പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുന്നവരുടെ സുരക്ഷിത ജീവിതത്തിന് കേരള സര്‍ക്കാര്‍ നടപ്പാക്കിയ പ്രവാസി ഡിവിഡന്റ് സ്‌കീമിന്റെ ഈ വര്‍ഷത്തെ രജിസ്‌ട്രേഷന്‍ തുടങ്ങി. പ്രവാസികള്‍ക്ക് ജീവിതകാലം മുഴുവന്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതാണ് സ്‌കീം.

പ്രവാസികളുടെ നിക്ഷേപം കേരള പ്രവാസി ക്ഷേമ ബോര്‍ഡിലൂടെ സ്വീകരിച്ച ശേഷം കിഫ്ബി വഴി നാടിന്റെ വികസനത്തിന് ചെലവഴിക്കും. 2019-ല്‍ തുടങ്ങിയ സ്‌കീമിന് പ്രവാസികളില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

എന്താണ് ഡിവിഡന്റ് സ്‌കീം

പ്രവാസികള്‍ക്ക് മൂന്ന് ലക്ഷം മുതല്‍ 51 ലക്ഷം രൂപ വരെ സ്‌കീമില്‍ നിക്ഷേപിക്കാം. മൂന്ന് വര്‍ഷത്തിന് ശേഷം തുകയുടെ 10 ശതമാനം വീതം ഡിവിഡന്റായി ലഭിക്കും. ആദ്യ മൂന്ന് വര്‍ഷങ്ങളിലെ 10 ശതമാനം ഡിവിഡന്റ് നിക്ഷേപ തുകക്കൊപ്പം ചേര്‍ത്ത് ആ തുകയുടെ 10 ശതമാനം നിരക്കിലുള്ള ഡിവിഡന്റാണ് നാലാം വര്‍ഷം മുതല്‍ പ്രതിമാസം ലഭിക്കുക.

10 ലക്ഷം രൂപ നിക്ഷേപിക്കുന്നയാള്‍ക്ക് നാലാം വര്‍ഷം മുതല്‍ പ്രതിമാസം ഏകദേശം 10000 രൂപയുടെ മുകളില്‍ ലഭിക്കും. നിക്ഷേപകരുടെ കാലശേഷം ജീവിതപങ്കാളിക്ക് ഈ തുക ലഭിക്കും. ജീവിത പങ്കാളിയുടെ മരണശേഷം നിക്ഷേപ തുക നോമിനിക്ക് കൈമാറും.

ആര്‍ക്കൊക്കെ ലഭിക്കും

നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് നിക്ഷേപം നടത്താം. രണ്ട് വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ വിദേശത്ത് ജോലി ചെയ്ത ശേഷം കേരളത്തില്‍ സ്ഥിരതാമസമാക്കിയവര്‍ക്കും കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ ആറ് മാസത്തിലധികമായി ജോലി സംബന്ധമായി താമസിക്കുന്നവര്‍ക്കും പദ്ധതിയില്‍ ചേരാം.

pravasikerala.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി പദ്ധതിയുടെ ഭാഗമാകാം. ഓണ്‍ലൈന്‍ വഴി പണമടക്കാനും സൗകര്യമുണ്ട്. 8078550515 എന്ന ഹെല്‍പ്‌ലൈന്‍ നമ്പറില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം. ഈ നമ്പറിലേക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ചാലും വിവരങ്ങള്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *