അൽ ഹജർ പർവതനിരകളിലും പരിസര പ്രദേശങ്ങളിലും ഞായറാഴ്ച ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകാൻ സാധ്യതയുണ്ട്.

ഒമാന്‍റെ വിവിധ ഗവർണറേറ്റുകളിൽ ബുധനാഴ്ച വരെ കാറ്റിന്‍റെയും മിന്നലിന്റെയും അകമ്പടിയോടെ ശക്തമായ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ത്യയിൽ രൂപപ്പെടുന്ന ന്യൂനമർദത്തിന്‍റെ ഭാഗമായാണ് ഒമാനിലും ശക്തമായ മഴ ലഭിക്കുന്നത്. അല്‍ ഹജര്‍ പര്‍വതനിരകൾ, വടക്കന്‍ ശര്‍ഖിയ, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്കന്‍ ബാത്തിന, തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ മിന്നലോടുകൂടിയ മഴ പേയ്തേക്കും. പൊടിപടലങ്ങളും ഉയർന്നേക്കും

ഹജർ പർവതനിരകളിലും സമീപ പ്രദേശങ്ങളിലും മേഘങ്ങളും ഒറ്റപ്പെട്ട ഇടിമിന്നലുകളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു.

“സുൽത്താനേറ്റിലെ ഭൂരിഭാഗം ഗവർണറേറ്റുകളിലൂടെയും ഉയർന്നതും ഇടത്തരവുമായ മേഘങ്ങളുടെ ഒഴുക്കിനൊപ്പം വടക്കൻ മധ്യ അറബിക്കടലിൽ മേഘങ്ങളുടെ പ്രവർത്തനത്തിന്റെ തുടർച്ചയും അൽ ഹജർ പർവതനിരകളിൽ ക്യുമുലസ് മേഘങ്ങളുടെ രൂപീകരണത്തിന്റെ തുടക്കവും പിന്നീട് വികസിക്കാനുള്ള സാധ്യതയും ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നു. കൂടാതെ വരും മണിക്കൂറുകളിൽ സജീവമായ താഴേക്കുള്ള കാറ്റും ആലിപ്പഴ വർഷവും ചേർന്ന് വ്യത്യസ്ത തീവ്രതയുള്ള ഇടിമിന്നലുകളും ഉണ്ടാവാനുള്ള സാധ്യതയുണ്ട്.” ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.

അറബിക്കടലില്‍നിന്ന് വരുന്ന ന്യൂനമര്‍ദത്തെ തുടര്‍ന്ന് തെക്കന്‍ ശര്‍ഖിയ, മസ്‌കത്ത്, വടക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത ഗവര്‍ണറേറ്റുകളിലേക്കും മഴമേഘങ്ങള്‍ പടരും. ആലിപ്പഴവും വർഷിക്കും. വാദികൾ നിറഞ്ഞുകവിയാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. മണിക്കൂറിൽ 40-80 കിലോമീറ്ററായിരിക്കും കാറ്റിന്‍റെ വേഗം. പൊടിക്കാറ്റ് ഉയരാൻ സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ചയെ ബാധിച്ചേക്കും. കടൽ പ്രക്ഷുബ്ധമാകും. അറബിക്കടലിന്റെ തീരത്ത് തിരമാലകൾ നാല് മീറ്റർ വരെയും മറ്റു ഭാഗങ്ങളിൽ രണ്ടുമീറ്റർ വരെയും ഉയർന്നേക്കും. മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അതേസമയം, ശനിയാഴ്ചയും രാജ്യത്തിന്‍റെ വടക്കന്‍ ഗവര്‍ണറേറ്റുകളിൽ മഴ പെയ്തു.

Leave a Reply

Your email address will not be published. Required fields are marked *