഖത്ത് ആനന്ദ തിരയിളക്കം.

അങ്ങനെ വത്സൻ പൊറക്കാട്ടു നിന്ന് ശ്യാമളയെ
താലികെട്ടി കോവിൽ കടവിൽ
വന്നിറങ്ങി.കടവ് മുഴുവൻ
കരക്കാരുടെ പുരുഷാരം.,.വന്നു കൂടിയ യുവ
കോമളാംഗികൾ പോലും പുത്തെൻ പെണ്ണിനെ ആർത്തിയോടെ നോക്കി
കൊതി വിട്ടു.
ഈകരയിൽ ഇത്രേം ചന്തൊള്ള വേറെ കിടാത്തികൾ ഇല്ല…ത്രിമൂർത്തികൾ റിലേ ചെയ്തു.
“അവള് ഈ കരേലെ രാ ഞ്ജിയാ…”ദാമു അയലത്തെ
കാർത്തിയോട് പറഞ്ഞു
“ശരിയാ..കേട്ടാ…അവക്കടെ
ആ പാവറ് ഒന്ന് കാണണം….”കാർത്തി ഏറ്റുപറഞ്ഞു.
പിറ്റേന്ന് കടവിൽ വന്ന വത്സനോട് വിശ്വംഭരൻ ചോദിച്ചു “വത്സാ എങ്ങനെ
ഉണ്ടെടാ നിന്റെ പെണ്ണ്..”
“ഒരു മിസ്റ്റീക്കും ഇല്ല ചേട്ടാ
…..അവക്കട പേര് ശ്യാമളെന്നാ…..
ദിവസങ്ങൾ കഴിയുംതോറും
ശ്യാമള കാരക്കാരുടെ തരമായി….
വൈകുന്നേരങ്ങളിൽ ആലികുട്ടിയുടെ ചായ പീടികയിൽ നെയ്യപ്പം വാങ്ങാൻ വരുമ്പോൾ ത്രി മൂർത്തികൾ വായ്‌തുറന്നു
വള്ളമിറക്കി ഇരിക്കും.
പലപ്പോഴും ആലികുട്ടി ഒരു
ബോണസ് നെയ്യപ്പം പൊതിഞ്ഞു അവളുടെ
കയ്യിൽ വെച്ച് കൊടുക്കമ്പോൾ ആലികുട്ടിയുടെ ദേഹം ആസകലം ഒരു ഇലക്ട്രിക് ഷോക്ക് പോലെ ഒരു തരിപ്പ്…
ചിലപ്പോഴൊക്കെ അവൾ ഒറ്റ കണ്ണിറുക്കി ആലികുട്ടിയെ ഏർത് അടിപ്പിക്കാറുമുണ്ട്

 

അയലത്തെ നാരായണി തള്ള
കാലും നീട്ടി തിണ്ണയിലിരുന്നു
ആരോടെന്നില്ലാതെ പറയും
“പൊറക്കാട്ടു നിന്ന് ആരും
പൊറുപ്പിക്കാ നില്ലാണ്ട് ഇങ്ങാട്ടു കെട്ടി എടുത്തതാ….ആ പാവത്തിന്റെ തലയിൽ കെട്ടി
വെച്ചതാ”…
എന്റെ ദൈവേ കാക്കണേ “

അന്ന് വത്സൻ കൊച്ചീന്നു വന്നപ്പോൾ കയ്യിലൊരു പൊതി ഉണ്ടായിരുന്നു.സന്ധ്യ മയങ്ങി “എടിയേ….ശ്യാമേ
നീട്ടി ഒരു വിളി…വായിച്ചു കൊണ്ടിരുന്ന മംഗളം വീക്കിലി
കട്ടിലിൽ ഇട്ടിട്ടു ശ്യാമള ഇറങ്ങി വന്നു.
“എടിയേ നീ ആ തുണി ഒന്നഴിച്ചേ…”.അവൻ കയ്യിലിരുന്ന പൊതി നീട്ടി കൊണ്ട് പറഞ്ഞു.
“നിങ്ങ എന്നാ ഈ പറേണെ..
തുണി അഴിക്കാനാ “…
“എടീ ഇതു നെനക്ക് ഞാൻ
മേടിച്ച ഒരു മുണ്ടാ….നീ ഇതൊന്ന് ഉടുക്കാനാ പറഞ്ഞെ “അവൾ വേഗം പൊതി അഴിച്ചു…അതു കണ്ടു ശ്യാമള
വാപിളർന്നു നിന്നുപോയി.
നല്ല കടും ചവപ്പും അതിൽ മഞ്ഞ പൂക്കളും ഉള്ള ഒരു ലുങ്കി….ചേട്ടാ ഇതു എനിക്കാണോ….അവൾ സന്തോഷം കൊണ്ട് തുള്ളി.
“ആ പൊറക്കാട്ടും ഈ കരേലും ആർക്കും ഇല്ലാത്ത
ലുങ്കിയാ…”നീ അങ്ങട് ഉടുക്കടീ ശ്യാമേ….
രാവിലെ പതിവില്ലാതെ ശ്യാമള
ലുങ്കിയുമുടുത്തു ഒരു കുടവും
ആയി പൈപ്പിൻ ചുവട്ടിൽ വന്നു.കുനിഞ്ഞു നിന്ന് അവൾ
വെള്ളം എടുക്കുന്നത് നോക്കി നിന്ന ആലികുട്ടിയുടെ ഉള്ളിൽ
ലഡു പൊട്ടി…..
വെള്ളം നിറച്ച കുടം എടുത്തു
എളിയിൽ തിരുകി ശ്യാമള ഒന്ന് നിവർന്നു.വേലിക്കരുകിൽ ശീമ കൊന്ന പത്തലിൽ ചാരി നിന്ന ദാമു പറഞ്ഞു “ആശാനേ കൊടം ഒന്നല്ല…രണ്ടാണ് കേട്ടാ…പറഞ്ഞു തീർന്നില്ല ശ്യാമള തിരിഞ്ഞു നിന്നിട്ടു
“ഫ്ഫ..”എന്ന് ദിഗംന്തങ്ങൾ
പൊട്ടുമാറ് ഉച്ചത്തിൽ ഒരൊറ്റ
ആട്ട്….അതിന്റെ പ്രകമ്പനത്തിൽ ദാമു ശീമകൊന്ന പത്തലുമായി പിന്നിലേക്ക് മറിഞ്ഞു…..
അവൾ തിരിഞ്ഞു നടക്കുമ്പോൾ ദാമു പതിയെ
പറഞ്ഞു “രണ്ടല്ല കേട്ടാ പൊറകിലും കൊടം രണ്ട്…ഒണ്ടേ….”
സന്ധ്യ മയങ്ങി നാരായണി തള്ള കാലും നീട്ടി തിണ്ണയിൽ
ഉണ്ട്‌…പതിവ് പോലെ എന്തൊക്കെയോ പിറു പിറു ക്കുന്നുണ്ട്..”അവ കരേല രാഞ്ജി യാ കണ്ടില്ലേ….പുള്ളിപ ട്ടും ചുറ്റിയാ നടപ്പ്..
കുടീല് ചെല വരവ് പോക്കെ ക്കെ ഉണ്ട്‌.ആരും കാണുന്നില്ലന്നാ ബാവം…എന്റെ തൈവേ…
അടുത്തൊരു പ്രഭാതം..പ്രാദേശിക വാർത്ത വർക്കി ആശാന്റെ വക…”ഇന്നിപ്പോൾ മൂന്ന് ദിവസായി നമ്മുടെ കരയിലെ
രാഞ്ജിയെ കാണാനില്ല….ആരോ രണ്ടു പേര് വന്നു കൊണ്ട് പോയതാ “
അന്ന് വൈകുന്നേരം ശ്യാമള
ജൂബ ഇട്ട അണ്ണന്റെ കൂടേ വള്ളത്തിൽ വന്നിറങ്ങി..എന്ന വാർത്തയും വൈകുന്നേരം
വീശി അടിച്ചു…അപ്പോൾ വഴിയിൽ കണ്ട വത്സനോട്
ദാമു ചോദിച്ചു..
“എടാ ശ്യാമള എത്തിയോ “….
“എന്റെ ദാമുവേട്ടാ അവ അവക്കട മാമന്റെ മകന്റ കൂടേ
ചെട്ടി കൊളങ്ങര ഭരണി കൂടാൻ പോയതാ…ദേ ഇന്ന് കൊണ്ടേ ആക്കുകേം ചെയ്തു..”
“എന്നിട്ട് ഇപ്പൊ അങ്ങിനൊണ്ട് “ദാമു വീണ്ടും ചോദിച്ചു
“അവക്ക് ഒരു മിസ്റ്റീക്കും ഇല്ല ചേട്ടാ “
പിറ്റേ പ്രഭാതത്തിൽ സിംഗിൾ
ബെഞ്ചിലെ ത്രി മൂർത്തികൾ
ഒരു കാഴ്ച കണ്ടു അന്തം വിട്ടു…പിന്നെ പരസ്പരം പിറു പിറുത്തു….അതുകഴിഞ്ഞപ്പോ
പൊട്ടിച്ചിരിച്ചു…
വിശ്വംഭരൻ ഇത്തിരി ഉറക്കെ
“ആലിക്കാക്ക കൊള്ളാല്ലോ..
ആലിക്കാ പണി കൊടുത്തു അല്ലേ “…പിന്നാലെ
വർക്കി ആശാൻ…”പോന്നപ്പം
ഉടുതുണി മാറിപ്പോയി…..…
ആലിക്കുട്ടിക്ക് അപ്പോഴാ ബോധം വന്നത്.അയാൾ തന്റെ ഉടുമുണ്ടിൽ തറച്ചു നോക്കി….നല്ല ചുവപ്പിൽ മഞ്ഞ പുള്ളികൾ ഉള്ള ലുങ്കി….ആലികുട്ടി അടുക്കളയിലേക്ക് ഓടി കയറുമ്പോൾ…ഒരു കടലാസ്
പൊതിയുമായി വത്സൻ അവിടെ വന്നു.
“ആലിക്ക ദാ നിങ്ങടെ കൈലി…….”കടലാസ് പൊതി നീട്ടികൊണ്ട് വത്സൻ പറഞ്ഞു.
“പിന്നെ നിങ്ങക്ക് ലുങ്കി വേണമായിരുന്നെങ്കി എന്നോട് പറഞ്ഞാ മതിയായിരുന്നു….ഞാൻ കൊച്ചീന്നു കൊണ്ടുവന്നു
തന്നേനേല്ലാ “
“ദേ ഇക്കാന്റെ കൈലിമുണ്ട്…
ഒരു മിസ്റ്റീക്കും പറ്റീട്ടില്ല..”
കൂടിനിന്നവർക്കു കൂട്ടച്ചിരി…
അന്ന് മുതലാണ് നമ്മുടെ പ്രിയപ്പെട്ട വത്സൻ…..ആ കരയിലെ ‘മിസ്റ്റീക്ക് വത്സൻ’
എന്ന് അറിയാൻ തുടങ്ങിയത്.

*************
അബ്ദുൽകരിം
ചൈതന്യ
തലയോലപ്പറമ്പ്.

Leave a Reply

Your email address will not be published. Required fields are marked *