ഓണ്‍ലൈന്‍ വിസയില്‍ പോകുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ സാധിക്കും

ഒമാൻ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന വിദേശികൾക്ക് സഊദി സന്ദർശിക്കാൻ ഓൺലൈൻ വിസ ലഭ്യമാക്കിയത് പ്രവാസികൾക്ക് ഗുണകരമാകും. റസിഡൻസ് കാർഡിൽ യോഗ്യരായ പ്രഫഷനുള്ളവർക്ക് വിസ അതോറിറ്റി ആവശ്യപ്പെടുന്ന വിവരങ്ങളും രേഖകളും ഓൺലൈനായി സമർപ്പിച്ച് കഴിഞ്ഞാൽ വിസ ലഭിക്കും. ഹജ്ജ് സീസൺ അല്ലാത്ത സമയങ്ങളിൽ ഉംറ നിർവഹിക്കാനും ഈ വിസ മതികയാകും എന്നതാണ് ഏറെ ഉപകാരപ്രദമാകുന്നത്.

വിസ ലഭിക്കാൻ യോഗ്യതയുള്ള പ്രഫഷനുകൾ ഓൺലൈൻ അപേക്ഷ ഫോമിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകരുടെ പാസ്‌പോർട്ടിന് കുറഞ്ഞത് ആറ് മാസത്തെയും ഏതെങ്കിലും ഗള്‍ഫ് രാജ്യത്തെ റസിഡൻസ് കാർഡിന് മൂന്ന് മാസത്തെയും കാലാവധിയുണ്ടായിരിക്കണം. അപേക്ഷ സമർപ്പിച്ച ശേഷം, വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ പരിശോധനകക്ക് ശേഷം ഇ-മെയിൽ വഴി വിസ ലഭിക്കും. ഒറ്റത്തവണയും പലതവണയും പോയി വരാവുന്ന രണ്ടുതരം വിസകളും ഓണ്‍ലൈന്‍ വഴി ലഭ്യമാണ്.

30 റിയാലാണ് വിസാ നിരക്ക്. ഇതിന് പുറമെ ആരോഗ്യ ഇൻഷ്വറൻസിന്റെ ചെലവ് കൂടിയുണ്ടാകും. ജി സി സി രാജ്യങ്ങളിലെ പ്രവാസികൾ ഇതുവരെ സഊദി സന്ദർശിക്കാൻ ഉംറ വിസയോ ബിസിനസ് വിസിറ്റ് വിസയോ ആണ് ഉപയോഗപ്പെടുത്തിയിരുന്നത്. ബിസിനസ് വിസ ലഭിക്കുന്നതിന് നൂലമാലകളും ഏറെയായിരുന്നു.
ഓൺലൈൻ വഴി വിസ ലഭിക്കുന്നതോടെ ആളുകൾക്ക് കുറഞ്ഞ ചെലവിൽ ഏത് സമയവും നേരിട്ട് വിസ സ്വന്തമാക്കി യാത്ര ചെയ്യാനാകും.

ഉയർന്ന പ്രഫഷനുകളിലുള്ളവർക്ക് കുറഞ്ഞ ചെലവിൽ ഉംറ നിർവഹിച്ച് തിരിച്ചെത്താൻ സാധിക്കും എന്നതാണ് ഏറെ ഗുണകരമാകുന്നത്. വിസാ നിരക്കും ഇൻഷ്വറൻസ് തുകയും എല്ലാം കൂടെ 50 റിയാലിൽ താഴെയാണ് ഇപ്പോൾ ചെലവ് വരുന്നത്. നേരത്തെ ഉംറ വിസയ്ക്ക് മാത്രം 100 റിയാലും അതിന് മുകളിലും ചെലവായിരുന്നു. എംബസിയിൽ നിന്ന് പാസ്‌പോർട്ട് സ്റ്റാമ്പ് ചെയ്തു ലഭിക്കലും ശ്രമകരമായിരുന്നു. ഏജൻസികൾ മുഖേന മാത്രമായിരുന്നു ഇത് സാധിച്ചിരുന്നത്.
ഉംറ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി സഊദിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഏറെ ആശ്വാസകരമാണ് പുതിയ ടൂറിസ്റ്റ് വിസാ സംവിധാനം

Leave a Reply

Your email address will not be published. Required fields are marked *