ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ സേവനങ്ങൾ മഹത്തരം : ഡോക്ടർ സൈനബ് അൽ ബലൂഷി
മസ്കറ്റ് ||
വർഷങ്ങളോളമായി ഇന്ത്യൻ കമ്യൂണിറ്റി ഒമാനി സൊസൈറ്റിയുടെ ഭാഗമായി നിന്നുകൊണ്ട് ചെയ്യുന്ന സേവനങ്ങൾ മഹത്തരമാണെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് ക്ലിനിക്കൽ അഫയേർസ് ഡോക്ടർ സൈനബ് അൽ ബലൂഷി പറഞ്ഞു. മബേല ഇന്ത്യൻ സ്കൂൾ പതിമൂന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ മെഗാ രക്ത ദാന ക്യാംപിൽ മുഖ്യ അതിഥിയായി സംസാരിക്കുകയായിരുന്നു ഡോക്ടർ സൈനബ് . വെള്ളിയും ശനിയും ആയി നടക്കുന്ന രക്തദാന ക്യാംപിൽ ആയിരത്തിലധികം ആളുകളാണ് ഇതിനോടകം രെജിസ്റ്റർ ചെയ്തിരിക്കുന്നത്.
സീബ് വിലായത്തിലെ മബേലയിലും പരിസര പ്രദേശങ്ങളിലും അധിവസിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി യുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സ്ഥാപിതമായ ഇന്ത്യൻ സ്കൂൾ അൽ മബേല വിജയകരമായ പതിമൂന്നാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ആഘോഷ പരിപാടിയുടെ ഭാഗമായാണ് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. നവംബർ മൂന്നു നാല് തീയതികളിലായി സ്കൂളിന്റെ മൾട്ടി പർപ്പസ് ഹാളിൽ നടക്കുന്ന രക്തദാന ക്യാമ്പിന്റെ ആദ്യദിനമായ വെള്ളിയാഴ്ച അധ്യാപകരും രക്ഷിതാക്കളും അടക്കം ഇരുന്നൂറ്റി അൻപതിലധികം പേര് രക്തം ദാനം ചെയ്തു. വിവിധ കാരണങ്ങളാൽ രജിസ്റ്റർ ചെയ്ത പലർക്കും വെള്ളിയാഴ്ച രക്തം ദാനം ചെയ്യാൻ ആയില്ല . ശനിയാഴ്ച സമാപിക്കുന്ന ക്യാംപിലേക്കുള്ള രെജിസ്ട്രേഷൻ ഇതിനകം ആയിരം കവിഞ്ഞിരുന്നു. രജിസ്റ്റർ ചെയ്യാത്തവർക്ക് സ്പോട്ട് രെജിസ്ട്രേഷൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ സീനിയർ കൺസൾട്ടന്റും,ആദ്യ ഒമാനി പീഡിയാട്രിക് സർജനും യൂണിവേഴ്സിറ്റിയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് ക്ലിനിക്കൽ അഫയേർസ് ഉം ആയ ഡോക്ടർ സൈനബ് അൽ ബലൂഷി മുഖ്യ അതിഥിയായിരുന്നു.
വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ടു വർഷങ്ങളിലും സ്കൂൾ രക്ത ദാന ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. ഇന്ത്യൻ സ്കൂൾ മബേല കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇടപെടൽ നടത്തുന്നതിന്റെ ഭാഗമായാണ് ഈ വർഷത്തെ ക്യാമ്പ് കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് രണ്ടുദിവസങ്ങളിൽ വിപുലമായി നടത്താൻ തീരുമാനിച്ചത് .
മബേല ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ പി പ്രഭാകരൻ, സ്കൂൾ മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളായ മുത്തു കൃഷ്ണൻ,വിജയ് വേലായുധൻ, മുഹമ്മ്ദ് റഫീഖ് , സൈദ് നജീബ്, വികാസ് റാവു നായിഡു തുടങ്ങിയവർ സന്നിഹിതരായിരുന്നു. നാളെ നടക്കുന്ന സമാപന സമ്മേളനത്തിൽ ഇരുന്നൂറ്റി മുപ്പതു തവണ രക്തം ദാനം ചെയ്തുകൊണ്ട് ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത റെക്കോർഡ് സ്വന്തമാക്കിയ ഒമാനി പൗരൻ ഖാലിദ് മുഹമ്മ്ദ് അഹമ്മദ് അൽ ജാബ്രി മുഖ്യ അതിഥി ആയി പങ്കെടുക്കും.