ജൂത തെരുവ് - ചെറുകഥ

രചന , അവതരണം :- അബ്ദുൽ കരീം ചൈതന്യ

കുഞ്ഞാനി താത്ത യുടെ പടുത പുതച്ച ഷെഡ് നിൽക്കുന്നത് അഴുക്കുചാലിനു മുകളിൽ നിരത്തിയിരിക്കുന്ന സിമന്റ് സ്ലാബിന് മേലിലാണ്. ഷെഡ്‌ഡിന് മുന്നിൽ ഇരുന്നു കൊണ്ടാണ് കുഞ്ഞാനി വെള്ളേപ്പം സൃഷ്ടിക്കുന്നത്. ഓരോ ചൂട് അപ്പവും ചട്ടിയിൽ നിന്ന് ചട്ടുകം കൊണ്ട് കോരി മുറത്തിലേക്ക് ഇടുമ്പോൾ മുറത്തിൽ നിന്ന് വലിയ ഈച്ചകൾ കൂട്ടത്തോടെ പറക്കും …അടുത്ത അപ്പം വീഴും വരെ ഈച്ചകൾ ചൂടപ്പത്തിലും ചുറ്റുവട്ടത്തും നക്കിതുടച്ച് ഇരിക്കും …വീണ്ടും ചൂടപ്പം വീഴുമ്പോൾ അവകൂട്ടത്തോടെ ശബ്ദമുണ്ടാക്കി പറന്നു മാറും. ഇതിനിടയിൽ ചില ഹതഭാഗ്യർ ചൂടുള്ള അപ്പങ്ങൾക്ക്‌ ഇടയിൽ പെട്ട് മയ്യത്ത് ആയിരിക്കും. കുഞ്ഞാനി താത്ത സാവധാനം ആ മയ്യത്തിനെ എടുത്ത് അവിടെ തന്നെ മറവ് ചെയ്യും…… വെള്ളയപ്പം ചുടുന്ന ചട്ടകം തേഞ്ഞു തേഞ്ഞു പിച്ചാത്തി പോലെയായി…..വർഷം പതിനൊന്നോ പന്ത്രണ്ടോ ആകുന്നു ഈ അപ്പ കച്ചവടം തുടങ്ങിയിട്ട് .
ആ തകര വാതിലിൽ ചാരി പുറത്തേക്ക് നോക്കിയിരുന്നു കുഞ്ഞാനുമ്മ എന്നും കരയുമായിരുന്നു .
കുഞ്ഞാനി യുടെ കെട്ടിയോൻ കാദർ ….ഐ മൂ.കാദർ എന്ന് എല്ലാവരും വിളിക്കും. കാദറിന്റെ വാപ്പ ഹൈദ്രോസ് സ്ഥലത്തെ ഒരു തൊഴിലാളി യൂണിയൻ നേതാവായിരുന്നു .ഒരുത്തമ കമ്മ്യൂണിസ്റ്റുകാരൻ പാർട്ടി ഐക്യമുന്നണി രൂപീകരിച്ചതിനു ശേഷം എല്ലാവരും അദ്ദേഹത്തെ ഐ മു ഹൈദ്രോസ് എന്ന് വിളി പേരിട്ടു ..അദ്ദേഹത്തിന്റെ മരണം വരെ ആ വിളിപ്പേര് തുടർന്നു ..പിന്നീട് ആ വിളിപ്പേര് മകൻ ഖാദറിനും ആയി ..എട്ടു സെന്റ് സ്ഥലത്ത് ഒരു ചെറിയ വീട് കാദറിന് ഏൽപ്പിച്ചു കൊടുത്തിട്ടാണ് വാപ്പ ഐ മു ഹൈദ്രോസ് വിടവാങ്ങിയത്. ഖാദർ നല്ലൊരു ഡ്രൈവറാണ് ഫോർട്ടുകൊച്ചിയിൽ കമ്പ വല കൂട്ട് വലിക്കാനും പോകും .
കുഞ്ഞാനുമ്മ ഒന്നേ പ്രസവിച്ചിട്ടുള്ളു . ഹസ്സനെ .
കുഞ്ഞാനുമ്മ യുടെ ആദ്യപ്രസവം.. ആത്തുക്ക തള്ള നാട്ടിലെ പേരെടുത്ത സൂതികർമ്മിണിയാണ് മറക്കുള്ളിൽ നിന്നു ആത്തുക്ക തള്ള പറഞ്ഞു “എന്താ റബ്ബേ ഇങ്ങനെ ഞാനെത്ര പ്രസവം എടുത്തിട്ടുള്ളതാ …ദേ പോത്തിനെ അറുത്തു ഒഴുക്കണ പോലാ ചോര ഒഴുകുന്നെ ….ബാദുരീങ്ങളെ ..ചോര നിക്കണില്ല “ആത്തുക്ക തള്ള ആർത്തു നിലവിളിച്ചു …കുഞാനുമ്മ കരഞ്ഞു തീർത്തു തളർന്നു ഒരനക്കവുമില്ല ..കിടന്ന കട്ടിലോടെ പൊക്കികൊണ്ട് ആശുപത്രിയിലേക്ക് ..”പടച്ചോനെ കാക്കണേ എന്റെ കുഞ്ഞാനിയെ കാക്കണേ നേർച്ചക്കാരെ എന്ന് വിളിച്ചുകൊണ്ടു കട്ടിലും ചുമന്നു കാദർ …
“നിങ്ങൾ കൃത്യസമയത്തു എത്തിച്ചത് നന്നായി .ഇനി കുഞ്ഞാമിന പ്രസവിക്കരുത് അവരുടെ ഗർഭപാത്രത്തിനു താങ്ങാനുള്ള കഴിവില്ല ..”
.

കാദറിനു ഒരു ഗുസ്തി ക്കാരന്റെ ആകാരമായിരുന്നു കമ്പവല വലിച്ചു ഉയർത്തുമ്പോൾ അവന്റെ വിരിഞ്ഞ നെഞ്ചും വിയർപ്പു തുടിച്ചു നിൽക്കുന്ന വിടർന്ന നെറ്റിയും രണ്ടു കൈമുട്ടുകൾക്കും തോളിനും ഇടയിൽ പൂച്ചക്കുട്ടികളെ പോലെ ഉരുണ്ടു കളിക്കുന്ന മസ്സില് …വലയിൽ നിന്നു കുടഞ്ഞിടുന്ന മീനുകളെ പഞ്ചാര മണ്ണിൽ നിന്നു പെറുക്കി എടുക്കുന്ന ചില മീൻകാരി പെണ്ണുങ്ങൾ അവനെ നോക്കി ചുണ്ട് കടിച്ചു ഊറി ച്ചിരിക്കും .അവൻ അതൊന്നും ശ്രദ്ധിക്കാറേയില്ല..
ഒരു ദിവസം വലപ്പണി കഴിഞ്ഞു പോരാൻ നേരം കുറച്ചു മാറി മീൻ മണം പറ്റി ചുറ്റി കളിക്കുന്ന നായ്ക്കൾക്ക്‌ ഇടയിൽ ഒരു കരച്ചിൽ കാദർ ഓടിച്ചെന്നു…. ഏതാണ്ട് പൂഴിയിൽ പുതഞ്ഞു കിടക്കുന്ന ഒരു കുഞ്ഞു …അയാൾ അവനെ വാരി എടുത്തു വീട്ടിലേക്കു ഓടി അന്ന് ആ വീട്ടിൽ ഒരു വലിയ പെരുന്നാൾ തന്നെ ആയിരുന്നു.കുഞ്ഞാനുമ്മ അവനെ ഹുസൈൻ എന്ന് വിളിച്ചു .ആദ്യമൊക്കെ ഹസ്സനും ഹുസൈന് മായി പുറത്തു പോകുമ്പോൾ ചിലർ വിളിച്ചു പറയുമായിരുന്നു “ഓള്ക്ക്‌ ഷോഡതി അടിച്ചതാ “ഒരിക്കല് പള്ളീലെ മുഅദ്ധീൻ പറഞ്ഞു “കുഞ്ഞാനുമ്മ നിനക്ക് പടച്ചോൻ കൊണ്ടെത്തന്ന ബർകത്താ “അവൾ തലകുനിച്ച് തട്ടം വലിച്ചു നേരെയാക്കി നടന്നു പോകും .
കാദറിന്റെ തകര ഷെഡ്‌ഡിന്റെ പുറകിലെ വലിയ മതിൽ കെട്ടു ഒരു ഫ്രഞ്ചു സായിപ്പിന്റെ പാണ്ടികശാല യാണ് .പണ്ട് ടെൻ കണക്കിന് ചുക്കും കുരുമുളകും സംഭാരിച്ചു സൂക്ഷിച്ചിരുന്ന ഇടമാ ഇന്ന് പേരിനു മാത്രം ..അവിടെത്തെ മൂപ്പനാണ് ഫ്രഞ്ചു മക്കാര് ആറടി പൊക്കമുള്ള മക്കാരിന്റെ കയ്യിൽ നീളമുള്ള ഒരു ചൂരൽ എപ്പോഴും ഉണ്ടാകും .ചൂരൽ ചുഴിറ്റി ലാടം തറച്ച ഷൂസിൽ കയറി ..വലിയ ജൂബായ്ക്ക് മീതെ ഒരു കറുത്ത ഓവർ കൊട്ടുമിട്ടു നടന്നു വരുമ്പോൾ ലാടം കൊണ്ട് ഞെരിഞ്ഞു അമരുന്ന പാറകല്ലുകളുടെ കറ കറാ ശബ്ദം കേൾക്കാം .ഒരു നാട്ടു രാജാവിന്റെ ഗരിമ .ഇപ്പോഴും അവിടം ഫ്രഞ്ചു കോളനി എന്നാ ഭാവം .അയാൾ വായ തുറന്നാൽ ഫ്രഞ്ചു നായ കുര ക്കുന്ന ശബ്ദമാണ് .
ഒരു ദിവസം ഫ്രഞ്ച് മക്കാർ കാദറിനോട് പറഞ്ഞു ” നീ എന്റെ മിടുക്കനായ ഒരു ഡ്രൈവറാണ് നിനക്ക് ഞാനൊരു ലോറി വാങ്ങി തരുന്നുണ്ട് “നീ നാളെ പോരും മ്പോ നിന്റെ പേരേന്റെ ആധാര കടലാസും കൊണ്ടു പോര്”
കാദർ ലോറി ഓടിച്ച വരുമ്പോഴും പോകുമ്പോഴും ഫ്രഞ്ച് മക്കാർ നാലാൾ കേൾക്കെ പറയും ഞാൻ വാങ്ങി കൊടുത്തതാ “അതൊരു കടുത്ത വഞ്ചന യായിരുനു മക്കളെ …
വർഷങ്ങൾ കഴിഞ്ഞു ഒരു ദിവസം അംശം അധികാരികളും പോലീസും എത്തി .നമ്മളെ പെരു വഴിയിലേക്ക് ഇറക്കി വിട്ടു ….
“..നിങ്ങടെ ബാപ്പയെ മക്കാര് വഞ്ചിക്കുക ആയിരുന്നു ….
ഉമ്മയിൽ നിന്ന് ഇതു കേട്ടത് മുതൽ ഹസ്സന്റെ ഉള്ളിൽ പകയുടെ അഗ്നി നാമ്പുകൾ
മുളച്ചു പൊന്താൻ തുടങ്ങി .
കാദർ തന്റെ കിടപ്പാടം ആവശ്യപെട്ടു ചെല്ലുമ്പോഴെല്ലാം മാക്കാറിലെ വേട്ട മൃഗം ചാടിവീഴും .ഒരു ദിവസം കാദറിന്റെ കൈക്കരുത് ഫ്രച്ചു മക്കാരും കൂട്ടാളികളും അറിഞ്ഞു ..
“അവരൊക്കെ വലിയ ആൾക്കാരാ നിങ്ങൾ ഇനി അങ്ങോട്ട് പോകണ്ട …എനിക്ക് പേടിയാകുന്നു “കുഞ്ഞാനുമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു .
ദിവസങ്ങൾ കഴിഞ്ഞു ..ഒരുദിവസം രാത്രി കമ്പവല കൂട്ട് വലിക്കാൻ പോയ കാദർ തിരിച്ചു വന്നില്ല .രാവിലെ കമ്പവല കുറ്റിയോട്‌ ചേർന്നു തല പിളർന്നു കാദർ കിടപ്പുണ്ടായിരുന്നു .
ആ കാഴ്ച ഒരെട്ട് വയസുകാരന്റെ ഉള്ളിൽ നൊമ്പരമായി …പിന്നെ പ്രതികാരത്തിന്റെ തീക്കാറ്റായി അവനിൽ വളർന്നു .
“ഉമ്മാ മുൻപ് പറയുമായിരുന്നില്ലേ’ എത്രയോ രാത്രികൾ ഈ മനുഷ്യ മൃഗത്തെ പേടിച്ചു വെട്ടുകത്തിയും പിടിച്ചു ഉറങ്ങാതെ ഇരുന്നിട്ടുണ്ടെന്നു .
ഇനി ഉമ്മ നന്നായി ഉറങ്ങിക്കൊള്ളൂ “…ഈ ആയുധം എന്റെ തലയണ കീഴിൽ ഇരിക്കട്ടെ …അവൻ ആ വെട്ടുകത്തി അവന്റെ തലയണകീഴിൽ എടുത്തു വെച്ചു .
അന്ന് ഡിസംബർ മുപ്പത്തി ഒന്ന് പുതുവർഷത്തെ വരവേൽക്കാൻ അവിടമാകെ ഒരുങ്ങിക്കഴിഞ്ഞു.. പുറം കടലിൽ നങ്കൂരമിട്ടിരുന്ന കപ്പലുകൾ പ്രകാശ ഗോപുരങ്ങൾ
പോലെ പുതുവർഷപ്പിറവിക്കായി കാതോർത്തു കിടന്നു കടൽക്കരയിൽ ആയിരങ്ങൾ ആനന്ദ ലഹരിയിൽ ആറാടി തിമിർക്കുന്നു.. ക്ലാർനെറ്റ് കൾ സംഗീതം പൊഴിക്കുന്നു …ബാന്റു സെറ്റിന്റെ ഉയർന്നു പൊങ്ങുന്ന താളമേളം വലിയ സ്ഥൂപത്തിലെ ഘടികാരത്തിൽ ഇമ്പമാർന്ന പന്ത്രണ്ടു മണിനാദം മുഴങ്ങി .. കപ്പലുകളിൽ നിന്ന് സൈറൻ നിലക്കാതെ ഒഴുകി .അന്തരീക്ഷം നിറഞ്ഞ വാദ്യഘോഷം ..ഹാപ്പി ന്യൂ ഇയർ ….ആയിരങ്ങളുടെ മാറ്റൊലി താരംഗമായി അവിടെ ആകെ ഒഴുകി പരന്നു ഇതിനിടയിൽ ….ഹയ്യോ എന്ന ഒരു നിലവിളി ആരും കേട്ടില്ല എന്തോ പൊട്ടി തകരുന്ന ശബ്ദം… ബ്യൂഗിളിന്റെ മേൽ ഉയരാൻ ആ ശബ്ദത്തിനും കഴിഞ്ഞില്ല …..
തകര വാതിൽപ്പടിയിൽ ഹുസൈൻ കണ്ണുംനട്ട് ഇരിക്കുമ്പോൾ ഇരുളിൽ ഹസ്സൻ കിതച്ച് കൊണ്ട് വരുന്നു .അവന്റെ കയ്യിലിരുന്ന
വെട്ടുകത്തി ക്ക്‌ പച്ച ചോരയുടെ മണം ഉണ്ടായിരുന്നു ഉണ്ടായിരുന്നു ആരും ഒന്നും സംസാരിക്കുന്നില്ല ..ഹുസൈൻ വെട്ടുകത്തി വാങ്ങിച്ച് അവന്റെ തീപിടിച്ച വസ്ത്രങ്ങൾ അഴിച്ചു വാങ്ങി “എടാ ഞാൻ ആ മൃഗത്തെ തീർത്തു ” പിന്നെ ആരും ഒന്നും സംസാരിചില്ല
അന്ന് പുതുവത്സര പിറവി ദിനം ഫ്രഞ്ച് മക്കാർ കമ്പവല ചുവട്ടിൽ തല പിളർന്ന് കിടക്കുന്നു എന്ന വാർത്ത കേട്ടാണ് എല്ലാവരും ഉണർന്നത് .
തകര ഷഡ്ഡിനു മുന്നിൽ ഒരു കൂട്ടം പൊലീസും ഒരു പൊലീസ് നായയും ഹസനും ഹുസൈനും പുറത്തേക്ക് വന്നു …പെട്ടെന്ന് ഹുസൈൻ ഒളിപ്പിച്ചു വച്ചിരുന്ന വെട്ടുകത്തിയും രക്തം പുരണ്ട വസ്ത്രങ്ങളും എടുത്ത് പോലീസിന് കൊടുത്തു ….ഉമ്മയും ഹസനും വാക്കുകൾ ഒന്നുമില്ലാതെ നിറകണ്ണുകളോടെ നിൽക്കുമ്പോൾ… ഹുസൈൻ ഹസ്സന്റെ തോളിൽ തട്ടി പറഞ്ഞു “നീ ഉമ്മയെ നോക്കണം ….എന്റെ ഉമ്മയെ പൊന്നുപോലെ”
പോലീസ് ജീപ്പ് പോകുമ്പോൾ അതിന്റെ പിന്നിൽ വിലങ്ങണിഞ്ഞ ഹുസൈൻ പുറത്തേക്ക് നോക്കി ഇരിപ്പുണ്ടായിരുന്നു…….

അബ്ദുൽകരിം
തലയോലപ്പറമ്പ്

കഥ കേൾക്കാം

Leave a Reply

Your email address will not be published. Required fields are marked *