ശാരിയുടെ മണം
മിനിക്കഥ – കെ.കെ. സിദ്ധിക്ക് .
എത്ര ശ്രദ്ധിച്ചാലും പുളിയുടെ കുരു അകത്ത് പോകും..പിന്നെ അത് കളയാൻ ഒരു മാർഗ്ഗമുണ്ട്. അന്ന് ഞങ്ങൾ പറമ്പിലാണ് വെളിക്കിരിക്കുന്നത്.. വടക്കേ പറമ്പിൽ കൊഴുപ്പ് മൂത്ത് വണ്ണിച്ചു നിൽക്കുന്ന കോട്ടമാവിന്റെ പിറകിൽ പോയിരുന്ന് കണ്ണും മൂക്കും തള്ളുന്നതു വരെ മുക്കും… എവിടെ … കുറെ നേരം ഇരുന്നു നോക്കും…പിന്നെ അടുത്ത ദിവസത്തെ അപ്പിയിൽ കുരു കാണുമ്പോഴാണ് ജീവൻ വീഴുന്നത്..
ഇതുപൊലെ തന്നെയാണ് ട്രയിനിനെക്കുറിച്ചും എന്റെ അറിവ് .. പാളത്തിൽ കയറി നിന്ന് കൈ കാണിച്ചാൽ ട്രയിൻ നിർത്തുമെന്നും അതിൽ കയറി പോകാമെന്നും ആണ് ഞാനറിഞ്ഞത്. സ്കൂളിലെ കൂട്ടുകാരോട് ഞാൻ കയറിയ കഥ ഡം ബായി വിളമ്പിയിട്ടുമുണ്ട്. എന്നാലും ട്രയിൻ എന്റെ ദുസ്വപ്നങ്ങളിൽ ഇടം പിടിച്ചിരുന്നു… ഇരുമ്പുകൾ തമ്മിൽ കൂട്ടി ഉരുമ്മുമ്പോഴുള്ള തീപാറുന്നതും .. അതിന്റെ കരുകരുപ്പു മുണ്ടല്ലോ.. അതിങ്ങനെ കാലിലൂടെ അരിച്ചു കയറും .. മൂക്ക് ചെവി കണ്ണ് ഇവയൊക്കെ തുള്ളിക്കളിക്കും..ചെ കിട ടിപ്പിക്കുന്ന ശബ്ദമുണ്ടല്ലോ.. വല്ലാത്ത അരോചകമാണ്..
പുഞ്ചക്കൊയ്ത്ത് കഴിഞ്ഞ നിരന്നുകിടക്കുന്ന പാടത്ത് റബ്ബർ പന്തുകളിക്കുന്നത് ഞങ്ങളുടെ വിനോദമായിരുന്നു.. നെൽവയലുകളെ കീറി മുറിച്ചാണ് റയിൽ പാളം കടന്നുപോകുന്നത്..പാടത്ത് കിഴങ്ങു മാറ്റിയ കപ്പക്കോലു ഗോൾ പോസ്റ്റാക്കി ഞങ്ങൾ കാൽപ്പന്തുകളിക്കും. ഞങ്ങളെന്നു പറഞ്ഞാൽ വടക്കേ പറമ്പിലെ മത്ത മാപ്പിളയുടെ മക്കളായ ചെറിയാൻ, വർക്കി, തെരേസ , ഏലിക്കുട്ടി, തെക്കേക്കുറ്റിയിലെ അവിരാച്ചൻ വല്യച്ചന്റെ മക്കളായ പൈലോച്ചൻ, വെന്തിങ്ങാ അവിര , തോട്ടോത്തെ നാസർ, നസീർ, കുന്നും പുറത്തെ റാഫിയ, പാത്താ കയ്യാലക്കാലായിലെ അലിയാര് എന്റെ ചേട്ടൻ മാരായ ഉമ്മർ, ഉസ്മാൻ, വാവ പുലയന്റെ മക്കളായ കുഞ്ഞനി, ശാരി അങ്ങിനെ ഒരു പട തന്നെയുണ്ട് … കളിയ്ക്കുന്ന സ്ഥലത്ത് തൊട്ടടുത്താ പാളം . പന്തുകളിസ്ഥലത്തുനിന്നും ട്രയിൻ കാണാൻ നല്ല രസമാണ്…
കാൽപന്തുകളിയ്ക്കിടയിൽ ട്രയിനുകൾ ഇരുവശങ്ങളിലേയ്ക്കും തൊളള തുറന്ന് ഒഴുകിപ്പോകുന്നുണ്ട്… അത് തുപ്പുന്ന പുക ഉയർന്നുപൊങ്ങി മേഘക്കീറുകളെ ഉമ്മവയ്ക്കാനായി കാറ്റ് വലിച്ചു കൊണ്ടുപോകുന്നത് കാണാം..
കളി കഴിഞ്ഞ് ഞങ്ങൾ റയിൽ പാളം കാണാൻ കയറി കുത്തനെയുള്ള കയറ്റമാണ്.. പരസ്പരം കൂട്ടിമുട്ടാതെ സമാന്തരമായി ഇഴയുന്ന പെരുമ്പാമ്പു പോലെ നീണ്ടുനിവർന്ന് നോക്കെത്താദൂരം കിടക്കുന്ന ഇരുമ്പുപാളങ്ങൾ.. അവ മെറ്റൽ കൂനകളിൽ പതിഞ്ഞു കിടക്കുന്ന തടിക്കക്ഷണങ്ങളിൽ ഉറപ്പിച്ചിരിക്കുന്നു..എവിടെ വച്ചാവും ഇവ കൂട്ടി ചേരുക വെറുതെ ചിന്തിച്ചു. മനുഷ്യ ജീവിതവും ഇങ്ങിനാ…. കൂട്ടിമുട്ടാതെ എന്നാൽ ഒരേ ദിശയിലേയ്ക്ക് ഇങ്ങനെ നീണ്ടു പോകുന്നു… ഇരുമ്പു ചക്രങ്ങളിൽ അനുസ്യുതം ചലിക്കുന്ന ഉരുക്കു കൂടാരമാണ് ട്രയിൻ . ആ കൂടാരത്തിലെ താല്കാലിക അന്തേവാസികൾ മനുഷ്യർ.. ചിലർ ചാരിയിരുന്ന് സ്വപ്നങ്ങൾ കാണും. ചിലർ പത്രങ്ങൾ വായിക്കും, ഇനിയും ചിലർ മുച്ചീട്ടു കളിയ്ക്കും..വേറൊരു കൂട്ടർ ജീവിതമെന്ന കയങ്ങളിലകപ്പെട്ടു കൈകാലിട്ടടിയ്ക്കും…
പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക