ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ച് ഖത്തർ നൽകുന്ന ‘ഹയ്യ’ കാർഡുള്ളവർക്ക് മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസയുമായി ഒമാൻ. ഖത്തർ ലോകപ്പിനോടനുബന്ധിച്ച് ഒമാൻ നടത്തിയ മുന്നൊരുക്കങ്ങൾ വിശദീകരിക്കാൻ പൈതൃക വിനോദസഞ്ചാര മന്ത്രാലയം നടത്തിയ വാർത്ത സമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസ സൗജന്യമാണെന്നും 60 ദിവസത്തേക്ക് സാധുതയുണ്ടാകുമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് ആൻഡ് സിവിൽ സ്റ്റാറ്റസിലെ അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അഹമ്മദ് ബിൻ സഈദ് അൽ ഗഫ്രി അറിയിച്ചു. ഹയ്യ കാർഡ് ഉടമകൾക്ക് കുടുംബത്തെ കൊണ്ടുവരാനുും ഒമാനിൽ താമസിക്കാനും ഇതിലൂടെ സാധിക്കും.
ലോകകപ്പ് വേദികളിലേക്കുള്ള പ്രവേശന പാസും, വിദേശത്തു നിന്നുള്ള കാണികൾക്ക് ഖത്തറിലേക്ക് പ്രവേശിക്കാനും ലോകകപ്പ് വേളയിൽ പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കാനും ഉള്ള സംവിധാനമാണ് ഹയ്യ കാർഡ്. മാച്ച് ടിക്കറ്റ് സ്വന്തമാക്കിയ കാണികൾക്ക് ഹയ്യ പ്ലാറ്റ്ഫോം വഴിയാണ് ഫാൻ ഐഡി കാർഡായ ഹയ്യക്ക് അപേക്ഷിക്കേണ്ടത്.