മസ്കറ്റ് ||
ഒമാന്റെ തലസ്ഥാന മേഖലയിലെ ഇന്ത്യൻ സ്കൂളുകളിൽ 2024-2025 അധ്യയന വർഷത്തേക്ക് കെജി ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് വേണ്ടിയുള്ള ഓൺലൈൻ രജിസ്ട്രേഷനാണ് 2024 ജനുവരി 21 മുതൽ ആരംഭിക്കുന്നത്. ഇന്ത്യൻ സ്കൂൾ ബൗഷർ, ഇന്ത്യൻ സ്കൂൾ മസ്കറ്റ്, ഇന്ത്യൻ സ്കൂൾ ഡാർസൈറ്റ്, ഇന്ത്യൻ സ്കൂൾ അൽ വാദി അൽ കബീർ, ഇന്ത്യൻ സ്കൂൾ അൽ ഗുബ്ര, ഇന്ത്യൻ സ്കൂൾ അൽ സീബ്, ഇന്ത്യൻ സ്കൂൾ അൽ മബേല എന്നിങ്ങനെ തലസ്ഥാന പ്രദേശത്തെ ഏഴ് ഇന്ത്യൻ സ്കൂളുകൾക്ക് പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ബാധകമാണ്. ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അവതരിപ്പിച്ച ഓൺലൈൻ രജിസ്ട്രേഷനോടുകൂടിയ കേന്ദ്രീകൃത പ്രവേശന സംവിധാനം മുഴുവൻ പ്രവേശന പ്രക്രിയയും സുഗമമാക്കിയതായും , ഇത് രക്ഷിതാക്കൾക്കും സ്കൂളുകൾക്കും പ്രവേശനത്തിനായുളള തിരക്ക് ശ്രദ്ധിക്കാൻ സൗകര്യപ്രദമാക്കുന്നുവെന്നും ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം പറഞ്ഞു. സാധുവായ റസിഡന്റ് വിസയുള്ള ഇന്ത്യൻ പൗരത്വമുള്ള കുട്ടികൾക്ക് സ്കൂളുകളിൽ പ്രവേശനം ലഭ്യമാണ്. ഏപ്രിൽ ഒന്നിന് മൂന്ന് വർഷം പൂർത്തിയാക്കിയ കുട്ടികൾക്ക് കിന്റർഗാർട്ടൻ പ്രവേശനത്തിന് അർഹതയുണ്ട്.ഇന്ത്യൻ സ്കൂൾ മസ്കറ്റ് പരിസരത്ത് സ്ഥിതി ചെയ്യുന്ന കെയർ ആൻഡ് സ്പെഷ്യൽ എജ്യുക്കേഷനിൽ (സിഎസ്ഇ) പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കുള്ള പ്രവേശനവും ലഭ്യമാണ്. പ്രവേശനത്തിനായി രക്ഷിതാക്കൾക്ക് നേരിട്ട് സിഎസ്ഇ അഡ്മിനിസ്ട്രേഷനെ സമീപിക്കാം (www.cseoman.com). പ്രവേശന നടപടികൾ പൂർണമായും ഓൺലൈൻ ആക്കിയതിനാൽ, അഡ്മിഷൻ പ്രോസസ്സിംഗ് ഫീസ് അടയ്ക്കുന്നതിന് രക്ഷിതാക്കൾ സ്കൂളുകൾ സന്ദർശിക്കേണ്ടതില്ല.ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി 2024 ഫെബ്രുവരി 24 ആണ്. പ്രവേശന പ്രക്രിയയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ www.indianschoolsoman.com ൽ ലഭ്യമാണ്.