മസ്കറ്റ്, ഒമാൻ

ഒമാനിലെ ഇന്ത്യൻ സ്കൂൾ മസ്കറ്റിൽ  (ഐ എസ് എം) രക്ഷിതാക്കളുടെ ഓപ്പൺ ഫോറം നടന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി മുടങ്ങി കിടന്നിരുന്ന സ്കൂൾ ഓപ്പൺ ഫോറം രക്ഷിതാക്കൾ അടുത്തിടെ നടത്തിയ വിവിധ പ്രതിഷേധങ്ങളെ തുടർന്നാണ് വീണ്ടും വിളിച്ചത്.

ഓപ്പൺ ഫോറത്തിൽ പങ്കെടുത്ത രക്ഷിതാക്കൾ സ്കൂൾ നേരിടുന്ന നിരവധി അക്കാഡമിക് , അക്കാഡമിക് ഇതര വിഷയങ്ങൾ ഉന്നയിച്ചു. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങൾ , സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ മറ്റു സ്കൂൾ അധികാരികൾ എന്നിവർ ഓപ്പൺ ഫോറത്തിൽ പങ്കെടുത്തുകൊണ്ട് രക്ഷിതാക്കളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു.

സ്കൂളിൽ  തുടർച്ചയായി  ഉണ്ടാകുന്ന ഫീസ് വർദ്ധനവ് നിയന്ത്രിക്കണമെന്ന് രക്ഷിതാക്കൾ  ആവശ്യപ്പെട്ടു. രക്ഷിതാക്കളുടെ ആവശ്യം അംഗീകരിച്ച സ്കൂൾ മാനേജ്‌മന്റ് ഈ അധ്യയനവർഷം ഫീസ് വർദ്ധനവ് ഉണ്ടാകില്ലെന്ന് ഓപ്പൺ ഫോറത്തെ ഔദ്യോഗികമായി അറിയിച്ചു.

വിദ്യാർത്ഥികളിൽ നിന്നും ഇൻഫ്രാസ്ട്രക്ച്ചർ ഫീസ് എന്ന പേരിൽ തുക ഈടാക്കുന്ന വിഷയവും  രക്ഷിതാക്കൾ ഉന്നയിച്ചു.  സ്കൂൾ ഫീസിനൊപ്പം അധികമായി വാങ്ങുന്ന ഇത്തരം  ഫീസുകൾ സാമ്പത്തിക പ്രതിസന്ധികളിൽ പെട്ടുഴലുന്ന  രക്ഷിതാക്കൾക്ക് ഇരട്ടി ബാദ്ധ്യതയായാണ് ഉണ്ടാക്കുന്നത്. ഇക്കാര്യം ഡയറക്ടർ ബോർഡ് ഉടൻ  തന്നെ ചർച്ച ചെയ്യുമെന്നും അടിയന്തിര തീരുമാനം കൈക്കൊണ്ട് രക്ഷിതാക്കളെ അറിയിക്കുമെന്നും  സ്കൂൾ മാനേജ്‌മന്റ് അറിയിച്ചു.

സ്‌കൂൾ ബൈലോയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തണമെന്നുള്ള  ദീർഘനാളായി രക്ഷിതാക്കളുടെ ഇടയിൽ നിലനിൽക്കുന്ന ആവശ്യം ഓപ്പൺ ഫോറത്തിൽ ഉന്നയിക്കപ്പെട്ടു. ഇന്ത്യൻ സ്കൂൾ ബൈലോയിൽ ഭേദഗതി വരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി ഒരു സമിതിയെ വെച്ചിട്ടുണ്ടെന്നും  പ്രസ്തുത സമിതിയോട്  രക്ഷിതാക്കളുടെയടക്കം നിർദ്ദേശങ്ങൾ സ്വീകരിച്ച്  അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡയറക്ടർ ബോർഡ് പ്രതിനിധികൾ അറിയിച്ചു. സമിതിയുടെ നിർദ്ദേശങ്ങൾ പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തുടർ നടപ്പാടികൾ ഉണ്ടാകുമെന്നും ബോർഡ് രക്ഷിതാക്കളെ അറിയിച്ചു.

ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ ക്രമവിരുദ്ധമായി നടന്ന ഇൻഷുറൻസ് വിഷയവും, സ്‌കൂളിൽ അടുത്തിടെ നടന്ന ടെൻഡർ നടപടിക്രമങ്ങളുമായി ബന്ധപെട്ട് രക്ഷിതാക്കളുടെ ഇടയിൽ നിലനിൽക്കുന്ന സംശയങ്ങളും  പരാതികളും ഓപ്പൺ ഫോറത്തിൽ ഉന്നയിക്കപ്പെട്ടു. ഇക്കാര്യങ്ങളിൽ വിവിധ തലത്തിൽ അന്വേഷണം നടന്നിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ടുകളിന്മേൽ സത്വര നടപടികൾ ഉണ്ടാകുമെന്നും ബോർഡ് പ്രതിനിധികൾ മറുപടിയായി പറഞ്ഞു.

ഇന്ത്യൻ സ്കൂൾ മസ്‌കറ്റിലെ  സേഫ് ട്രാൻസ്‌പോർട് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും, സ്കൂൾ നിലവിൽ നേരിടുന്ന അപര്യാപ്തമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉൾപ്പെടെ പരിഹരിക്കുന്നതിനുള്ള  അടിയന്തിര  നടപടികൾ സ്വീകരിക്കുമെന്നും സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റിയും ഡയറക്ടർ ബോർഡും രക്ഷിതാക്കൾക്ക് ഉറപ്പു നൽകി.

ഓപ്പൺ ഫോറത്തിന് ശേഷം മാധ്യമങ്ങളെ കണ്ട രക്ഷിതാക്കളുടെ സംഘം , സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റിയും സ്കൂൾ ഡയറക്ടർ ബോർഡും നൽകിയ ഉറപ്പുകളിൽ സംതൃപ്തി രേഖപ്പെടുത്തി. എന്നാൽ ഉറപ്പുകൾ കൃത്യമായി പാലിക്കപ്പെടണമെന്നും ഇന്ത്യൻ സ്കൂൾ മസ്കറ്റിന്റെ അക്കാഡമികവും, അക്കാഡമിക് ഇതരവുമായ  നിലവാരം സംരക്ഷിക്കുന്നതിൽ തങ്ങൾ ജാഗരൂപനായി ഇടപെടുമെന്നും രക്ഷിതാക്കളുടെ സംഘത്തിന് നേതൃത്വം നൽകിയ കെ വി വിജയൻ, സുഗതൻ, ശ്രീകുമാർ, മിഥുൻ മോഹൻ, വരുൺ ഹരിപ്രസാദ് എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *