മസ്കറ്റ്

ഒമാനിൽ വിദേശികൾക്ക് അനുവദിക്കുന്ന ഡ്രൈവിംഗ് ലൈസൻസുകളുടെ കാലാവധി സംബന്ധിച്ച് ഉയരുന്ന സംശയങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പോലീസ്.ആറ് മാസത്തില്‍ കൂടുതല്‍ പ്രവാസി ഒമാനില്‍ നിന്ന് വിട്ടു നിന്നാല്‍ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കപ്പെടില്ല

ഡ്രൈവിങ് ലൈസൻസിൽ രേഖപ്പെടുത്തിയിരിക്കുന്ന കാലാവധി തീരുന്നത് വരെ ലൈസൻസ് ഉപയോഗിച്ച് പ്രവാസികൾക്ക് വാഹനം ഓടിക്കാൻ സാധിക്കുമെന്ന് റോയൽ ഒമാൻ പോലിസ് വ്യക്തമാക്കി. ഒരാളുടെ റസിഡന്റ് വിസാ കാലയളവ് കഴിയുന്നത് ഡ്രൈവിംഗ് ലൈസൻസിനെ ബാധിക്കില്ലെന്നും ഒമാൻ നിരത്തുകളില്‍ വാഹനം ഓടിക്കാൻ സാധിക്കുമെന്നും പോലീസിനെ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമം സ്ഥിരീകിരിച്ചു. വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് കാലാവധി കഴിഞ്ഞാൽ പുതുക്കാൻ സാധിക്കും. ലൈസൻസ് പുതുക്കുന്നതിന് വീണ്ടും ഡ്രൈവിംഗ് ടെസ്റ്റ് നടത്തേണ്ടതില്ലെന്നുംറോയൽ ഒമാൻ പോലീസ് ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇക്കാലയളവിൽ റസിഡൻസി സ്റ്റാറ്റസ് മാറിയിട്ടുള്ളവർക്ക് ഇത് സംബന്ധമായ വിവരങ്ങൾ റോയൽ ഒമാൻ പോലീസ് ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക് വിഭാഗത്തിൽ ഇതോടൊപ്പം അപ്‌ഡേറ്റ് ചെയ്യാനും കഴിയും.
അതേസമയം, പ്രവാസി രാജ്യം വിട്ടാൽ അയാളുടെ ഡ്രൈവിംഗ് ലൈസൻസിൻമേലുള്ള മുഴുവൻ പിഴകൾക്കും നിയമലംഘനങ്ങൾക്കും സ്‌പോൺസറോ കമ്പനിയോ ഉത്തരവാദികളായിരിക്കുമെന്ന തരത്തില്‍ നേരത്തെ സ്ഥിരീകരിക്കാത്ത സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ, ഇത് തെറ്റാണെന്നും ആർ ഒ പി വ്യക്തമാക്കി. ലൈസൻസിലെ പിഴയും മറ്റു കുടിശ്ശികകളും തീർക്കാതെ ഒരാൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ കഴിയില്ല. അതിനാൽ തന്നെ, പണം നൽകാതെ രാജ്യം വിടുന്നതിനെ കുറിച്ചുള്ള ചോദ്യം ഉയരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആറ് മാസത്തിൽ കൂടുതൽ പ്രവാസി ഒമാനിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിൽ റസിഡന്റ്‌സ് പെർമിറ്റ് സ്വമേധയാ റദ്ദാക്കപ്പെടും. പക്ഷെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കപ്പെടില്ല. ഒമാനിലെ ഡ്രൈവിംഗ് ലൈസൻസ് പ്രവാസികളുടെ സിവിൽ നമ്പറുമായും കമ്പനിയുടെയോ സ്‌പോൺസറുടെയോ വാണിജ്യ രജിസ്‌ട്രേഷനുമായും ബന്ധിപ്പിച്ചിട്ടുള്ളതാണ്.
ഡ്രൈവിംഗ് ലൈസൻസ് പുതിയ റസിഡൻസ് പെർമിറ്റിലേക്ക് എളുപ്പത്തിൽ മാറ്റാനും സാധിക്കുമെന്നും റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *