കേരളക്കര ഏറ്റുപിടിച്ച പുത്തൻ ആപ്പാണ് ക്ലബ്ഹൗസ്. കഴിഞ്ഞ മാസം ക്ലബ്ഹൗസിന്റെ ആൻഡ്രോയിഡ് പതിപ്പ് എത്തിയതോടെയാണ് ആപ്പ് ജനകീയമായത്. വർത്തമാനം പറയാനുള്ള ഒരു സൈബറിടം എന്ന് വേണമെങ്കിൽ ചുരുക്കത്തിൽ പറയാം. ചായക്കടയിലെ ചൂടുപിച്ച രാഷ്ട്രീയ ചർച്ചയും, കൂട്ടുകാർ കൂടിയുള്ള ഗോസ്സിപ് ചർച്ചകളും, സിനിമയെപ്പറ്റിയുള്ള കൂലംകഷമായ വാദങ്ങളും പ്രതിവാദങ്ങളും എന്ന് വേണ്ട ഏതു വിഷയത്തെപ്പറ്റിയും ക്ലബ്ഹൗസിൽ സംസാരിക്കാം, കേൾവിക്കാരനാവാം. നിലവിൽ ഓരോ ദിവസവും 10 മില്യൺ ജനങ്ങൾ ‘ക്ലബ്ഹൗസ്: ഡ്രോപ്പ് ഇൻ ഓഡിയോ ചാറ്റ്’ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് ഉടമസ്ഥരായ ആൽഫ എക്‌സ്സ്‌പ്ലൊറേഷൻ കമ്പനി അവകാശപ്പെടുന്നത്.

ആപ്പിന് ലഭിക്കുന്ന സ്വീകാര്യതയോടൊപ്പം ക്ലബ്ഹൗസ് ആപ്പിന്റെ ലോഗോയിലെ സ്ത്രീയുടെ ചിത്രം ആരുടേത് എന്നും പലരും തിരക്കുന്നുണ്ട്. ഏതെങ്കിലും സൂപ്പർ മോഡലോ അല്ലെങ്കിൽ കമ്പനിയുടെ ഉടമകളിൽ ഒരാളുടെ ചിത്രമോ ആവും എന്ന് നിങ്ങൾ ധരിക്കുന്നുണ്ടെങ്കിൽ തെറ്റി. ജാപ്പനീസ്-അമേരിക്കൻ ആക്ടിവിസ്റ്റും കലാകാരിയുമായ ഡ്രൂ കാറ്റേയോക്കയുടെ (Drue Kataoka) ചിത്രമാണ് ലോഗോയിൽ നൽകിയിരിക്കുന്നത്.

​ഡ്രൂ കാറ്റേയോക്ക

മാർച്ച് 2020-ൽ ക്ലബ്ഹൗസ് ആരംഭിച്ചപ്പോൾ തന്നെ (ഐഓഎസ് ഉപഭോക്താക്കൾക്ക് മാത്രം) ഡ്രൂ കാറ്റേയോക്ക ക്ലബ്ഹൗസ് ഡൗൺലോഡ് ചെയ്തിരുന്നു. ക്ലബ്ഹൗസിൽ 700,000-ൽ അധികം ഫോളോവെഴ്‌സുള്ള കാറ്റേയോക്ക ആപ്പിലെ റൂം സേവനം ഉപയോഗിച്ച് #StopAsianHate ക്യാമ്പയിനിലേക്ക് 100,000 ഡോളർ സമാഹരിച്ചു. മാത്രമല്ല ദി കിംഗ് സെന്ററിന്റെ സിഇഓ ഡോക്ടർ ബെർണാസ് കിങ്ങുമൊത്ത് വർണവെറിക്കെതിരെ #24HoursofLove എന്ന പേരിൽ ഒരു പരിപാടിയും സംഘടിപ്പിച്ചു. ഏഷ്യൻ വംശജരായ അമേരിക്കകാർക്കെതിരെ അതിക്രമണങ്ങൾ കൂടുന്ന ഈ കാലത്ത് ഏഷ്യൻ അമേരിക്കൻ ഐഡന്റിറ്റി, വിദ്വേഷ കുറ്റകൃത്യങ്ങൾ, വംശീയ ചേരിതിരിവ് എന്നീ വിഷയങ്ങളിൽ തുറന്ന ചർച്ചകൾക്ക് തന്റെ ക്ലബ്ഹൗസ് അക്കൗണ്ടിലൂടെ ഡ്രൂ കാറ്റേയോക്ക നേതൃത്വം വഹിച്ചു.

അതെസമയം ഒമാൻ , ജോർദാൻ , ചൈന തുടങ്ങിയ രാജ്യങ്ങൾ ഈ അപ്ലിക്കേഷൻ ഉപയോഗം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *