ഓണം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ തകൃതിയാക്കി ഒമാനിലെ പ്രവാസി മലയാളികളും.
പൊന്നിന്‍ചിങ്ങത്തില്‍ പൂവിളികളുടെ ഗൃഹാതുര സ്മരണകളുണര്‍ത്തി വീണ്ടും അത്തമെത്തി. ചിങ്ങമാസത്തിലെ അത്തം മുതല്‍ പത്തുദിവസം മലയാളികളുടെ ഭവനങ്ങള്‍ക്ക് പൂക്കളങ്ങള്‍ വര്‍ണശോഭ പകരും. എന്നാല്‍ ഒരുകാലത്ത് സമൃദ്ധമായിരുന്ന നാട്ടുപൂക്കള്‍ അപ്രത്യക്ഷമായത് പൂക്കളങ്ങളുടെ സ്വാഭാവിക ഭംഗിക്ക് മങ്ങലേല്‍പ്പിക്കുന്നു. കര്‍ണാടകയിലും തമിഴ്‌നാട്ടിലും കൃഷിയിടങ്ങളില്‍ വിരിയുന്ന പൂക്കള്‍ കൂടിയ വിലക്കെടുത്ത് വാങ്ങിയാണ് ഇപ്പോള്‍ മലയാളികള്‍ പൂക്കളമൊരുക്കുന്നത്.
പണ്ടൊക്കെ പൂക്കളമൊരുക്കല്‍ കുട്ടികള്‍ക്ക് ഉത്സവം തന്നെയായിരുന്നു. അത്തം പിറക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പെ ഒരുക്കമാരംഭിക്കും. വിശാലമായ മുറ്റം ചാണകം മെഴുകി വൃത്തിയാക്കും. തുടര്‍ന്ന് നടുമുറ്റത്ത് മണ്ണുകൊണ്ട് പൂത്തറ നിര്‍മിച്ച് തൃക്കാക്കര അപ്പന്റെ മണ്‍പ്രതിമ അതിന്റെ നടുവിലായി സ്ഥാപിക്കും. പൂ പറിക്കാന്‍ തെങ്ങോലകൊണ്ടുള്ള ചെറുകൂടകള്‍ മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് നിര്‍മിച്ചുനല്‍കും. ഇവയുമായി പൂവേ പൊലി പൂവേ പൊലി പാടി കുട്ടികള്‍ ഓടിനടന്ന് പൂ പറിക്കും.
അത്തം തുടങ്ങുന്ന ദിവസം നാഴി തുമ്പയാണ് പൂത്തറയിലിടുക. അന്നൊക്കെ പാടത്തും പറമ്പിലുമൊക്കെ തുമ്പപ്പൂക്കള്‍ സമൃദ്ധമായുണ്ടായിരുന്നു. ഇന്ന് മരുന്നിനുപോലും തുമ്പ കിട്ടണമെങ്കില്‍ ‘ഗവേഷണം’ നടത്തേണ്ട സ്ഥിതിയാണ്. ആദ്യദിനത്തില്‍ പൂക്കളത്തില്‍ ഒരു കുടകുത്തും. പിന്നീട് ഓരോ ദിവസവും ഓരോ ഇനം പൂവും ഓരോ കുടയും കൂടുതലായി വേണം. തിരുവോണനാളിലെ പൂക്കളത്തില്‍ പത്തിനം പൂക്കളും പത്തു കുടകളുമുണ്ടാകും.
അരിപ്പൂ, കാക്കപ്പൂ, മുക്കുറ്റി, തെച്ചി, വേലിഅരിപ്പൂ, തൊട്ടാവാടിപ്പൂ തുടങ്ങി കുന്നുകളിലും താഴ്‌വരകളിലും കാണുന്ന വൈവിധ്യമാര്‍ന്ന പൂക്കള്‍കൊണ്ട് മനോഹരമായ പൂക്കളങ്ങളാണ് തീര്‍ത്തിരുന്നത്. കുമ്പളത്തിന്റെ ഇല അരിഞ്ഞതും ഉമിക്കരിയും കവുങ്ങിന്‍ പൂക്കുലയുമൊക്കെ പൂക്കളങ്ങള്‍ക്ക് വര്‍ണ വൈവിധ്യം പകരാനായി ഉപയോഗിച്ചിരുന്നു. ചെമ്പരത്തി പൂവോ കുമ്പളപ്പൂവോ ഈര്‍ക്കിലില്‍ കോര്‍ത്താണ് പൂത്തറയില്‍ കുട കുത്തിയിരുന്നത്.
ഇന്ന് മുറ്റത്ത് പൂത്തറയുണ്ടാക്കാനൊന്നും അധികമാര്‍ക്കും സമയമില്ല. പഴയ തറവാടുകളിലും മറ്റുമാണ് ഈ പതിവ് തുടരുന്നത്. മിക്ക വീടുകളിലും പൂക്കളം ഇപ്പോള്‍ വരാന്തയിലാണ്. ഉപയോഗിക്കുന്നതാകട്ടെ ചെണ്ടുമല്ലി, ജമന്തി, റോസ്, വാടാര്‍മല്ലി തുടങ്ങി വിലയ്ക്കുവാങ്ങുന്ന പൂക്കളും. പൊള്ളുന്ന വിലയാണിവയ്ക്ക്. വിപണിയില്‍നിന്നുള്ള വൈവിധ്യവും സൗന്ദര്യവും നഷ്ടപ്പെട്ടു. എങ്കിലും പഴയ ആചാരം കൈവിടാതെ തുടരുന്നതുതന്നെ സുകൃതമെന്നാണ് പഴമക്കാര്‍ ആശ്വസിക്കുന്നത്.
ഓണം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ തകൃതിയാക്കി ഒമാനിലെ പ്രവാസി മലയാളികളും. കൊവിഡ് മൂലം ആഘോഷമില്ലാതെ രണ്ട് വർഷം കഴിഞ്ഞു പോയതിന്റെ അലസ്യത്തിൽ നിന്നുണർന്ന് ഓണം ഇക്കുറി കെങ്കെമാക്കാൻ തന്നെയാണ് ഒരുക്കങ്ങൾ. ഇതിനോടകം തന്നെ പുക്കള മത്സരം അടക്കം മത്സരങ്ങളും അനുബന്ധ ഓണ പരിപാടികളും ആരംഭിച്ചു കഴിഞ്ഞു.
കുത്തരി ചോറും ഇലയിൽ വിളമ്പുന്ന സദ്യയും രണ്ടുതരം പായസവും ഓണ ദിനത്തിൽ നിർബന്ധമാണ്. പൂക്കൾക്ക് പൊള്ളുന്ന വിലയാണെങ്കിൽ പോലും ആഴ്ചകൾക്ക് മുന്നേ തന്നെ പൂവിനായി ഓർഡർ ചെയ്യുകയാണ് ആളുകൾ. തമിഴ് നാട്ടിൽ നിന്നാണ് പൂക്കൾ വരുന്നത്. കൂട്ടായ്മങ്ങളും സംഘടനകളും ചില കമ്പനികളും നടത്തുന്ന പൂക്കള മത്സരങ്ങളും ഇത്തവണത്തെ ഓണത്തിന് മാറ്റുകൂട്ടും. കൂടാതെ നിരവധി മത്സരങ്ങളും പല ഇടങ്ങളിലായി സംഘടിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പൂക്കൾക്ക് ഡിമാന്റ് കൂടും.
തിരുവോണം വ്യാഴാഴ്ച എത്തുന്നതു കൊണ്ട് പ്രവാസികൾക്ക് സന്തോഷമാണ്. വാരാന്ത്യ അവധി ദിനങ്ങൾ ആഘോഷത്തിനായി മാറ്റിവെക്കാം. റെസ്റ്റോറന്റുകളും വലിയ മാളുകളിലും ഓണസദ്യയുടെ ഓർഡറുകൾ എടുത്തു തുടങ്ങി.