2023 സെപ്തംബർ 9, 10 തീയതികളിൽ ഇന്ത്യയിൽ വച്ച നടക്കുന്ന ജി-20 ഉച്ചകോടിയിൽ അതിഥി രാഷ്ട്രമായി ഒമാൻ പങ്കെടുക്കും. ന്യൂഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിലേക്കാണ് ഒമാൻ, യു എ ഇ, ഈജിപ്ത്, മൗറീഷ്യസ്, നെതർലൻഡ്, നൈജീരിയ സിംഗപ്പൂർ, സ്‌പെയിനിൽ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെയും ക്ഷണിച്ചിരിക്കുന്നത്.

ഡിസംബർ ഒന്നിന് ജി-20 അധ്യക്ഷം ഇന്ത്യ ഏറ്റെടുക്കാനിരിക്കെയാണ് ഒമാൻ ഉൾപ്പെടെ രാഷ്ട്രങ്ങൾക്ക് ക്ഷണം എത്തുന്നതെന്നും പ്രത്യേകതയുണ്ട്. നിലവിൽ ഇന്തൊനീഷ്യയ്ക്കാണ് അധ്യക്ഷ പദം. ഇന്ത്യയ്ക്കു ശേഷം ബ്രസീലിനായിരിക്കും അധ്യക്ഷ സ്ഥാനം ലഭിക്കുന്നത്.

ഇന്ത്യ, യു കെ, യു എസ്, സഊദി അറേബ്യ, കാനഡ, തുർക്കി, റഷ്യ, ചൈന, അർജന്റീന, ആസ്‌ത്രേലിയ, ബ്രസീൽ, ഫ്രാൻസ്, ജർമനി, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റപ്പബ്ലിക് ഓഫ് കൊറിയ, മെക്‌സിക്കോ എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂനിയനും ചേർന്നതാണ് ജി-20. രാജ്യാന്തര സാമ്പത്തിക സഹകരണത്തിനുള്ള വികസിത, വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-20. ആഗോള ജി ഡി പിയുടെ 85 ശതമാനം ഈ രാജ്യങ്ങളിൽ നിന്നാണ്. കൊവിഡ് മഹാമാരിക്ക്‌ ശേഷം നടക്കന്ന പ്രഥമ ഉച്ചകോടി കൂടിയാകും ഇത്.

ഇന്റർനാഷനൽ സോളാർ അലയൻസ്, കോളിഷൻ ഫോർ ഡിസാസ്റ്റർ റെലിസന്റ് ഇൻഫ്രാസ്ട്രക്ചർ, ഏഷ്യൻ ഡെവലപ്‌മെന്റ് ബേങ്ക് എന്നിവ അതിഥി അന്താരാഷ്ട്ര സംഘടനകളായിരിക്കും. യു എൻ, ഐ എം എഫ്, ലോകബേങ്ക്, ലോകാരോഗ്യ സംഘടന, രാജ്യാന്തര തൊഴിൽ ഓർഗനൈസേഷൻ തുടങ്ങിയ വിവിധ സംഘടനകളെയും ജി-20 യോഗത്തിലേക്കു ക്ഷണിക്കാറുണ്ട്.

സുസ്ഥിര വളർച്ച, പരിസ്ഥിതി ജീവിത ശൈലി, വനിതാ ശാക്തീകരണം, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, ആരോഗ്യം മുതൽ കൃഷി വരെയും വിദ്യാഭ്യാസം മുതൽ വാണിജ്യം വരെയുമുള്ള മേഖലകളിലെ സാങ്കേതിക പുരോഗതി, നൈപുണ്യ വികസനം, സാംസ്‌കാരികം, ടൂറിസം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയൽ തുടങ്ങിയ വിവിധ മേഖലകളിൽ ചർച്ചകൾ നടക്കും. സാമ്പത്തിക നയം, കൃഷി, സംസ്‌കാരം, അടിസ്ഥാന സൗകര്യം, നിയമ നിർമാണം, തൊഴിൽ തുടങ്ങി വിവിധ മേഖലകളിൽ ഉച്ചകോടിയുടെ ഭാഗമായി സമ്മേളനങ്ങളുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *