മസ്കറ്റ്||
കോവിഡ് കാലത്തു ഒമാനിൽ മരണപ്പെട്ട ഏക മകന്റെ ഖബറ് സന്ദർശ്ശിക്കാനുള്ള മാതാവിന്റെ ആഗ്രഹത്തിന് സാക്ഷാത്കാരം നൽകിയിരിക്കുകയാണ് ഒമാനിലെ കെഎംസിസി പ്രവർത്തകർ. മസ്കറ്റ് കെഎംസിസി റൂവി ഏരിയാ കമ്മറ്റിയാണ് കണ്ണൂർ കരുവഞ്ചാൽ സ്വദേശി റഷീദ് അന്ത്യ വിശ്രമം കൊള്ളുന്ന മക്ബറയുടെ ചാരെത്തെത്താനുള്ള മാതാവ് ആമിനയുടെ ആഗ്രഹത്തിന് ചിറകു വിരിച്ചത്. രണ്ടായിരത്തി ഇരുപത്തി ഒന്നിലാണ് കണ്ണൂർ കരുവഞ്ചാൽ സ്വദേശി റഷീദ് കോവിഡ് ബാധിച്ചു ഒമാനിൽ മരണമടയുന്നത്. 2021 മാർച്ച് മാസം കോവിഡ് മൂർച്ചിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട റഷീദിന്റെ ചികിത്സാ സമയത്തും, ഒടുവിൽ മരണത്തിന് കീഴടങ്ങിയപ്പോൾ അന്ത്യകർമ്മങ്ങളും ഏറ്റെടുത്തത് മസ്കത്ത് കെഎംസിസി റുവി ഏരിയാ കമ്മറ്റി ആയിരുന്നു. കോവിഡ് ബാധിച്ചു മരണപ്പെട്ട മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ യാതൊരു മാർഗവും ഇല്ലാതെ വന്നപ്പോൾ ബന്ധുക്കളുടെ അപേക്ഷ പ്രകാരം മൃതദേഹം ഒമാനിലെ മബേല ഖബർ സ്ഥാനത് മറവു ചെയ്തു. ഏക മകനായ റഷീദിന്റെ വിയോഗത്തോടെ സങ്കടക്കടലിലായ മാതാവ് മകന്റെ ഖബറിടം കാണണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ വളരെ സന്തോഷത്തോടു കൂടെ അത് ഏറ്റെടുക്കുകയായിരുന്നു റൂവിയിലെ കെ.എം.സി.സി പ്രവർത്തകർ. അങ്ങനെ ആമിന ഉമ്മാ മസ്കറ്റിലെത്തി. മബേല ഖബറിടത്തിൽ മകന്റെ ഖബർ കൺ കുളിർക്കെ കണ്ടു.മകന് വേണ്ടി അല്ലാഹുവിനോട് മനസ്സ് നിറഞ്ഞു ദുആ ചെയ്തു.