ബഹിരാകാശ യാത്രയും 500,000 റിയാലും സമ്മാനം
മത്സരത്തിന് അപേക്ഷിക്കാനുള്ള അവസാന സമയം നാളെ

മസ്കറ്റ് :അറബ് ലോകത്തെ വിദ്യാർഥികൾക്കായി സഊദി സ്‌പേസ് ഏജൻസി സംഘടിപ്പിക്കുന്ന മദക് മത്സരത്തിന് അപേക്ഷിക്കാനുള്ള അവസാന സമയം നാളെ. ഒമാനിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഇത് സംബന്ധിച്ച നിര്‍ദേശം വിദ്യാര്‍ഥികള്‍ക്ക് അധ്യാപകര്‍ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.
സ്‌പേസ് സയൻസിൽ വളർന്നുവരുന്ന തലമുറക്ക് താത്പര്യമുണ്ടാകാനും ഈ മേഖലയിലെ ഗവേഷണവും നൂതനത്വവും ശക്തിപ്പെടുത്താനുമാണ് സഊദി സ്‌പേസ് ഏജൻസി മത്സരം സംഘഠിപ്പിക്കുന്നത്.
ആറിനും 18നും ഇടയിൽ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. വിജയിക്കുന്നവർക്ക് 500,000 സഊദി റിയാലും ബഹിരാകാശ യാത്രയുമാണ്‌ സമ്മാനം. ഈ വർഷാവസാനം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കാണ് വിജയിക്കുന്നവരെ കൊണ്ടുപോകുക. മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. ആറ് മുതൽ 11 വരെ വയസ്സുള്ളവർക്ക് ആർട്‌സ് ട്രാക്കിലും 12 മുതൽ 14 വരെ പ്രായമുള്ളവർക്ക് ബോട്ടണി ട്രാക്കിലും 15-18 പ്രായക്കാർക്ക് എൻജിനീയറിംഗ് ട്രാക്കിലും മത്സരിക്കാം.
സഊദിയുടെ പ്രഥമ വനിതാ ഗഗനചാരിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 14 പരീക്ഷണങ്ങൾ നടത്തുകയും ചെയ്ത റയാന ബർനാവിയാണ് മത്സരത്തിന് മേൽനോട്ടം വഹിക്കുന്നത്.

മിസ്‌ക് ഫൗണ്ടേഷനും ഇൽമി സയൻസ് ഡിസ്‌കവറി ആൻഡ് ഇന്നൊവേഷൻ സെന്ററും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് മത്സരം. കണ്ടുപിടുത്തത്തിന്റെയും നൂതനത്വത്തിന്റെയും യാത്രയിൽ പങ്കെടുക്കാൻ അറബ് ലോകത്തെ വിദ്യാർഥികൾക്ക് ലഭിക്കുന്ന അസുലഭാവസരമാണ് ഇതെന്ന് ബർനാവി പറഞ്ഞു. വിദ്യാർഥികളിലെ ശേഷിയും നിപുണതയും വളർത്തുകയാണ് മത്സരത്തിന്റെ ലക്ഷ്യം.
ചെടിയുടെ വളർച്ചയിൽ സൂക്ഷ്മ ഗുരൂത്വാകർഷണത്തിന്റെ ആഘാതം പഠിക്കുന്നതിൽ കേന്ദ്രീകരിച്ചുള്ള പരീക്ഷണമാണ് മത്സരത്തിന്റെ ഭാഗമായി വിദ്യാർഥികൾ നടത്തേണ്ടത്. ഇതിലൂടെ വിമർശനാത്മക, വിശകലന ചിന്തയും പ്രശ്‌ന പരിഹാര കഴിവും വർധിക്കും. സൂക്ഷ്മ ഗുരുത്വാകർഷണ പരിസ്ഥിതിയിലായിരിക്കും പരീക്ഷണങ്ങൾ.
ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം വഴിയാണ് ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഒരുങ്ങുന്നത്. വിവരങ്ങൾക്ക്: നബീൽ അൽ ഹബ്‌സി:  97890956, മുഹമ്മദ് അൽ ബുസൈദി: 92262449. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യണം: https://ssa.gov.sa/Madak/

Leave a Reply

Your email address will not be published. Required fields are marked *