റിയാലിന് 200 രൂപ വരെയാകുന്ന ദിവസം വിദൂരമല്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

പെരുന്നാളിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ രൂപയുടെ വിനിമയ നിരക്കുയരുന്നത് പ്രവാസികൾക്ക് നൽകുന്നത് ഇരട്ടി മധുരം. ഒരു ഒമാനി റിയാലിന് 198.10 രൂപ നിരക്കിലാണ് ഇന്നലെ ഒമാനിലെ എക്സ്ചേഞ്ചുകൾ വിനിമയം നടത്തിയത്. രൂപയുടെ മൂല്യം ഇടവേളക്ക് ശേഷം വീണ്ടും ഇടിയുകയായിരുന്നു. ഡോളറിന് 76.27 രൂപ എന്ന നിരക്കിലാണ് വിനിമയ വിപണിയിൽ ഇന്നലെ വ്യാപാരം അവസാനിച്ചത്.
രാജ്യത്ത് എക്സ്ചേഞ്ചുകളിലും നേരിയ തിരക്ക് അനുഭവപ്പെട്ടു.
കൂടുതൽ തുക അയക്കാനുള്ളവർക്ക് ഉയർന്ന നിരക്കും ചില എക്‌സ്‌ചേഞ്ചുകൾ നൽകി. മറ്റു എക്‌സ്‌ചേഞ്ചുകളും ഉപഭോക്താക്കളിലേക്ക് സന്ദേശം അയച്ചും സോഷ്യൽ മീഡിയകളിൽ കൂടുതൽ രൂപ ലഭിക്കുന്ന വിവരം പരസ്യം ചെയ്തും ഉപഭോക്കാക്കളെ ആകർഷിച്ചു. ഞായറാഴ്ചവരെ നിലവിലെ വിനിമയ നിരക്ക് ലഭിക്കും. വരും ദിവസങ്ങളിൽ രൂപയുടെ വിനിമയ നിരക്കിൽ മാറ്റമുണ്ടാകുമെന്ന് എക്സ്ചേഞ്ച് അധികൃതരും സൂചന നൽകുന്നു.

രാജ്യത്തെ കമ്പനികൾ ഏപ്രിലിലെ ശമ്പളം വിതരണം ചെയ്തുവരികയാണ്. സ്വകാര്യ മേഖലയിൽ ചെറിയ പെരുന്നാൾ പ്രമാണിച്ച് ഏപ്രിൽ 21ന് മുമ്പ് ശമ്പളം നൽകണമെന്ന് തൊഴിൽ മന്ത്രാലയം കഴിഞ്ഞ ദിവസം കമ്പനികൾക്ക് നിർദേശം നൽകിയിരുന്നു. ഈ ഘട്ടത്തിൽ രൂപയുടെ വിനിമയ നിരക്കുയർന്നത് പ്രവാസികൾക്ക് ഇരട്ടി മധുരമായി. രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞ് റിയാലിന് ഉയർന്ന നിരക്കിൽ രൂപ ലഭിക്കുന്നതാണ് പ്രവാസികളെ സന്തോഷത്തിലാക്കുന്നത്.

രൂപയുടെ മൂല്യം ഇനിയും ഇടിയുമെന്നും വിനിമയ നിരക്കുയർന്നേക്കുമെന്നും സാമ്പത്തിക വിദഗ്ധർ നിരീക്ഷിക്കുന്നു. ഇത് ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് വർധിപ്പിച്ചേക്കും. ഒമാനി റിയാൽ അടക്കമുള്ള ഗൾഫ് കറൻസികളുമായ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് റെക്കോർഡ് തകർച്ചയിലേക്കാണ് നീങ്ങുന്നത്. റഷ്യ-യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതാണ് രൂപയുടെ നിലവിലെ തുടർച്ചയായ തകർച്ചക്ക് കാരണം. റിയാലിന് 200 രൂപ വരെയാകുന്ന ദിവസം വിദൂരമല്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *