മസ്കറ്റ് : വാഹനമോടിക്കുമ്പോൾ ഒരുതരത്തിലുമുള്ള മൊബൈൽ ഫോൺ ഉപയോഗവും അനുവദിക്കില്ലെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി . ഫോണിൽ സംസാരിക്കുന്നത് മാത്രമല്ല ജിപിഎസ് ആപ്ലിക്കേഷനും മാപ്പുകൾ ഉപയോഗി ക്കുന്നതുൾപ്പെടെ ഏതൊരു ഉപയോഗവും നിയമലംഘനമായി കണക്കാക്കും.റോയൽ ഒമാൻ പോലീസ് വക്താവ് ഒമാനിലെ ദേശീയ മാധ്യമത്തിനോട് സംസാരിക്കവെയാണ് എല്ലാ തരത്തിലുമുള്ള മൊബൈൽ ഫോൺ ഉപയോഗവും നിയമവിരുദ്ധം ആണെന്ന് വ്യക്തമാക്കിയത്. പോകേണ്ട സ്ഥലം കണ്ടെത്താൻ നിരവധി ആളുകളാണ് വാഹനം ഓടിക്കുമ്പോൾ ജി പി എസ് നാവിഗേഷൻ ആപ്പുകളും മാപ്പുകളും ഉപയോഗിക്കുന്നത്. ഇത് നിയമവിരുദ്ധവും ശിക്ഷാർഹവും ആണ്. വഴിയിൽ സംശയം വന്നാൽ വാഹനം ഒതുക്കി നിർത്തി പോകേണ്ട വഴികൾ ജിപിഎസ് മാപ്പുകളിൽ നോക്കി ഉറപ്പിച്ച ശേഷം യാത്ര തുടരുകയാണ് വേണ്ടത് . വാഹനമോടിക്കുമ്പോൾ ഒരു തരത്തിലും ശ്രദ്ധ തിരിക്കരുത് എന്നതാണ് പൊതുവായ നിർദ്ദേശം. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് എപ്പോഴും ഒഴിവാക്കണമെന്നും റോയൽ ഒമാൻ പോലീസ് വക്താവ് വ്യക്തമാക്കി. വാഹനം ഓടിക്കുമ്പോൾ ഹാൻഡ്‌സ് ഫ്രീ ഉപയോഗിക്കാമോ എന്ന ചോദ്യത്തിന് വാഹനമോടിക്കൊണ്ടിരിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത് എന്നതാണ് ലളിതമായ ഉത്തരം. ഏന്നും അദ്ദേഹം പറഞ്ഞു.
വാഹനമോടിക്കുന്നവർ ടെക്‌സ്‌റ്റ് ചെയ്യുകയോ ഓൺലൈനിൽ ബ്രൗസ് ചെയ്യുകയോ ഡ്രൈവിംഗ് സമയത്ത് വീഡിയോകൾ കാണുകയോ ചെയ്യരുത്. ഇത്തരം പ്രവണതകൾ വളരെ അപകടകരമാണ്. യാത്ര പുറപ്പെടുന്നതിനു മുമ്പ് നാവിഗേഷൻ ആപ്പുകളിൽ നോക്കി പോകേണ്ട റൂട്ട് മനസ്സിലാക്കി വയ്ക്കുക. ഡ്രൈവ് ചെയ്യുമ്പോൾ മാപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കരുത് . വാഹനമോടിക്കുമ്പോൾ കോളുകൾക്ക് എടുക്കകയോ ഫോണിൽ സംസാരിക്കുകയോ അരുത്. വാഹനമോടിക്കുമ്പോൾ ഫോട്ടോകളോ വീഡിയോകളോ എടുക്കുകയും ചെയ്യരുതെന്നും ഈ മേഖലയിലെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിച്ചാൽ 15 ഒമാനി റിയാൽ പിഴയും രണ്ട് ബ്ലാക്ക് പോയിൻ്റും ശിക്ഷയായി ലഭിക്കും.ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള സ്മാർട്ട് റഡാറുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗത്തിലുണ്ടെന്ന് റോയൽ ഒമാൻ പോലീസ് അടുത്തിടെ സ്ഥിരീകരി ച്ചിരുന്നു. . ഈ റഡാറുകൾക്ക് മൊബൈൽ ഫോണുകളുടെ ഉപയോഗം, സീറ്റ് ബെൽറ്റ് ഇടാതിരിക്കൽ , റോഡ് സിഗ്നലിന് മുമ്പായി ലെയ്ൻ മാറൽ എന്നിവ കണ്ടെത്താനാകും.