മസ്കറ്റ്
ഒമാനിലെ വിസ പുതുക്കാൻ ഇനി എക്സ്റേ എടുക്കേണ്ട. രാജ്യത്ത് പ്രവാസികളുടെ വിസ മെഡിക്കൽ നടപടിയിൽ സമഗ്രമാറ്റം. വിസ മെഡിക്കൽ സേവനങ്ങൾക്കായി ആരോഗ്യ മന്ത്രാലയം പുതിയ മെഡിക്കല്‍ ഫിറ്റ്നസ് എക്സാമിനേഷന് സര്‍വിസ് സംവിധാനം അവതരിപ്പിച്ചു. സംവിധാനം വിസ മെഡിക്കൽ നടപടികൾ കൂടുതൽ സുതാര്യവും സമഗ്രവും ആക്കാൻ സഹായകരമാകും. ഒമാന്‍ കണ്വെന്ഷന് ആൻഡ് എക്സിബിഷന് സെന്ററില്‍ നടക്കുന്ന കോമെക്സ് ഗ്ലോബല്‍ ടെക്നോളജി പ്രദര്‍ശനത്തില്‍ ആരോഗ്യമന്ത്രി ഹിലാല്‍ ബിന്‍ അലി അല്‍ സാബ്തിയാണ് പുതിയ സംവിധാനം അവതരിപ്പിച്ച്ത്. പ്രവാസികളുടെ മെഡിക്കല്‍ ഫിറ്റ്നസ് പരിശോധനക്ക് നേരിട്ടോ സനദ് സർവീസ് സെന്ററുകൾ വഴിയോ രെജിസ്റ്റർ ചെയ്യാനാവും എന്നതാണ് പ്രധാന പ്രത്യേകത. വഫിദ് പ്ലാറ്റ്ഫോം വഴി രേഖകളുടെ കൃത്യത ഉറപ്പാക്കാനും സാധിക്കും. തുടർന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ വെബ്സൈറ്റ് വഴി വിസ നടപടികളും പൂര്‍ത്തിയാക്കാന്‍ കഴിയും. ഇതുമൂലം മികച്ച സേവനവും സമയലാഭവും ലഭിക്കും. ഉദ്യോഗസ്ഥർക്ക് ജോലി ഭാരവും കുറയും. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തടയുന്നതിനും സേവനം ഗുണം ചെയ്യുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതീക്ഷ. നിലവിൽ മെഡിക്കല്‍ എടുക്കുന്നയാളുടെ ഫോട്ടോ, ഫിംഗര്‍ പ്രിന്റ് എന്നിവ സർക്കാർ അംഗീകൃത വിസ മെഡിക്കല്‍ സ്ഥാപനങ്ങളുടെ സ്വന്തമായുള്ള സോഫ്റ്റ്വെയറുകള് ഉപയോഗിച്ചായിരുന്നു അപ്ലോഡ് ചെയ്തിരുന്നത്. എന്നാൽ, പുതിയ സംവിധാനം വഴി ഇനി ആരോഗ്യ മന്ത്രാലയത്തില്‍ നേരിട്ടു തന്നെ അപ്ലോഡ് ചെയ്യാം. വിസ മെഡിക്കലിന് ഇനി എക്സ്റേ എടുക്കേണ്ടതില്ല എന്നതും പുതിയ രീതിയുടെ പ്രത്യേകതയാണ്. എക്സറേക്ക് പകരം രക്തപരിശോധന വിഭാഗത്തില്‍പെടുന്ന ഇക്റ എന്ന പരിശോധനയാണ് നടത്തേണ്ടത്.