ഒരാഴ്ചക്കുള്ളിൽ ടെക്സ്റ്റ് ബുക്കുകൾ  ലഭ്യമാക്കുമെന്ന് അംബാസ്സഡറുടെ ഉറപ്പ്*

മസ്കറ്റ്, ഒമാൻ

ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ അക്കാഡമിക്  വർഷം  ആരംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ടെക്സ്റ്റ് ബുക്കുകൾ ലഭ്യമല്ലാത്ത വിഷയം ചൂണ്ടിക്കാട്ടി  രക്ഷിതാക്കളുടെ നേതൃത്വത്തിൽ ഒമാനിലെ ഇന്ത്യൻ അംബാസ്സഡർക്കു നിവേദനം നൽകി. അംബാസ്സർഡറുമായി ചർച്ച നടത്തിയ സംഘം വിദ്യാർത്ഥികൾ നേരിടുന്ന അത്യന്തം ഗൗരവതരമായ വിഷയത്തിൽ അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിലെ എംബസ്സിയുടെ പ്രതിനിധിയും ചർച്ചയിൽ പങ്കെടുത്തു.

വിഷയം അതീവ ഗൗരവതാരമാണെന്നും അടുത്ത ഒരാഴ്ചക്കുള്ളിൽ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകൾ നടത്തുമെന്നും അംബാസഡർ രക്ഷിതാക്കൾക്ക് ഉറപ്പു നൽകി. ചർച്ചയിൽ പങ്കെടുത്ത ഡയറക്ടർ ബോർഡ് അംഗത്തിന് ഇത് സംബന്ധിച്ച  നിർദ്ദേശവും അദ്ദേഹം നൽകി. വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നത്തിന്റെ ഗൗരവം തങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിന് രക്ഷിതാക്കൾക്ക് അംബാസഡർ നന്ദിയും പറഞ്ഞു.

ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ  കേന്ദ്രീകൃത ബുക്ക് പർച്ചേയ്‌സ് സംവിധാനം കഴിഞ്ഞ വർഷം സ്കൂൾ ഡയറക്ടർ ബോർഡ് ആവിഷ്കരിച്ചു നടപ്പിൽ വരുത്തിയിരുന്നു. പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി  എല്ലാ സ്കൂളികളിലേക്കുമുള്ള  ടെക്സ്റ്റ് ബുക്കുകൾ വാങ്ങുന്നതിനായി ഒരു  ഏജൻസിയെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ  പുതിയ പരിഷ്കാരത്തിലെ അപാകതയും, പ്രായോഗിക പ്രശ്നഗങ്ങളും  രക്ഷിതാക്കളുടെ നേതൃത്വത്തിൽ ബോർഡ് ചെയർമാനെ  മുൻപ് പല തവണ അറിയിച്ചിരുന്നതാണ്. എന്നാൽ രക്ഷിതാക്കളുടെ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട്  ബോർഡ് തങ്ങളുടെ തീരുമാനവുമായി മുൻപോട്ടു പോയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

അതോടൊപ്പം, മസ്കറ്റ് ഇന്ത്യൻ സ്കൂളിൽ  ഫീസ് അടക്കുന്നതിൽ വീഴ്ച വന്നതിന്റെ  പേരിൽ  ചില  വിദ്യാർത്ഥികളെ  ക്ലാസ്സിൽ നിന്നും പുറത്താക്കിയ സംഭവം മാധ്യങ്ങൾ കഴിഞ്ഞ ദിവസം  റിപ്പോർട്ട് ചെയ്തിരുന്നു. പ്രസ്തുത വിഷയവും രക്ഷിതാക്കൾ അംബാസ്സഡറുടെ ശ്രദ്ധയിൽ പെടുത്തി. സാമ്പത്തിക ബുദ്ധിമുട്ടിന്റെ  പേരിൽ ഒരു കുട്ടിയുടെയും വിദ്യാഭ്യാസം നഷ്ടമാകരുത് എന്ന  കമ്മ്യൂണിറ്റി സ്കൂൾ സംവിധാനത്തിന്റെ പൊതു നയം ഉയർത്തിപ്പിടിക്കാൻ സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകണമെന്നും രക്ഷിതാക്കൾ അംബാസ്സഡറോട് അഭ്യർത്ഥിച്ചു.

അംബാസ്സഡറുമായുള്ള ചർച്ചയിൽ സന്തുഷ്ടി പ്രകടിപ്പിച്ച രക്ഷിതാക്കൾ, ടെക്സ്റ്റ് ബുക്കുകൾ ഈ ആഴ്ച തന്നെ വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്ന ഉറപ്പ് നടപ്പാകുമെന്നു പ്രതീക്ഷിക്കുന്നതായി അറിയിച്ചു. ഇക്കാര്യത്തിൽ തങ്ങൾ ജാഗരൂപരായിരിക്കുമെന്നും, വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളിൽ തുടർന്നും  ക്രിയാത്മകമായുള്ള ഇടപെടലുകൾ ഉണ്ടാകുമെന്നും രക്ഷിതാക്കളുടെ സംഘത്തിന് നേതൃത്വം നൽകിയ കൃഷ്ണകുമാർ, സുഗതൻ, കെ വി വിജയൻ, മനോജ് പെരിങ്ങേത്ത്, അനു ചന്ദ്രൻ, ബിബിൻ ദാസ്, ബിനു കേശവൻ, സുജിന മനോജ്, അഭിലാഷ് എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *