മസ്കറ്റ് : പൂർണമായും ഒമാനിൽ ചിത്രീകരിച്ച ‘രാസ്ത’ മലയാള ചിത്രം ആഗോളതലത്തിൽ ജനുവരി അഞ്ചിന് പ്രേക്ഷകരുടെ മുന്നിലേക്കെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. കേരളത്തിന്റെ പത്തിരട്ടി വലിപ്പമുള്ള റുബൂഉൽ ഖാലി മരുഭൂമിയിൽ 2011ലുണ്ടായ ഒരു യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അമ്മയെ തേടി ഗൾഫിലേക്ക് പോകുന്ന ഒരു പെൺകുട്ടിയുടെ അതിജീവനവും മറ്റുമാണ് കഥയുടെ ഇതിവൃത്തം. നിരവധി ഒമാനി കലാകാരൻമാരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ, ഒമാനിലെ ഷൂട്ടിങ് അനുഭവങ്ങളും മറ്റും സംവിധായകൻ അനീഷ് അൻവർ, നടൻ സർജാനോ ഖാലിദ് തുടങ്ങി അണിയറപ്രവർത്തകർ പങ്കുവെച്ചു. ഒമാന്‍റെ സൗന്ദര്യവും മറ്റും ചിത്രത്തിൽ പകർത്തിയിട്ടുണ്ടെന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഫൈസൽ അബ്ദുല്ല അൽ റവാസ് പറഞ്ഞു. ഈസിനിമ ഒമാൻ വിനോദ വ്യവസായത്തിന് ഉത്തേജനം നൽകുമെന്നും കൂടുതൽ സിനിമാ നിർമ്മാതാക്കൾക്ക് ഒമാനിലേക്ക് വരാനും ഇവിടെ സിനിമകൾ ചിത്രീകരിക്കാനും പ്രചോദനമാകുമെന്നും ഒമാൻ ഫിലിം സൊസൈറ്റി ചെയർമാൻ ഹുമൈദ് അൽ അമ്രി പറഞ്ഞു. ഒമാനിലെ വിനോദസഞ്ചാര വ്യവസായത്തിന്റെ പ്രോത്സാഹനത്തിന് സംഭാവന നൽകേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന നസിലാക്കുന്നുവെന്നും ഈ ദിശയിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ഈ സിനിമയെന്നും എ.എൽ.യു എന്റർടൈൻമെന്റ്‌സിന്റെ ഉടമയും ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ബോർഡ് അംഗവും ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് മാനേജിങ് ഡയറക്ടറുമായ അബ്ദുൾ ലത്തീഫ് ഉപ്പള പറഞ്ഞു.അലു എന്റർടൈൻമെൻസിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമിച്ച ചിത്രം അനീഷ് അൻവർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സർജ്ജനോ ഖാലിദ് ,അനഘ നാരായണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രത്തിന്റെ കഥയും,തിരക്കഥയും സംഭാഷണവും എഴുതിയത് നവാഗതരായ ഷാഹുൽ, ഫായിസ് മടക്കര എന്നിവർ ചേർന്നാണ്. ബിദിയയിലെ വുഹൈത സാൻഡിലും മസ്സ്കത്തിലും ആയാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *