മസ്കറ്റ് : ഒമാൻ തീരത്ത് അപകടത്തിൽപെട്ട എണ്ണക്കപ്പലിൽ നിന്നും ഒമ്പതു പേരെ രക്ഷിച്ചു.. എട്ട് ഇന്ത്യക്കാരെയും ഒരു ശ്രീലങ്കക്കാരനെയുമാണ് രക്ഷിച്ചത്.. ഇന്ത്യൻ നാവിക സേനയുടെ സഹകരണത്തോടെ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഒമ്പത് പേരെ രക്ഷിക്കാനായത്.
അൽ ൽവുസ്ത ഗവർണറേറ്റിലെ ദുകം തീരത്താണ് എണ്ണക്കപ്പൽ അപകടത്തിൽ പെട്ടത്.. ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് തേജും പി-81 വിമാനം എന്നിവ ചേർന്ന് നടത്തിയ രക്ഷാ ദൗത്യത്തിലാണ് ഇവരെ രക്ഷിക്കാനായത്.. 13 ഇന്ത്യക്കാരടക്കം 16 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ദുകം വിലായത്തിലെ റാസ് മദ്രാക്കയിൽ നിന്ന് 25 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായാണ് എണ്ണക്കപ്പൽ മറിഞ്ഞതെന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെൻറർ വ്യക്തമാക്കി.. അപകടത്തിൽ കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതായി കരുതുന്നില്ലെന്നും ചോർച്ച റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഒമാൻ പരിസ്ഥിതി മന്ത്രാലയവും അറിയിച്ചു.. കൊമോറോസ് പതാക വഹിക്കുന്ന പ്രസ്റ്റീജ് ഫാൽക്കൻ എന്ന എണ്ണക്കപ്പലാണ് അപകടത്തിൽപെട്ടത്.