വിശ്വാസം അതല്ലേ എല്ലാം..
(ചെറു കഥ)
ആ രണ്ടു വീടുകളേയും തമ്മിൽ വേർതിരിക്കുന്നത് ഉദ്ദേശം ആറടി ഉയരത്തിലുള്ള ഒരു മതിലാണ്.രണ്ടു വീടും ഇരുനില്ല വീടുകളാണ്.ഒന്ന് തൂവെള്ള നിറത്തിലാണെങ്കിൽ മറ്റേതു കടും പച്ച നിറത്തിൽ കുളിച്ചു നിൽക്കുന്നു.വെള്ള നിറത്തിലെ വീടിന്റെ ഗേറ്റിൽ അബു എം എ എന്ന് മാർബിളിൽ കൊത്തിവെച്ചിട്ടുണ്ട്.തൊട്ടടുത്ത പച്ച നിറം പൂശിയ വീടിന്റെ ഗേറ്റിൽ എം എ അബു എന്ന് പിച്ചള തകിടിൽ ആലേഖനം ചെയ്തു വെച്ചിട്ടുമുണ്ട്.
രണ്ടു അബൂമാരും അവിടെത്തെ പ്രധാന കച്ചവടക്കാരാണ്.ഒരാൾ അരി മൊത്തകച്ചവടം മറ്റേയാൾക്ക് സിമന്റ് മൊത്ത കച്ചവടം.ആളും വീടും അനേഷിച്ചു വരുന്നവർക്ക് അവരെ തിരിച്ചറിയാൻ ചില കുസൃതി പിള്ളേർ ഗേറ്റിൽ “അരി അബു “എന്നും “സിമന്റ് അബു “എന്നും ചെങ്കല്ല് കൊണ്ട് നല്ല വൃത്തിയായി എഴുതി പിടിപ്പിച്ചിട്ടുണ്ട്.
ആ ഗ്രാമത്തിൽ രണ്ടു മസ്ജിദുകളാണ് ഉള്ളത്.ഒന്ന് വളരെ പുരാതനമായതാണു.രണ്ടാമത്തേത് ഈ അടുത്ത കാലത്ത് ഉണ്ടായതു.
ഈ രണ്ടു അബൂമാരും പരിശുദ്ധ മക്കത്തു പോയി ഹജ്ജ് ചെയ്തു വന്നവരാണ്
അരി വ്യാപാരി അബുവിനെ അബൂബക്കർ ഹാജി എന്ന് എല്ലാവരും വിളിക്കുമ്പോൾ
സിമന്റ് വ്യാപാരി അബു
അബൂ സാഹിബ് എന്നാണ് അറിയപ്പെടുന്നത്.ഇവർ രണ്ടുപേരും അവരവരുടെ ജമാഅത് കമ്മറ്റി കളിലെ ക്ഷ ണിക്കപ്പെട്ട വ്യക്തിത്തങ്ങളാണ്.
അബൂഹാജിക്ക് നാലു മക്കൾ മൂത്തമകൻ മുഹമ്മദ് ഷെഹീൻഷാ വാപ്പയെ ബിസിനസ്സിൽ സഹായിക്കുന്നു.തൊട്ടുതാഴെ
ഷാഹിന നൂറാ ബിയെസ്സി നേഴ്സിങ്ങിന് പഠിക്കുന്നു.
ഷാഹിനക്ക് താഴെ രണ്ടു സഹോദരിമാർ.
അബു സാഹിബിനു രണ്ടു മക്കൾ..മൂത്തയാൾ മുഹമ്മദ് അസ്ലം പട്ടണത്തിലെ പ്രസിദ്ധമായ ഹോസ്പിറ്റലിലെ ഡോക്ടർആണ്.രണ്ടാമത്തേത് മെഹറുനീസ.പട്ടണത്തിലെ തന്നെ മറ്റൊരു ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആണ്.
തേച്ചു മിനുക്കി മടക്കിഎടുത്ത ചുളിവില്ലാത്തമുണ്ടിന്റെ കൊന്തല ഇടതു കൈകൊണ്ടു ലേശം ഉയർത്തി പിടിച്ചു വലതു കയ്യിൽ ഉരുണ്ട് വളഞ്ഞ കൈപിടിയുള്ള ഒരു കാലൻ കുടയും പിടിച്ചു പിടലി വെട്ടിച്ചു കൊണ്ട് നടന്നു പോകുമ്പോൾ എതിരെ വരുന്ന അബു സാഹിബിനെ കാണുമ്പോൾ മാത്രംഅബൂബക്കർ ഹാജി തല അൽപ്പം തിരിച്ചു ഒഴിഞ്ഞു പോകും.മറ്റുള്ളവരെ കണ്ടാൽ സലാം പറയാനും ചിരിച്ചു കുശലം പറയാനും അബൂഹാജി പഞ്ഞം കാട്ടാറില്ല.
മതിലിനു അപ്പുറത്തുനിന്നുംഇപ്പുറത്തുനിന്നും പലനേരങ്ങളിലും വീട്ടു വിശേഷങ്ങൾക്കായി അവിടെത്തെ ബീവിമാർ ഒത്തുകൂടാറുണ്ട് ദാ…അപ്പുറത്ത് നിന്നും ആസിയയുടെ
വിളി “മൈമൂ…വിളികേട്ട് മൈമൂന മതിലിനടുത്തേക്ക്
വന്നു.അബൂബക്കർ ഹാജിയാരുടെ ബീവി യാണ്
“മൈമൂ ദാ ഇതു ഇവിടെ പഴുത്തതാ..”ഒരു ചെറിയ സഞ്ചി നിറയെ ഉറുമാന്പഴം….
“പിന്നെ നിന്റെ ഡേറ്റ് എന്നത്തേക്കാ പറഞ്ഞിരിക്കണത് “
“അതു അടുത്ത മാസാ “
“ആ അപ്പൊ റമളാൻ കഴിഞ്ഞു നോമ്പും പെരുന്നാളും ഒക്കെ കഴിഞ്ഞായിരിക്കും “
“ആസിയാ പോകല്ലേ ഞാൻ കുറച്ചു മാമ്പഴം എടുക്കട്ടെ…
കഴിഞ്ഞ ആഴ്ച പഴുപ്പിക്കാൻ വച്ചതാ…നല്ല പ്രിയുർ മാങ്ങയാണ് “
ബീവിമാരുടെ സൗഹൃദത്തിന് അവരുടെ ഇടയിലെ മതിൽ അല്ലാതെ മറ്റൊരു തടസവും
ഇല്ലായിരുന്നു.
മക്കളുടെ കാര്യത്തിലും അങ്ങനെ തന്നെ.
അന്ന് പടിഞ്ഞാറെ മാനത്തു
അമ്പിളി കല കണ്ടു.പള്ളിമിനാരങ്ങളിൽ നിന്നു രാത്രി നമസ്കാരത്തിനുള്ള സലാംത്തുൽ ജാമിഅ വിളി കേട്ടു.പരിശുദ്ധ റമളാൻ പുലർന്നു.തറാവീഹും വിതുറും
ഖുർആൻ പാരായണവും എല്ലാം വേഗത്തിൽ കടന്നു പോയത് പോലെ…
ആ വീടുകളുടെ പലപ്പോഴും അടഞ്ഞു കിടക്കാറുള്ള ജനലുകൾ ചിലപ്പോഴൊക്കെ
തുറക്കപെടുന്നു….അപ്പോഴെല്ലാം സുറുമയിട്ട മിഴികളിലെ
നേർത്ത പ്രകാശം ജനൽ വഴി മുറികളിൽ ആരെയോ തെരയാറുണ്ട്.
“ഷാഹിന നീ ജനലും തുറന്നിട്ട് എന്ത് കണ്ടോണ്ടു നിക്കുവാ..
വാപ്പ കാണേണ്ട കേട്ടാ “ഉമ്മ
ഇടക്കിടക്ക് അവളെ ഇതുപോലെ താകീതു
ചെയ്യാറുണ്ട്..
അന്ന് ഒരുദിവസം ഷാഹിന ഉമ്മയുടെ പിന്നാലെ ചെന്നിട്ടു ഈണത്തിൽ ഒരു വിളി “ഉമ്മാ
…”അവൾ ഉമ്മയുടെ തോളിൽ പിടിച്ചു തിരിച്ചു നിർത്തിയിട്ടു ആ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു
“ഉമ്മാ ഇതു കണ്ടോ…അവൾ കയ്യിലിരുന്ന വിലപിടിപ്പുള്ള
ഒരു മൊബൈൽ ഉമ്മയെ കാണിച്ചു..
“ഇതു അപ്പുറത്തെ അസ്ലം ഡോക്ടർ തന്നതാ “
ഉമ്മ അവളെ അടിമുടി ഒന്ന് നോക്കി.”മോളെ ഇതു നിന്റെ
വാപ്പ എങ്ങാനും അറിഞ്ഞാൽ
എന്റെ റബ്ബേ ഇവിടെ എന്തായിരിക്കും നടക്ക..”
“ഉമ്മാ വാപ്പയോടു ഇപ്പോഴൊന്നും പറയണ്ട,…ഉമ്മാ അറിയാൻ ഞാൻ പറഞ്ഞതാ…..പിന്നെ അസ്ലം നല്ല സ്നേഹം ഉള്ള ആളാ…ഷാഹിന ഉമ്മയുടെ കൈപ്ടിച്ചു കൊഞ്ചി പറഞ്ഞു
“ഉമ്മാ ഞങ്ങൾ മുഹബ്ബത്തിലാ “ഇത്രയും പറഞ്ഞു അവൾ അടുത്ത മുറിയിലേക്ക് ഓടി പോയി…
“യാ റബ്ബുൽ ആലമീനായ തമ്പുരാനേ നീ ഞങ്ങളെ കാക്കണേ….ഈ വീട്ടിൽ ഒരു ഖല്ലത്തും ഉണ്ടാക്കല്ലേ റബ്ബേ “
ദിവസങ്ങൾ കഴിഞ്ഞു ഒരു ദിവസം അബു സാഹിബ്
ഭക്ഷണം കഴിച്ചിരിക്കുമ്പോൾ ആസ്യാ അടുത്ത് ചെന്നിരുന്നു
“പിന്നെ ഒരു കാര്യം പറയാനുണ്ട് “എന്താ ആസ്യാ…
വിശേഷിച്ചു “
“അതു പിന്നെ നമ്മുടെ മകനും
അപ്പുറത്തെ ഷാഹിനയുമായി
വലിയ അടുപ്പത്തിലാ “
“നീ ഇതു എങ്ങിനെ അറിഞ്ഞു “അതു മൈമൂനത്തു തന്നെ
എന്നോട് പറഞ്ഞതാ “
അബൂസാഹിബ് ഒന്ന് ഇരുത്തി
മൂളി.
ചെറിയ പെരുന്നാൾ അറിയിച്ചു കൊണ്ട് പഴയ പള്ളിയിൽ നിന്നും തക്കുബീർ മുഴങ്ങി…..
പെരുന്നാൾ കഴിഞ്ഞു…പിറ്റേന്ന് മൈമൂന്ക്ക് വല്ലാത്ത വയർ വേദന….പെറ്റുനോവാണ്..ഹാജിയാർ ഉടനെ വണ്ടി എടുത്തു
അവരെ ആശുപത്രിയിൽ എത്തിച്ചു.
ഡോക്ടർ മുഹമ്മദ് അസ്ലം കോണിപടി ഇറങ്ങി താഴേക്കു വരുമ്പോൾ അത്യാഹിത വിഭാഗത്തിന്റെ മുന്നിൽ ഭിത്തിൽ ചാരി നിൽക്കുന്ന അബൂഹാജിയെ കണ്ടു… അസ്ലം ഓടിവന്നു..കാര്യങ്ങൾ ചോദിച്ചു ഹാജിയരെ ആശ്വസിപ്പിച്ചു വേഗത്തിൽ ലേബർ റൂമിലേക്ക് പോയി….
അൽപ്പം കഴിഞ്ഞു അസ്ലം പുറത്തു വന്നു മെഹരുന്നിസയെ വിളിച്ചു..
“മെഹറു നീ ഉടനെ ഇങ്ങോട്ട് വരണംമമ്മുടെ മൈമൂനാ ഇത്താക്ക് ഡെലിവറി ആണ് ഒ നെഗറ്റീവ് ബ്ലഡ് വേണം “ഒട്ടും വൈകാതെ മെഹറുന്നി സ എത്തി..പിന്നെ എല്ലാം വേഗത്തിൽ നടന്നു..രണ്ടു മണിക്കൂറിനുള്ളിൽ മൈമൂനയുടെ ഓപ്പറേഷൻ കഴിഞ്ഞു.അങ്ങനെ അബൂഹാജിക്ക് നാലാമത്തെ
പെൺകുഞ്ഞും പിറന്നു.
ഡോക്ടർ അസ്ലം പുറത്തുവന്നു ഹാജിയരോട് പറഞ്ഞു “അൽഹംദുലില്ലാഹ്
തള്ളയും കുഞ്ഞും സുഖമായി
കിടക്കുന്നു “…അപ്പോൾ ഹാജിയരോടൊപ്പം ഷാ ഹിനയും ഉണ്ടായിരുന്നു.അസ്ലം പറഞ്ഞു തുടങ്ങുമ്പോൾ ഹാജിയാർ അസ്ലമിന്റെ രണ്ടു
കയ്യും ചേർത്തു പിടിച്ചു എന്തോ പറയുവാൻ വെമ്പുന്നു
അദ്ദേഹത്തിന്റെ കണ്ണുകൾ
നിറഞ്ഞൊഴുകി..
വാക്കുകൾ ഒന്നും പുറത്തു വരാതെ രണ്ടു പേരും നിർ നി മേഷരായി നിന്നുപോയി.
കണ്ണുകൾ തുടച്ചു അടുത്ത് നിന്ന മെഹറുന്നിസയെ തന്റെ അടുത്തേക്ക് ചേർത്തു നിർത്തിപറഞ്ഞു “മോളെ നീ
എന്റെ മൈമൂനത്തിനെ രക്ഷിച്ചു….ഹാജിയരുടെ കൈപിടിച്ച് അവൾ പറഞ്ഞു “
ഇതൊക്കെ പടച്ച തമ്പുരാന്റെ
വിധിയല്ലേ…സാവധാനം ദുഃഖങ്ങൾ സന്തോഷത്തിനു വഴിമാറി.
ഡോക്ടർ അസ്ലം അല്പം മാറി
നിന്നിട്ടു ഷാഹിനയെ വിളിച്ചു..
ഷാഹിന അടുത്തുവന്നപ്പോൾ
അസ്ലം പതിയെ അവളോട് പറഞ്ഞു “ഷാഹിന വാപ്പയോടു ഇനിയെങ്കിലും ഇതൊന്നു നിർത്താൻ പറ…
ഇപ്പൊ അഞ്ചായില്ലേ “ഷാഹിന മുഖം കൂർപ്പിച്ചു അസ്ലമിനെ ഒന്ന് നോക്കിയിട്ട്
നാണത്തിൽ കുതിർന്ന ഒരു ചിരിയുമായി ഒഴിഞ്ഞു നിന്നു.
ആഴ്ചകൾ ചിലതു കടന്നു പോയി…
ഒരുദിവസം മൈമൂന ഹാജിയരോട് പറഞ്ഞു
“ദേഷ്യപ്പെടരുത് ബഹളവും വെക്കരുത് ഒരു കാര്യം പറയാം.”
“നീ കാര്യം പറ മൈമൂ “ഹാജിയാർ കസേരയിലേക്ക്
ഇരുന്നു.”ങ്ങ..പറ കേക്കട്ട്….
“പിന്നെ നമ്മുടെ മോൻ കുറച്ചു ദിവസായി പറയാണ് അവനു അപ്പുറത്തെ മെഹരുണീസായെ പെരുത്തു ഇഷ്ട്ടാന്നു നിക്കാഹിനു അവരോടു ചോയിക്കാൻ “
ഹാജിയാരുടെ മുഖത്ത് ഒരു
ചിരി പടർന്നുകയറി.
“മൈമൂ….കൊറച്ചു ദെവസം കൊണ്ട് ഞാനും ആലോചിക്കാണ്…അതു അവിടത്തെ മെഹറു നെ മാത്രമല്ല അസ്ലമിനെ കൂടി ഇങ്ങോട്ട് എടുത്താലോ എന്ന് “
“അൽഹംദുലില്ലാഹ്…ദേ എന്റെ ഖൽബില് ഒരു പുതുമഴ
പെയ്യണ്…..ഞാനും കൊറെ ആയി ഇതു ആശിക്കണ് “.
അന്ന് ഒരു ഞായറാഴ്ച അബൂബക്കർ ഹാജി അബു സാഹിബിന്റെ വീട്ടിലേക്കു ചെല്ലുന്നു.അവർ ഹാജിയരെ സ്വീകരിച്ചു ഹാജിയാർ സലാം ചൊല്ലി അകത്തേക്കിരുന്നു.
കുറച്ചു സമയത്തേക്ക് ആരും ഒന്നും സംസാരിക്കുന്നില്ല.അസ്ലം
അകത്തേക്ക് പോയിട്ട് പെട്ടെന്നു തിരിച്ചു വന്നു.പാതി മാറ്റിയ ഡോർ കാർട്ടന് പിന്നിൽ ആസിയ ഉമ്മാവന്നു നിന്നു..ഉമ്മയെ ചാരി മെഹറു നിസായും.
ഹാജിയാർ പതിയെ ഒന്ന് ഇളകിയിരുന്നു.എന്നിട്ട് പറഞ്ഞു തുടങ്ങി…മുഖവുര ഒന്നുമില്ല ….നിങ്ങളുടെ മകൾ മെഹറു നിസയെ എന്റെ മകൻ
ഷെഹീൻഷായ്ക്ക് നിക്കാഹ് ചെയ്തു തരുമോ..എന്ന് ചോദിക്കാനാണ് ഞാൻ വന്നത്.” ഇത്രയും പറഞ്ഞു ഹാജിയാർ എല്ലാവരെയും മാറി മാറി നോക്കി….അബു സാഹിബ് എന്ത് പറയുന്നു…
ഹാജിയാർ ഒരിക്കൽ കൂടി എടുത്തു ചോദിച്ചു.
“അബുസാഹിബു സെറ്റിയിൽ
ഒന്നു നിവർന്നിരുന്നു പറഞ്ഞു
“ഞങ്ങൾക്ക് ഇതിൽ സന്തോഷമേയുള്ളൂ….പക്ഷേ
ഒരു ഡിമാൻഡ് ഉണ്ട്….”
ഡിമാൻഡോ വീണ്ടും ഒന്നും മനസ്സിലാവാതെ എല്ലാവരും പരസ്പരം നോക്കി….
“ഞങ്ങളുടെ ഡിമാൻഡ് എന്ന് വെച്ചാൽ..ഹാജിയരെ നിങ്ങളുടെ മകൾ ഷാഹിന നൂറയെ ഞങ്ങക്ക് തരണം…ഞങളുടെ അസ്ലമിന് വേണ്ടി സമ്മതമാണോ.
കസേരയിൽ നിന്നു എഴുന്നേറ്റു
ഹാജിയാർ പറഞ്ഞു.
“അതെങ്ങനാ…അസ്ലമിന്റെ നിക്കാഹ് കഴിഞ്ഞതല്ലേ…”ങേ
എല്ലാവരും പകച്ചു പരസ്പരം
നോക്കി.ആരും ഒന്നും സംസാരിക്കുന്നില്ല….പെട്ടെന്നു
ഹാജിയാർഒന്ന് ഇളകി ചിരിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി.
അന്ന് മൈമൂനയുടെ പ്രസവദിവസം ലേബർ റൂമിൽ നിന്നു പുറത്തേക്കു വന്ന അസ്ലമിന്റെ രണ്ടു കയ്യും കൂട്ടിപിടിച്ചു എന്റെ നന്ദിയും സ്നേഹവും പ്രകടിപ്പിക്കുമ്പോൾ ഞാൻ എന്റെ ഖൽബു കൊണ്ട് അസ്ലമിനെ സ്വീകരിക്കുകയായിരുന്നു.”
ഹാജിയാർ വാക്കുകൾ അവസാനിപ്പിച്ചു.എല്ലാവർക്കും..സന്തോഷം…
ഈ രണ്ടു കുടുംബങ്ങളും തമ്മിലുള്ള വിവാഹ തീരുമാനം
രണ്ടു മഹല്ലിലും ചർച്ചയായി.പഴയ ജമാഅത്തിലെ കൈക്കാരൻ
പുരക്കാട്ടു സൈതലവി വാർത്ത ചൂടോടെ വിളംബരം ചെയ്തു.പാടത്തെ അന്ത്രുവും തെക്കേവീട്ടിലെ നിസാറുദീനും
ഇക്കാര്യം പറഞ്ഞു ഏറ്റുമുട്ടി.
“ഈ പഴയ പള്ളി ജമാഅത്തിൽ നിന്നു പുത്തെൻ പള്ളിക്കാർക്ക് ഒരു കാരണവശാലും വിവാഹ അനുമതി പത്രം കൊടുക്കില്ല”
പാടത്തെ അന്ത്രു കട്ടായം പറഞ്ഞു.ഇരു ജമാഅത്തു കളിലും രഹസ്യവും പരസ്യവുമായ വിഴു പ്പലക്കുകളും പോർവിളികളും…..
ജമാഅത്തുകൾ അടിയന്തിര
കമ്മറ്റി കൂടാൻ തീരുമാനിച്ചു.
അബുഹാജി പള്ളി ഉസ്താദിനെ വീട്ടിൽ വിളിപ്പിച്ചു.അടച്ചിട്ട മുറിയിൽ അര മണിക്കൂർ ചർച്ച.എല്ലാം ശരിയാക്കാം എന്ന രീതിയിൽ
ചിരിച്ചു കൊണ്ട് ഉസ്താദ് ഇറങ്ങി.
ക്വാറം തികഞ്ഞു ഒരു കമ്മറ്റി പോലും
നടന്നിട്ടില്ലാത്ത കമ്മറ്റി ഓഫീസ്
അന്ന് രാവിലെ തന്നെ ഫുൾ ക്വാറം.ക്ഷണിക്കപ്പെട്ട പ്രതിനിധി എന്ന നിലയിൽ അബൂബക്കർ ഹാജിയും
കമ്മറ്റി ഓഫീസിൽ ഉണ്ട്.
സെക്രട്ടറി വിഷയം അവതരിപ്പിച്ചു…ഉടനെ പാറപുറത്ത് നൗഷാദ് ചാടി എഴുന്നേറ്റു പറഞ്ഞു..”.ഈ വിവാഹ അനുമതി സർട്ടിഫിക്കേറ്റ് കൊടുക്കാൻ പറ്റില്ല.”..മറ്റുചിലരും പിന്താങ്ങി.
എന്ത് കൊണ്ട് കൊടുക്കാൻ
പറ്റില്ല എന്ന് പിറകിൽ ഇരുന്നു പായിപ്പാട്ടെ ഹനീഫ ചോദിച്ചപ്പോൾ .
“ഇരിയെടാ അവിടെ എന്നുള്ള
ആക്രോശം അലർച്ച…ആകപ്പാടെ ശബ്ദ കോലാഹലം…അബു ഹാജി സാവധാനം എഴുന്നേറ്റു സലാം ചൊല്ലി…ഓഫീസ് നിശബ്ദമായി…..ഹാജിയാർ പറഞ്ഞു തുടങ്ങി..”ഈ കമ്മറ്റി
ഓഫീസിൽ ഒരു ക്ഷണി താവായി ഒന്നൊഴിയാതെ എല്ലാ കമ്മറ്റികളിലും എന്റെ അഭിപ്രായങ്ങൾ കേട്ടു പല നല്ല തീരുമാനങ്ങളും നമ്മൾ എടുത്തിട്ടുണ്ട്…ഇതിപ്പോൾ ഈ വിഷയത്തിൽ ഞാൻ അപേക്ഷകനാണ്.അഭിപ്രായംഒന്നും പറയുന്നില്ല….അതുകൊണ്ട് ഈ വിഷയത്തിന് നമ്മുടെ ഖത്തീബിന്റെ അഭിപ്രായംസ്വീകരിക്കുന്നതാണ് നല്ലത്…”ഹാജിയാർ പറഞ്ഞു
“ആ അതു മതി ഖതീബിനെ വിളി “പലരും ഏറ്റുപറഞ്ഞു.
സെക്രട്ടറി ഖതീബിനെ വിളിച്ചു കൊണ്ട് വന്നു….അസ്സലാമു അലൈക്കും…അദ്ദേഹം പറഞ്ഞു തുടങ്ങി..
“കാര്യങ്ങൾ ഒക്കെ ഞാനറിഞ്ഞു.മുഹുമി നീങ്ങളെ
നമ്മളൊക്കെ മുസ്ലിമീങ്ങൾ ആയതു തന്നെ ഇസലാം കാര്യങ്ങളിലും ഈമാൻ കാര്യങ്ങളിലും വിശ്വസിച്ചത് കൊണ്ടാണല്ലോ… നമ്മുടെ വിശ്വാസം ഉറക്കണം….അപ്പോൾ ഞാൻ പറഞ്ഞു വരുന്നത്.ഒ ന്നാമതായി അല്ലാഹുവിൽ വിശ്വസമർപ്പിച്ച നമ്മൾ..പിന്നെ നന്മയും തിന്മയും ആയ എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ പക്കൽ നിന്നു വരുന്നതാണെന്ന് വിശ്വസിക്കണം ..ഈ വിശ്വാസം
നമുക്ക് എല്ലാവർക്കും ഉള്ളതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഈ വിഷയവും അല്ലാഹുവിന്റെ നിശ്ചയമാണ്
പടച്ചോന്റെ തീരുമാനം മാറ്റിമറിക്കാൻ ഉമ്മത്തിന് കഴിയില്ലല്ലോ …റബ്ബിന്റെ വിധി അതു ഹൈറാകട്ടെ ഷാർറാക ട്ടെ നമ്മൾ അനുസരിക്കണം.
ഇത്രയും പറഞ്ഞു ഉസ്താദ് സാവധാനം ഇരുന്നു .ആരും ഒന്നും പറയുന്നില്ല…എല്ലാവരും പരസ്പരം നോക്കിയിരുന്നു….
ഉസ്താദ് പ്രസിഡന്റി നെ തന്റെ കണ്ണ് കൊണ്ട് ഒന്ന് ഉഴിഞ്ഞു……..പ്രസിഡണ്ട് സാവധാനം എഴുന്നേറ്റു…..പ്രഖ്യാപിച്ചു
“ഉസ്താദ് പറഞ്ഞകാര്യങ്ങൾ മുൻനിർത്തി വിവാഹ സമ്മത പത്രം നൽകാൻ കമ്മറ്റി തീരുമാനിക്കുന്നു”
ഖത്തീബ് വിജയ ഭാവത്തിൽ പുറത്തേക്കു ഇറങ്ങുമ്പോൾ ഹാജിയരെ നോക്കി കണ്ണിറുക്കിയോ എന്നൊരു സംശയം.
പത്രികയും വാങ്ങി ഹാജിയാർ
ചെല്ലുമ്പോൾ അബു സാഹിബ്
ഒരു കവറും മായി വീട്ടുപടിക്കൽ ഉണ്ടായിരുന്നു.
പരസ്പരം ചിരിച്ചു കൊണ്ട് സലാംചൊല്ലി ഹാജിയാർ ചോദിച്ചു “എങ്ങനെ നിങ്ങളുടെ ഖത്തീബ്…. “
“അദ്ദേഹം വളരെ ഗംഭീര മായി
കാര്യങ്ങൾ അവതരിപ്പിച്ചു.”..
“ങ്ങാ എവിടെയും അങ്ങനെ തന്നെ “
“ഹാജിയാര് വരൂ ഇന്ന് ഇനി ഉച്ചഭക്ഷണം നമുക്ക് ഇവിടുന്നു കഴിക്കാം.” രണ്ടുപേരും വിവാഹ അനുമതി പത്രങ്ങൾ പരസ്പരം കൈമാറി നിറഞ്ഞ ചിരിയോടെ ആ വെളുത്ത ചായം തേച്ച വീട്ടിലേക്കു കയറി പോയി.
ചെറുകഥ
വിശ്വാസം അതല്ലേ എല്ലാം
അബ്ദുൽകരിംചൈതന്യ
തലയോലപ്പറമ്പ്