മസ്കറ്റ് :
ഒമാന്റെ വികസനക്കുതിപ്പിന് കരുത്ത് പകരുന്നതാണ് പ്രിയ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അംഗീകാരം നല്കിയ 2024 വാര്‍ഷിക ബജറ്റെന്ന് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും ബദര്‍ അല്‍ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍ എം ഡിയുമായ അബ്ദുല്‍ ലത്വീഫ് ഉപ്പള അഭിപ്രായപ്പെട്ടു. വ്യത്യസ്ത മേഖലകളില്‍ സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ സാധ്യമാക്കുന്ന മുന്നേറ്റങ്ങളില്‍ പൗരന്മാരെയും പങ്കാളികളാക്കുന്നതിനും സംരംഭകരെയും നിക്ഷേപകരെയും ആകര്‍ഷിക്കുന്നതിനും വ്യത്യസ്ത പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സമ്പദ്ഘടനക്കും വിഷൻ 2040 നു അനുസൃതമായ പുരോഗതി കൈവരിക്കുന്നതിനും, അതിവേഗ വളര്‍ച്ച നേടാനും ഇത് സഹായിക്കും. ഇതുവഴി നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും സ്വദേശികള്‍ ഇതിന്റെ ഗുണഭോക്താക്കളാവുകയും ചെയ്യുമെന്നും അബ്ദുൽ ലത്വീഫ് പറഞ്ഞു.
ബിസിനസ്സ് അന്തരീക്ഷം മെച്ചപ്പെടുത്താനും സാമ്പത്തിക വികസനത്തില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വ്യാപകമാക്കാനും ബജറ്റ് മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ പ്രതീക്ഷ നൽകുന്നതാണ്.
പൗരന്മാര്ക്കുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷയുടെയും സാമൂഹിക സുരക്ഷയുടെയും തോത് മെച്ചപ്പെടുത്തുന്നത് അഭിനന്ദനാർഹമാണ്.
വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം പോലുള്ള അടിസ്ഥാന സേവനങ്ങളില്‍ ചെലവഴിക്കുന്നതിന്റെ തോത് നിലനിര്ത്തിമെന്നും ബജറ്റ് പ്രഖ്യാപിക്കുന്നു.
പത്താം പഞ്ചവത്സര പദ്ധതിക്കുള്ള നീക്കിവെപ്പ് എട്ട് ബില്യന്‍ റിയാലായി വര്‍ധിപ്പിച്ചത് ശ്രദ്ധേയമാണ്. ഒമാന്റെ കുതിപ്പിന് വേഗം കൂട്ടാൻ ബജറ്റ് സഹായിക്കുമെന്നും അബ്ദുൽ ലത്വീഫ് ഉപ്പള കൂട്ടിച്ചേർത്തു.