ദമാം ക്രിമിനൽ കോടതിയിൽ ട്രാൻസ്ലേട്ടർ ആയ മുഹമ്മദ് നജാത്തി യുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.
ബഹ്‌റൈനിൽ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യം കടത്തിയ കേസിൽ മലയാളി യുവാവിന് സൗദി അറേബ്യയില്‍ 11 കോടിയോളം രൂപ പിഴ. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുല്‍ മുനീറിനാണ് (26) ബഹ്‌റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യം കടത്തിയ കേസില്‍ ദമ്മാം ക്രിമിനല്‍ കോടതി കനത്ത പിഴയും നാടുകടത്തലും ശിക്ഷിച്ചത്.
52,65,180 സൗദി റിയാല്‍ (11 കോടിയിലധികം ഇന്ത്യന്‍ രൂപ) ആണ് കോടതി ചുമത്തിയിരിക്കുന്ന പിഴ. മൂന്ന് മാസം മുമ്പാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. സൗദി അറേബ്യയേയും ബഹ്റൈനിനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേയില്‍ കസ്റ്റംസ് പരിശോധനക്കിടെ ഇയാള്‍ പിടിയിലാകുകയായിരുന്നു. നാലായിരത്തോളം മദ്യകുപ്പികളാണ് ഇയാളുടെ ട്രെയിലറില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചത്. എന്നാല്‍ ട്രെയിലറില്‍ മദ്യക്കുപ്പികളായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നെന്ന് യുവാവ് കോടതിയില്‍ വാദിച്ചെങ്കിലും തെളിവുകള്‍ അദ്ദേഹത്തിന് എതിരായിരുന്നു.
കേസില്‍ അപ്പീല്‍ കോടതിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ കോടതി ഒരുമാസം സമയം അനുവദിച്ചിട്ടുണ്ട്. നാലു വര്‍ഷമായി ജിദ്ദയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ശിക്ഷിക്കപ്പെട്ട മലയാളി യുവാവ്. പിഴയടച്ചാല്‍ കരിമ്പട്ടികയില്‍ പെടുത്തി നാടുകടത്തും. പിടികൂടിയ മദ്യത്തിന്റെ വിലക്കനുസരിച്ചാണ് ഇത്തരം കേസുകളില്‍ പിഴ ചുമത്തുന്നത്. പിഴ അടച്ചില്ലെങ്കില്‍ പിഴക്ക് തുല്യമായ കാലയളവില്‍ ജയിലില്‍ കഴിയേണ്ടി വരും. പിന്നീട് സൗദി അറേബ്യയിലേക്ക് തിരിച്ചുവരാനാകില്ല. ഇത്തരം കേസില്‍ സമീപകാലത്ത് ലഭിച്ച ഏറ്റവും വലിയ പിഴ ശിക്ഷയാണിത്.
ദമാം ക്രിമിനൽ കോടതിയിൽ ട്രാൻസ്ലേട്ടർ ആയ മുഹമ്മദ് നജാത്തി ഫേസ്ബുക്കിൽ എഴുതുന്നു
മദ്യക്കടത്ത്: മലയാളിക്ക് പിഴ പതിനൊന്ന് കോടിയോളം ഇന്ത്യൻ രൂപ !
ഷാഹുൽ സുനീർ (26) കോട്ടയം ഈരാറ്റുപേട്ട സ്വദേശി. കുടുംബത്തിന്റെ കൊടിയ ദാരിദ്ര്യവും അനുജന്റെ കരൾ സംബന്ധമായ രോഗവിവരങ്ങളും തന്റെ അർബുദ രോഗവും ദമാമിൽ നിന്ന് പരിചയപ്പെട്ട മുഹമ്മദ് ഷിയാസ് എന്ന പെരിന്തൽമണ്ണ സ്വദേശിയായ
കൂട്ടുകാരനെ വ്യസനസമേതം ധരിപ്പിക്കുന്നു. കൂട്ടുകാരൻ ഉടനെ അടിയന്തിര സഹായം ഓഫർ ചെയ്ത് അവനെട്രൈലറുമായി ബഹറൈനിലേക്കയക്കുന്നു. ഷിയാസ് പറഞ്ഞതനുസരിച്ച് മുജീബ് എന്ന ഒരാളെ അവിടെ വെച്ച് വണ്ടി ഏൽപിക്കുന്നു. രണ്ട് ദിവസംകഴിഞ്ഞ് മുജീബ് തിരിച്ചേൽപിച്ച വണ്ടിയുമായി സൗദിയിലേക്ക് വരുമ്പോൾ
കോസ് വേയിൽ വെച്ച് സൗദി കസ്റ്റംസ് 4000 ഓളം വിദേശ മദ്യക്കുപ്പികളുമായി ഷാഹുൽ ഓടിച്ചു വന്ന ട്രൈലർ പിടികൂടുന്നു. ഉടനെ അദ്ധേഹത്തെ കസ്റ്റഡിയിലെടുത്തു. പതിനായിരം റിയാലാണത്രെ വണ്ടി ദമാമിലെത്തിച്ചാൽ ഷാഹുലിന് ഷിയാസ് ഓഫർ ചെയ്തിരുന്നത്. വണ്ടിയിൽ മദ്യമുള്ള വിവരം ഷാഹുലിന് അറിയില്ലായിരുന്നു , ഞാനൊരുഅർബുദ രോഗിയാണെന്നും ഒന്നിലധികം തവണ ഓപറേഷന് വിധയമായിട്ടുണ്ടെന്നും അനുജന്റെ ചികിത്സക്ക് പണമുണ്ടാക്കാനാണ് ഷിയാസിന്റെ വാക്ക് വിശ്വസിച്ച് ബഹ്റൈനിൽ പോയതെന്നുമാണ് ഷാഹുൽ കോടതിയിൽ നൽകിയ മൊഴി .
കോടതി ഷാഹുൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി.രണ്ട് വർഷം ജയിലും അൻപത്തിരണ്ട് ലക്ഷത്തി അറുപത്തി അയ്യായിരത്തി ഒരുനൂറ്റി എൺപത് റിയാൽ ( 52, 65, 180) പിഴയും ഏകദേശം പതിനൊന്ന് കോടിയോളം ഇന്ത്യൻ രൂപ ,ശേഷം നാടു കടുത്തുവാനും ദമാം ക്രിമിനൽ കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചു. ഒരിറ്റു ജീവിതത്തിന്‌വേണ്ടി മുമ്പിൽ കണ്ണീരോടെ ഏറെ നിരാശനായി കൈകൂപ്പി നിന്നപ്പോൾ
അപ്പീൽ കോടതിയിൽ നിങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ ഒരു മാസം കോടതി സമയം അനുവദിക്കുന്നു എന്നറിയിച്ചപ്പോൾ കെടാറായമുഖത്ത് പ്രതീക്ഷയുടെ ചെറിയൊരു തരി വെളിച്ചം മിന്നിയത് പോലെ തോന്നി ,,,,
ഷാഹുൽ അവിവാഹിതനാണ്.
സഹോദരൻ കരൾ സംബന്ധമായ രോഗവുമായി ചികിത്സയിലുമാണ്. നാലു വർഷത്തോളമായി സൗദിയിലെ ജിദ്ദയിൽ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരുന്നു ,മൂന്നു മാസമായി ദമാം ഫൈസലിയ്യ സെൻ ട്രൽ ജയിലിൽ .
മുഹമ്മദ് നജാത്തി
ദമാം ക്രിമിനൽ കോർട്ട്.