കോവിഡ് നിയന്ത്രണങ്ങളില്ലാത്ത തിരുവോണത്തെ അത്യാവേശത്തോടെ സ്വീകരിക്കാനുള്ള ഒരുക്കത്തിൽ ഒമാനിലെ പ്രവാസി മലയാളികൾ. ഉത്രാടപ്പാച്ചിൽ ദിവസമായ ബുധനാഴ്ച അവസാനവട്ട ഒരുക്കത്തിന്റെ തിരക്കിലായിരിക്കും അവർ. ഒമാനിലെ ഹൈപ്പർ മാർക്കറ്റുകളും സൂപ്പർ മാർക്കറ്റുകളും ഓണക്കാഴ്ചകളൊരുക്കി നേരത്തെതന്നെ സജ്ജമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മാളുകളിലെല്ലാം നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
കേരളത്തിൽനിന്ന് എത്തിച്ച പച്ചക്കറികളും പഴങ്ങളും വ്യാപാര സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും നിറഞ്ഞിട്ടുണ്ട്. വീടുകളിൽ പൂക്കളമിടാൻ പൂക്കളും ധാരാളമായി എത്തിയിട്ടുണ്ട്. വിവിധ റസ്റ്റാറന്റുകളും ഹൈപ്പർ മാർക്കറ്റുകളും ഓണസദ്യ ഒരുക്കിയിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് തിരുവോണ ദിവസം വാങ്ങാൻ കഴിയുന്ന രീതിയിലാണ് ഓണസദ്യ ക്രമീകരിച്ചിരിക്കുന്നത്. ഓണക്കോടി എടുക്കാനും കഴിഞ്ഞ ദിവസങ്ങളിൽ മലയാളികളുടെ തിരക്കായിരുന്നു.
വിവിധ പ്രവാസി സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ഓണാഘോഷങ്ങൾ ഇതിനകംതന്നെ തുടങ്ങിയിട്ടുണ്ട്. പൂക്കള മത്സരങ്ങളും പായസ മത്സരങ്ങളും ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
മാളുകളിലും പഴം പച്ചക്കറി കമ്പോളങ്ങളിലും കനത്ത തിരക്കായിരുന്നു. വാഴയില, ഓണപ്പൂക്കൾ, ഓണക്കോടി, കളിമൺ പാത്രങ്ങൾ,പച്ചക്കറികൾ എന്നിവ വൻതോതിൽ വിറ്റു പോയി. കേരളത്തിൽ നിന്ന് ടൺകണക്കിന് ഉത്പന്നങ്ങൾ മൊത്ത വിതരണക്കാർ എത്തിച്ചിരുന്നു. ചില സംഘടനകൾ കഴിഞ്ഞ ദിവസങ്ങളില് തന്നെ ഓണാഘോഷം ആരംഭിച്ചു. പൂക്കളം, മാവേലി എഴുന്നള്ളത്ത്, ഓണസദ്യ എന്നിങ്ങനെ വിഭവ സമൃദ്ധമായിരുന്നു. കലാ മത്സരങ്ങളിൽ കുട്ടികളുടെ പങ്കാളിത്തമുണ്ടായിരുന്നു. ഇനിയുള്ള വാരാന്ത്യ അവധി ദിനങ്ങളിൽ ഉടനീളം ഓണാഘോഷങ്ങൾ ഉണ്ടാകും. ഇത്തവണ ധാരാളം കലാകാരന്മാരെ ഉൾപ്പെടുത്തി സ്റ്റേജ് പരിപാടികൾക്ക് സാധ്യതയുണ്ട്.