മസ്കറ്റ് :സലാലയിൽ ഇനി വസന്ത കാലം. മൂടൽമഞ്ഞ് മായുകയും , സൂര്യൻ തിളങ്ങി പ്രകാശിക്കുകയും പൂക്കൾ വിരിയുകയും ചെയ്യുന്ന കാലം. അൽ സെർബ് എന്നറിയപ്പെടുന്ന സഞ്ചാരികൾക്കേറെ പ്രിയപ്പെട്ട വസന്തകാലം ആരംഭിച്ചു. സെപ്റ്റംബർ 21 മുതൽ, ഡിസംബർ 21 വരെ മൂന്നുമാസക്കാലം നീണ്ടുനിൽക്കുന്ന ആകർഷകമായ സെർബ് അല്ലെങ്കിൽ വസന്തകാലം അറബ് ലോകത്തെ ഈ അത്ഭുത ഭൂമികയെ പ്രകൃതിദൃശ്യങ്ങൾ കൊണ്ട് അലങ്കരിക്കും. തെളിഞ്ഞ സൂര്യനും, മിതമായ കാലാവസ്ഥ യും , കുറഞ്ഞ അന്തരീക്ഷ ഈർപ്പവുമാണ് അൽ സർബിലെ അന്തരീക്ഷത്തിന്റെ സവിശേഷത. ഖരീഫ് പെയ്തൊഴിഞ്ഞ മലനിരകളിൽ പൂക്കൾ വിരിയും. മഴക്കാലം അവസാനിച്ചതിന് പുറകെ വന്നെത്തുന്ന വസന്തകാലവും സഞ്ചാരികളെ ആകർഷിക്കാൻ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്യുകയാണ് ഒമാനിലെ ടുറിസം മന്ത്രാലയം. ഖരീഫ് സീസണിന് ശേഷവും സലാലയെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കി നിലനിർത്താനാണ് മന്ത്രാലയത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ദിവസങ്ങൾക്ക് മുമ്പ് ടൂർ ഓഫ് സലാല സൈക്ലിങ് മത്സരങ്ങൾ നടന്നിരുന്നു. ഒമാൻ സൈക്ലിങ് അസോസിയേഷന്റെ സഹകരണത്തോടെ ദോഫാർ മുനിസിപ്പാലിറ്റിയാണ് പരിപാടികൾ സംഘടിപ്പിച്ചത്. വിനോദ സഞ്ചാരം സജീവമാക്കാൻ ചാർട്ടർ ഫെലൈറ്റുകൾ വഴി സഞ്ചാരികളെ എത്തിക്കാനും പദ്ധതിയുണ്ട്.