മസ്കറ്റ് : മസ്‌കറ്റിലെ വാദി കബീറിൽ ഉണ്ടായ വെടിവെയിപ്പിൽ പോലീസ് ഉദ്യോഗസ്ഥനടക്കം ഒമ്പതു പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു ഇന്ത്യക്കാരനും ഉൾപ്പെടുന്നു. ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ വിവിധ രാജ്യക്കാരായ 28 പേർക്ക് പരിക്കേറ്റു.. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയെന്നും തെളിവുകൾ ശേഖരിച്ചു വരികയാണെന്നും ഒമാൻ പോലീസ് അറിയിച്ചു.വാദി കബീർ പ്രദേശത്ത് ഒരു പള്ളിക്ക് സമീപമാണ് വെടിവെയ്പ് ഉണ്ടായത്.. അഞ്ചു സാധാരണക്കാരും ഒരു പോലീസ് ഉദ്യോഗസ്ഥനും മൂന്ന് അക്രമികളുമാണ് മരിച്ചതെന്ന് ഒമാൻ പോലീസ് സമൂഹ മാധ്യമമായ എക്സിൽ വ്യക്തമാക്കി… ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവം. പരിക്കേറ്റ 28 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. ഇതിൽ നാലു പേർ പോലീസ് – സിവിൽ ഡിഫൻസ്- ആബുലൻസ് അതോരിറ്റി ഉദ്യോഗസ്ഥരാണ്.. ആശുപത്രിയിലുള്ള പാകിസ്താൻ സ്വദേശികൾ സുഖം പ്രാപിച്ചു വരികയാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഒമാനിലെ പാകിസ്താന്‍ സ്ഥാനപതി ഇമ്രാന്‍ അലി അറിയിച്ചു. മരിച്ചവരിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെട്ടിട്ടുണ്ടെന്നും മറ്റൊരു ഇന്ത്യൻ പൗരന് പറിക്കുണ്ടെന്നും ഒമാനിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു.
പ്രദേശത്തെ സ്ഥിതിഗതികള്‍ പൂർണ നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടാനില്ലെന്നിം ഒമാൻ പോലീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങളോട് പോലീസ് അനുശോചനം രേഖപ്പെടുത്തി.. ചികിത്സയിലുള്ളവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും പോലീസ് ആശംസിച്ചു. വെടിവെപ്പിന് പിന്നില്‍ ആരാണെന്നും സംഭവത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്താണെന്നും വ്യക്തമാക്കിയിട്ടില്ല..