ഒമാനിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ വി കെ ഷഫീർ എഴുതുന്നു
പൃഥ്വിരാജ് സുകുമാരൻ …..
2002 ൽ ആണ് പൃഥ്വിരാജ് സിനിമാ രംഗത്തേക്ക് വരുന്നത് , ഒരു വർഷത്തിനുള്ളിൽ സാമാന്യം തിരക്കുള്ള നടനായി മാറി . 2003 ൽ മലയാള സിനിമാ മേഖലയെ സ്തംഭിപ്പിച്ച സിനിമാ സമരം ഉണ്ടായ കാര്യം നമ്മളിൽ പലർക്കും അറിയാം , നിർമാതാക്കളുമായി താരങ്ങൾ കരാറിൽ ഒപ്പിടാൻ വിസമ്മതിച്ചു . അതിന്റെ കാര്യകാരണങ്ങളും – ന്യായാന്യായങ്ങളും എന്തുമാകട്ടെ . മലയാള സിനിമ നിർമ്മാണ മേഖല സ്തംഭിച്ചു . ദിവസകൂലിക്കു സെറ്റുകളിൽ പണിയെടുക്കുന്നവർക്കു ജോലിയില്ലാതെയായി , പലരും പട്ടിണിയിലായി . മലയാള സിനിമയിലെ താരരാജാക്കന്മാരുടെ പിടിവാശിയും , ധാർഷ്ട്യവും , നിർമാതാക്കൾക്ക് മുന്നിൽ മുട്ട് മടക്കില്ല എന്നുള്ള അഹങ്കാരവും ആയപ്പോൾ നിത്യച്ചിലവിനു വഴിയില്ലാതെ ജൂനിയർ ആർട്ടിസ്റ്റുകളും , ലൈറ്റ് ബോയ്സും എല്ലാം രാഷ്ട്രീയ പാർട്ടികളുടെ ജാഥക്ക് കൂലിക്കു പോകേണ്ട അവസ്ഥയുണ്ടായി . എന്നാൽ അതൊക്കെ എത്രയുണ്ടാകും . ഈയൊരു പ്രതിസന്ധി പരിഹരിച്ചില്ല എങ്കിൽ സിനിമ മേഖലയെ ആശ്രയിച്ചു കഴിയുന്ന പലർക്കും ആത്മഹത്യ ചെയ്യേണ്ടി വരും എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങി . ഈ സമയത്തു മലയാള സിനിമയിലെ താര രാജാക്കന്മാരെ വെല്ലുവിളിച്ചു കൊണ്ട് തന്നെ ഒരാൾ നിർമാതാക്കളുമായി കരാറിൽ ഒപ്പിടാൻ സധൈര്യം മുന്നോട്ട് വന്നു .അതാണ് സാക്ഷാൽ പൃഥ്വിരാജ് സുകുമാരൻ . നടൻ ലാലു അലക്സിനെ പോലുള്ള ആളുകളാണ് അതിനു മുൻകൈ എടുത്തതും എടുത്തു പറയേണ്ട ഒന്നാണ് . പലരും പൃഥ്വിരാജിനെ അതിൽ നിന്നും പിന്മാറാൻ പ്രേരിപ്പിച്ചു എന്നാൽ അദ്ദേഹം വഴങ്ങിയില്ല . ഒരു തുടക്കക്കാരൻ എന്ന നിലയയ്ക്കു ആരും തയ്യാറാകാത്ത സാഹസം . അന്നതിനേക്കുറിച്ചു ലാലു അലക്സ് പറഞ്ഞത് ” അവൻ സുകുമാരന്റെ മകൻ ആണെന്നാണ് ” … എന്തായാലും പതുക്കെ ..പതുക്കെ പലരും സമരത്തിൽ നിന്നും പിന്മാറി . പരസ്പരം വിട്ടു വീഴ്ച ചെയ്തു സമരം ഒത്തു തീർന്നു . എന്നാൽ അതിനോടകം തന്നെ പൃഥ്വിരാജ് മലയാള സിനിമയിലെ താര രാജാക്കന്മാരുടെ കണ്ണിലെ കരടായി മാറുകയും ചെയ്തു . തങ്ങൾക്കു മുകളിൽ ഒരാൾ വരുന്നു എന്നത് പലരെയും അസ്വസ്ഥരാക്കി . അവിടെ നിന്നും അദ്ദേഹത്തിന്റെ സിനിമകളെ ഏതു വിധേനെയും തോൽപ്പിക്കാൻ ശ്രമം ഉണ്ടായി . എന്നാൽ മലയാള സിനിമയിലെ പെരുന്തച്ചന്മാർക്ക് ഭീഷണിയായി ഒരു ” ഇളന്തച്ചൻ ” ഇവിടെ ഉദിച്ചുയർന്നു . എന്തൊക്കെ കോലാഹലങ്ങൾ ഇവിടെ പൃഥ്വിരാജിനെതിരെ നടന്നു . ഒരു പ്രമുഖ പത്രത്തിന്റെ മുൻപേജിൽ അദ്ദേഹത്തിന്റെ മരണവാർത്ത വരെ ഫേക്കായി സൃഷ്ടിച്ചുകൊണ്ട് എതിരാളികൾ ആഘോഷിച്ചു . കൂവി തോല്പിച്ചും , അപവാദ പ്രചാരണങ്ങൾ സൃഷ്ടിച്ചും പല സിനിമകൾക്കും അർഹിച്ച വിജയം നേടാൻ കഴിയാതെ പോയി . മലയാള സിനിമയിലെ താരരാജാക്കന്മാരുടെ രഹസ്യ പിന്തുണ അതിനൊക്കെ ഉണ്ടായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ് . എന്നാൽ അതിനൊന്നും ഇല്ലാതെയാക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല അദ്ദഹത്തിനു സിനിമയിൽ ഉള്ള സ്ഥാനം . ഇന്ന് മലയാള സിനിമയിൽ ഇരുപതു വർഷം പൂർത്തിയാക്കുന്ന വേളയിൽ പൃഥ്വിരാജിന് തന്റേതായ ഒരിടം ഉണ്ടെങ്കിൽ ന്യായത്തിന്റെ പക്ഷത്തു നിൽക്കുന്ന ധീരമായ നിലപാടുകൊണ്ടു കൂടിയാണ്. തന്റെ കഴിവിലുള്ള വിശ്വാസം ആണ്. ഏട്ടനേയും , ഇക്കയെയും കാണാത്തിടത്തു പൃഥ്വിയെ കാണുന്നത് ആ കഴിവിലും, കരുത്തിലും ഉള്ള വിശ്വാസം ആണ് . അതെ അയാൾ ” സുകുമാരന്റെ മകനാണ് …. “