സോഷ്യൽ‌ മീഡിയയിൽ‌ എന്തുമാവാം‌ എന്ന‌ സൗകര്യം‌ ഉപയോഗപ്പെടുത്തി‌, അതോടൊപ്പം‌ പ്രമുഖ‌ ചാനലുകളും‌ പത്രങ്ങളും‌ അവസരത്തിനൊത്ത്‌ നിറം‌ മാറിയതും‌ ദുരുപയോഗം‌ ചെയ്ത്‌ ഫലസ്ത്വീൻ‌ പ്രശ്നത്തിൽ‌ ആടിനെ‌ പട്ടിയാക്കി‌ ചരിത്ര വസ്തുതകളെ വളച്ചൊടിക്കുകയാണ് പലരും.

അപ്പോഴാണ്‌‌ വിഷയം‌ നന്നായി‌ പഠിച്ച്‌ ആർക്കും‌ നിഷേധിക്കാനാവാത്ത‌ വിധം‌ സത്യസന്ധമായി‌ എട്ട്‌ ഭാഗങ്ങളായി‌ നാസറുദ്ദീൻ‌ മണ്ണാർക്കാട്‌ ഫലസ്ത്വീൻ‌-ഇസ്‌റായേൽ‌ വിഷയം‌ വിശദീകരിച്ചുകൊണ്ട്‌ രംഗത്ത്‌ വന്നത്‌.

പ്രശസ്ത മാപ്പിളപ്പാട്ടു ഗാന രചയിതാവും സോഷ്യൽ മീഡിയ എഴുത്തു കാരനും ആയ നസ്രുദീൻ മണ്ണാർക്കാട് എഴുതുന്നു.

അധ്യായം -1

13 മില്യൺ വരുന്ന ഫലസ്തീൻ വംശജരിൽ 20% ഉം ക്രിസ്ത്യാനികളാണ് . അവരിൽ 70% ഉം താമസിക്കുന്നത് ഇസ്രായേലിനും ഫലസ്തീനും പുറത്താണ് . ഇക്കാര്യം ആദ്യമേ പറയുന്നത് ഫലസ്തീനിൽ വീഴുന്നത് മുസ്ലിം രക്തമാണ് എന്ന ധാരണയിൽ ചിലർക്ക് കിട്ടുന്ന ഒരു മനസ്സുഖമുണ്ടല്ലോ , അത് ശമിപ്പിക്കാനാണ് .
ഫലസ്തീൻ വിഷയം ഒരു മുസ്‌ലിം പ്രശ്നം മാത്രമല്ല . പ്രശ്നം അനുഭവിക്കുന്നവരിൽ അറബ് മുസ്ലിംകളുടെ അളവ് താരതമ്യേന കൂടുതൽ ആണെന്ന് വേണമെങ്കിൽ പറയാമെന്ന് മാത്രം . അത് പോലെ തന്നെ ഇസ്രായേലിലുള്ളത് മുഴുവനും ജൂതന്മാരുമല്ല . ഏതാണ്ട് 18 % മുസ്ലിംകളും 2% ക്രിസ്താനികളും കുറച്ച് ദ്രൂസികളും മറ്റു ചിലരും കഴിഞ്ഞാൽ 74 ശതമാനം ജൂതരാണ് ഇസ്രായേലിൽ ഉള്ളത് . ജൂതരിൽ തന്നെ ഇസ്രായേലിന്റെ പലസ്തീൻ കയ്യേറ്റങ്ങൾ എതിർക്കുന്ന ധാരാളം പേരുണ്ട് . അവർക്ക് സംഘടനകളുമുണ്ട് . എല്ലാ ജൂതന്മാരും ഇസ്രായേൽ രാജ്യത്തിന്റെ കൂടെ ആണെന്നുള്ള ധാരണയും മാറ്റി വെയ്ക്കുക .
സോഷ്യൽ മീഡിയയിൽ കാണുന്ന വിധം റോക്കറ്റുകൾ അങ്ങോട്ടും ഇങ്ങോട്ടും പറന്നാൽ മുസ്ലിം രക്തവും ജൂത രക്തവും മാത്രമേ വീഴുന്നുള്ളൂ എന്ന ധാരണ ആദ്യമേ അങ്ങോട്ട് മാറ്റി വെച്ച് നമുക്ക് അടിസ്ഥാന വിഷയത്തിലേക്ക് വരാം .
വിഷയം നീതിയാണ് . ഫലസ്തീൻ ആരുടെ മണ്ണാണ് !
മണ്ണ് ഫലസ്തീന്റെയോ ഇസ്രായേലിന്റെയോ എന്ന് തീരുമാനിക്കേണ്ടത് ചരിത്രം വെച്ചാണ് . അതിൽ വികാരപരമോ വിധേയത്വപരമോ ആയ നിലപാടുകൾക്ക് പ്രസക്തിയില്ല . നിങ്ങളുടെ വീട് നിങ്ങളുടേതാണ് എന്ന് തെളിയിക്കേണ്ടത് രേഖകൾ വെച്ചാണ് . അല്ലാതെ , ആരാന്റെ പറമ്പിനോട് ഇഷ്ടം കൂടി അവിടെ കേറി വീട് വെച്ചു എന്നത് പോലുള്ള ബാലിശമായ വാദങ്ങൾ ആവരുത് നിലപാടിന് ആധാരം .
ഭൂമി ശാസ്ത്രം :
മെഡിറ്ററേനിയൻ സമുദ്രത്തിനും ജോർദാൻ നദിയ്ക്കും ഇടയിലുള്ള പ്രദേശമാണ് ഫലസ്തീൻ . ക്രിസ്തുവിന് 5 നൂറ്റാണ്ട് മുൻപ് ഹെറോഡോട്ടസ് എന്ന റോമൻ ചിത്രകാരന്റെ രേഖകളിൽ ആണ് ഫലസ്തീൻ എന്ന പേര് കാണാം . ക്രിസ്തുവിനു മുൻപ് 12 ആം നൂറ്റാണ്ടിൽ പ്രദേശത്ത് അധിവസിച്ചിരുന്ന ഫിലിസ്‌തിയൻ എന്ന ജന സമൂഹത്തിൽ നിന്നാണ് ഫലസ്തീൻ എന്ന പേര് ഉണ്ടായത് എന്നാണ് പ്രബലമായ അഭിപ്രായം ബൈബിളിൽ കാനൻ എന്നും അറബിയിൽ കൻആൻ എന്നും ഈ പ്രദേശം അറിയപ്പെട്ടു . ബിസി 16 ആം നൂറ്റാണ്ടിൽ കാനനിൽ ജീവിച്ചിരുന്ന യഅക്കൂബ്‌ നബി (മുസ്ലിം വിശ്വാസം ) അഥവ ജേക്കബ് (ബൈബിൾ ) എന്ന പ്രവാചകന്റെ സന്തതികൾ ആണ് പിന്നീട് ബനൂ ഇസ്രായേലികൾ എന്ന് അറിയപ്പെട്ടത് . അവരെ കുറിച്ച് ബൈബിളിലും ഖുർആനിലും വിശദമായ പരാമർശങ്ങൾ ഉണ്ട് . ചുരുക്കത്തിൽ അവിടെ ഫലസ്തീനികളും ഇസ്രായേലികളും അധിവസിച്ചു പോന്നത് ഒരേ കാലത്ത് തന്നെയാണ് എന്ന് കാണാം .
കൃസ്തുവിനു മുൻപ് തന്നെ അസ്സീറിയക്കാരും ബാബിലോണിയൻസും റോമാക്കാരും ജൂതരെ പലപ്പോഴായി നാട് കടത്തിയിരുന്നു . ജറുസലേമിൽ ജൂതരുടെ ആരാധനാലയങ്ങൾ നശിപ്പിച്ചതിൽ റോമക്കാർക്ക് വലിയ പങ്കുണ്ട് . ക്രിസ്തുവിന് ശേഷം Deicide അഥവ ദൈവത്തെ കൊന്നു എന്ന കുറ്റമാരോപിച്ച് വലിയ പീഡനങ്ങൾ ജൂതർ നേരിടേണ്ടി വന്നിട്ടുണ്ട് . AD 250 മുതല് 1948 വരെ 109 നാടുകളിൽ നിന്നവരെ ആട്ടി ഓടിച്ചിട്ടുമുണ്ട് .
അതിന്റെ ലഘു ചിത്രം ഇങ്ങനെയാണ് :
എ ഡി 136 ല്റോമന് ചക്രവര്തി ഹഡ്രിയാന്റെ ക്രൂര പീഡനത്തിനു ഇരയായി ഏകദേശം 4 ലക്ഷം പേര് കൊല്ലപ്പെട്ടു.
1007 മുതൽ 1012 വരെ ഒട്ടനവധി ജൂതന്മാർ നിർബന്ധിത മത മാറ്റത്തിനു വിധേയരാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. King Robert the Pious, Richard II, Duke of Normandy, and Henry II, Holy Roman Emperor എന്നിവരാണ് ഇതിനു നേതൃത്വം നല്കിയത്.
കുരിശു യുദ്ധങ്ങളുടെ കാലത്ത് ഈ അക്രമങ്ങൾ അതിന്റെ മൂർധന്യാവസ്ഥയിൽ എത്തി. 1096 ൽ ഫ്രാൻസ്-ജർമ്മൻ കുരിശു പോരാളികൾ റിന്നിലെയും ദാനൂബിലെയും ജൂത വിഭാഗങ്ങളെ കൊന്നൊടുക്കി.12000 ജൂതരാണ് വാളിനു ഇരയായത്.
1099ല് യൂറോപ്പ്യർ ജെറുസലേം പിടിച്ചെടുത്തു ക്രിസ്ത്യന് ഭരണകൂടം സ്ഥാപിച്ചു. യൂറോപ്പിലും മിഡിൽ ഈസ്റ്റിലുമായി പത്തായിരം യഹൂദരെ വധിച്ചു. സിനഗോഗുകളിൽ പ്രാർത്ഥനയിൽ മുഴുകിയിരുന്നവരെ വളഞ്ഞു അവരുടെ സിനഗോഗുകൾ സഹിതം തീയിട്ടു കൊല്ലുകയായിരുന്നു എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
1320 ൽ ഫലസ്തീൻ മുസ്ലിംകളുടെ കയ്യിൽ നിന്ന് മോചിപ്പിക്കാൻ എന്ന പേരിൽ സ്വയം സജ്ജരായ 40000 യൂറോപ്യർ 120 ജൂത കമ്യൂണിറ്റികളെ നാമാവശേഷമാക്കി. 1321 ൽ ഫ്രാൻസിൽ 5000 ജൂതരെ കുറ്റിയിൽ കെട്ടിയിട്ട് ചുട്ടു കൊന്നു.
1348 ൽ പ്ലേഗ് ബാധയ്ക്കു കാരണം ജൂതന്മാർ ആണെന്ന് ആരോപിച്ചു ജർമ്മനിയിൽ മാത്രം 11400 ജൂതൻമാരെ ചുട്ടു കൊന്നു.
മുസ്ലിംകളുടെ സംരക്ഷണത്തിൽ ആയിരുന്ന സ്പെയിനിലെ ജൂതന്മാർ. മുസ്ലിം സ്പെയിൻ തകർന്നതോടെ 70 ജൂത വിഭാഗങ്ങൾ കൂട്ട കൊലയ്ക്കു വിധേയരായി. നിർബന്ധ മതംമാറ്റത്തിനു വിധേയരായി. 1453 ൽ പോളണ്ട് ഉൾപ്പടെയുള്ള പല പ്രദേശങ്ങളും ജൂതരുടെ പൌരത്വം എടുത്തു കളഞ്ഞു.
1492 ൽ സ്പെയിനിൽ നിന്ന് മതം മാറാൻ വിസമ്മതിച്ച 3 ലക്ഷം ജൂതന്മാർ ഇസ്ലാമിക് തുർക്കിയിലേക്ക് അഭയം തേടി പലായനം ചെയ്തു . 1497 ൽ പോർച്ചുഗീസിൽ നിന്ന് ജൂതരെ പുറത്താക്കി. 20000 ജൂതർ രാജ്യം വിട്ടു.
കത്തോലിക്കാ സഭയുടെ പ്രതാപ കാലത്ത് നടന്ന ഈ കൂട്ട കുരുതികൾ നിയന്ത്രിക്കാൻ സഭയ്‌ക്ക് കഴിഞ്ഞില്ലെന്നു മാത്രമല്ല സഭ തന്നെ പലപ്പോഴായി ജൂത സമൂഹത്തിനു എതിരായ കരിനിയമങ്ങൾ കൊണ്ടുവന്നിരുന്നു. 1846 ൽ ആണ് അത്തരം നിയന്ത്രണങ്ങൾ വത്തിക്കാൻ എടുത്തു കളഞ്ഞത് . സഭയ്ക്ക് പറ്റിയ തെറ്റായി സഭ തന്നെ ഏറ്റു പറഞ്ഞ ചരിത്രമാണിത്‌ .
1933 മുതൽ ജർമ്മനിയിൽ നടന്ന ജൂത ഹത്യയൊക്കെ യൂറോപ്പിന്റെ ജൂത വിരോധത്തിന്റെ തുടർച്ച മാത്രമായിരുന്നു . അതിൽ ഹിറ്റ്ലറെയും ജർമ്മൻകാരെയും മാത്രം പഴിക്കുന്നതിൽ കാര്യമില്ല . യൂറോപ്പ്യർ മുഴുവനും ജൂതരോട് ചെയ്തത് വെറും ദ്രോഹം മാത്രമാണ് എന്ന് ചരിത്രം . കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിവരെയുള്ള ചരിത്രമാണിത് . അധികമൊന്നും പുറകിലേക്ക് പോവേണ്ടതില്ല എന്ന് ചുരുക്കം .
മുസ്ലിംകളും ജൂതരും :
സത്യത്തിൽ ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽ മുസ്ലിംകളെ ജൂത വിരോധികളായി പരിഹസിക്കുന്നത് കാണുമ്പോൾ ചരിത്രം അറിയുന്നവർക്ക് ചിരിയാണ് വരിക . ഫലസ്തിനിലേക്ക് തന്നെ വരാം .
പ്രവാചകന് ശേഷം ഇസ്‌ലാമിക ഭരണം വികസിച്ചപ്പോൾ AD 638 ൽ ഉമർ ബ്നുൽ ഖത്താബ് (റ ) ഇസ്‌ലാമിലെ രണ്ടാം ഖലീഫയും പ്രവാചകന്റെ ഉറ്റ അനുയായിയുമായിരുന്നു ) ജറൂസലേം ബൈസാന്റിയൻ സാമ്രാജ്യത്തിൽ നിന്ന് മോചിപ്പിച്ചു . അബൂ ഉബൈദ (റ) ന്റെ നേതൃത്വത്തിൽ നടന്ന മുസ്ലിം സൈന്യത്തിന്റെ മുന്നിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ബൈസാന്റിയൻ സാമ്രാജ്യത്തിനു അടിയറവ് പറയേണ്ടി വന്നു . ഖലീഫയുടെ മുൻപിൽ അടിയറവ് വെയ്ക്കാൻ തങ്ങൾ തയ്യാറാണ് എന്ന് അവർ നിബന്ധന വെച്ചതിനാൽ മദീനയിൽ നിന്ന് ഖലീഫ തന്നെ നേരിട്ട് ജറുസലേമിൽ എത്തി . ഒരു തുള്ളി രക്തം പോലും ജറുസലേമിൽ വീഴ്ത്താതെ സമാധാനപരമായി , ആ മണ്ണിന്റെ പവിത്രത മാനിച്ചു കൊണ്ട് ഖലീഫ ഉമർ (റ ) പുണ്യ നഗരിയുടെ താക്കോൽ ഏറ്റു വാങ്ങി . ഖലീഫ ഒപ്പ് വെച്ച സമാധാനക്കരാറിൽ അവിടെയുള്ള ക്രിസ്ത്യൻ ആരാധാലയങ്ങൾ പരിപാലിക്കുമെന്നും ആരെയും നിർബന്ധിതമായി മതം മാറ്റില്ലെന്നും തന്റെ അനുയായികൾ ഈ ഉറപ്പ് പാലിക്കുമെന്നും ഉറപ്പ് നൽകിയിരുന്നു .
നൂറ്റാണ്ടുകളായി ബൈസാന്റിയൻ സാമ്രാജ്യത്താൽ പീഡിപ്പിക്കപ്പെട്ട ജൂതർക്ക് വിശുദ്ധ മണ്ണിൽ അവകാശമോ ആരാധനാ സ്വാതന്ത്ര്യമോ ഉണ്ടായിരുന്നില്ല . ആരാധനാ സമയമായാൽ അവർ കുന്നുകളിൽ കയറി നിന്ന് വിശുദ്ധ ഗേഹത്തെ നോക്കി പ്രാർത്ഥിച്ചുപോന്നു . ഖലീഫ ഉമർ (റ ) ജൂതർക്ക് അവിടെ താമസം അനുവദിക്കുകയും അവർക്ക് ആരാധനാ സ്വാതന്ത്ര്യം വീണ്ടു കിട്ടുകയും ചെയ്തു .
ഒന്നും രണ്ടും വർഷമാണെന്ന് കരുതേണ്ട . AD 638 മുതൽ 1099 വരെ അതായത് 458 വർഷങ്ങൾ ജൂതരും മുസ്ലിംകളും ക്രിസ്ത്യാനികളും ഈ മണ്ണിൽ മാറി മാറി വന്ന മുസ്ലിം ഭരണത്തിൽ സഹോദരന്മാരായി ജീവിച്ചു . ഉമർ (റ ) വാക്ക് തലമുറകൾ പാലിച്ചു !! 1099 ൽ യൂറോപ്പ്യർ ജറുസലേം പിടിച്ചടക്കുവോളം ഈ വാക്ക് പാലിക്കപ്പെട്ടു .അതിനിടയിൽ അമവികളുടെ ഭരണവും അബ്ബാസിയാ ഭരണവും ഫാഥിമികളുടെ ഭരണവുമൊക്കെ വന്നിരുന്നു . ഫാഥിമികളുടെ ഭരണത്തിൽ ജൂതരിൽ നിന്ന് ഗവർണറെ വരെ നിയമിച്ചു എന്നോർക്കണം . അതിന് മുൻപ് ആയിരം വർഷം ഒരു മനുഷ്യാവകാശവും നല്കപ്പെടാത്തവർ ആയിരുന്നു എന്ന് കൂടി ഓർക്കണം .
1099 ൽ ജറുസലേം മുസ്ലിംകളിൽ നിന്ന് നഷ്ടപ്പെട്ടു . ജൂതരുടെ കഷ്ട കാലവും ആരംഭിച്ചു . കൂട്ടക്കൊലയാണ് പിന്നീട് അരങ്ങേറിയത് . 1187 സുൽത്താൻ സ്വലാഹുദീൻ അയ്യൂബിയുടെ നേതൃത്വത്തിൽ മുസ്ലിംകൾ ജെറുസലേം തിരിച്ചു പിടിച്ചു . ജൂതരെ വീണ്ടും അവിടെ പുനരധിവസിപ്പിച്ചു . സർവ്വ സുരക്ഷയോടെ തന്നെ !
മുസ്ലിംകൾ സ്പെയിൻ കീഴടക്കിയപ്പോഴും സമാനമായ മാതൃക കാണിച്ചു . സംശയമുള്ളവർക്ക് Golden age of Jews in Europe എന്ന് ഗൂഗിൾ ചെയ്തു നോക്കാം . ജൂതരുടെ സുവർണ്ണ കാലം മുസ്ലിംകളുടെ സ്പെയിനിൽ ആയിരുന്നു എന്ന് കാണാം . 1492 ൽ സ്പെയിനിൽ മുസ്ലിം ഭരണം അവസാനിക്കുന്നത് വരെ അവർ സ്പെയിനിൽ സുരക്ഷിതർ ആയിരുന്നു . അതിനു ശേഷം അവരെ ആട്ടിയോടിക്കപ്പെട്ടു . വീണ്ടും ജൂതര്ക്ക് ഒരു അഭയം നല്കിയത് മുസ്ലിംകളായിരുന്നു. 1517-1917 കാല ഘട്ടത്തില് പലസ്തീന് ഓട്ടമന് തുര്ക്കിയുടെ കീഴില്, ഭരണത്തില് ജൂതര് സുരക്ഷിതരായി കഴിഞ്ഞു. ബസയീദ്‌ രണ്ടാമന് എന്ന ഓട്ടമന് ഖലീഫ സ്പെയിനില് നിന്നും പോര്ചുഗലില്നിന്നും പുറംതള്ളിയ ജൂതര്ക്ക് അഭയം നല്കി. 1917 ല് ഒന്നാം ലോക യുദ്ധാവസാനത്തില് തുര്ക്കി ഖലീഫ സ്ഥാന ഭ്രുഷ്ടനാവുന്നത് വരെ ഇസ്ലാമിക തുര്ക്കിയില് ജൂതര് സംരക്ഷിക്കപ്പെട്ടു.
ഈ കാലയളവിൽ ഒക്കെ ജൂതരെ യൂറോപ്പിൽ കൂട്ടക്കൊല ചെയ്യുകയാണേ . ഒരു കാര്യം പറയട്ടെ , മുസ്ലിംകൾക്ക് ജൂതരോട് അന്ധമായ വിരോധം ഉണ്ടെങ്കിൽ പ്രവാചകന്റെ അനുയായി ഖലീഫാ ഉമർ (റ ) , തുടർന്ന് വന്ന അമവികൾ , അബ്ബാസിയാക്കൾ , ഫാഥിമികൾ , ഉസ്മാനിയികൾ , സുൽത്താൻ സ്വലാഹുദീൻ അയ്യൂബി .. എന്നിവർക്കുള്ള ഇസ്‌ലാമിക സ്പിരിറ്റൊന്നും ഇന്നത്തെ മുസ്ലിംകൾക്ക് കാണില്ല . അവർക്കില്ലാത്ത എന്ത് അന്ധമായ വിരോധമാണ് നിങ്ങൾ ഞങ്ങളിൽ ആരോപിക്കുന്നത്

അധ്യായം -2

കഴിഞ്ഞ 1500 വർഷത്തെ ചരിത്രത്തിൽ ലോകത്തെവിടെയും അറബ് – മുസ്ലിംകൾക്ക് ജൂതരുമായി നിരന്തരം സംഘർഷ സ്ഥലികൾ നില നിന്നിരുന്നതായി ആർക്കും ചൂണ്ടിക്കാണിക്കാൻ കഴിയില്ലെന്ന് നാം ഒന്നാം ഭാഗത്തിൽ വിശദീകരിച്ചു . എന്ന് മാത്രമല്ല റോമക്കാരും ജർമ്മനിയുൾപ്പടെയുള്ള വിവിധ യൂറോപ്പ്യൻ രാജ്യങ്ങളും വൈരാഗ്യ ബുദ്ധിയോടെയും വെറുപ്പോടെയും ജൂതരെ വേട്ടയാടിയപ്പോൾ അവർക്ക് ചരിത്രത്തിൽ എല്ലാ കാലത്തും അഭയം നല്കിയിരുന്നതും മുസ്ലിംകൾ ആണെന്ന് വ്യക്തമാക്കുകയുണ്ടായി . (വായിക്കാത്തവർ ആദ്യ പോസ്റ്റ് വായിക്കുക https://bit.ly/3vWVUvO)
AD 638 മുതൽ 1099 വരെ 461 വർഷങ്ങൾ ജറുസലേമിലും മുസ്ലിംകൾ സ്പെയിൻ ഭരിച്ചിരുന്ന 800 വർഷത്തോളം സ്പെയിനിലും പിന്നീട് ഓട്ടോമൻ തുർക്കിയുടെ കാലത്തും മാത്രമാണ് ലോകത്ത് ഏതെങ്കിലും ഒരു വിഭാഗം ഇസ്രായേൽ രാജ്യം ഉണ്ടാകുന്നതിനു മുൻപ് ജൂതരെ സ്ഥിരമായി സംരക്ഷിച്ചിട്ടുള്ളത് . മറിച്ചൊരു ചരിത്രമുണ്ടെന്ന് തെളിയിക്കാൻ ഒരാൾക്കും കഴിയില്ല .
വായനയ്ക്ക് : https://bit.ly/33GMNDr
ഇക്കാര്യം അടിവരയിട്ട് പറയുന്നത് ഇസ്രായേൽ – ഫലസ്തീൻ സമകാലിക സംഘർഷങ്ങളെ മുൻ നിറുത്തി മുസ്ലിംകളുടെ ജൂത വിരോധമാണ് ഫലസ്തീനിലെ പ്രശ്നമെന്ന് ചുരുക്കി കെട്ടി പറയുന്നവർക്ക് മുൻപിൽ അതല്ല സത്യമെന്ന് ആവർത്തിക്കാനാണ് .
എന്നാൽ യൂറോപ്പിൽ അതിനു മുൻപും ശേഷവുമൊക്കെ ജൂതരെ കൊല്ലും കൊല്ലാ കൊലയും ചെയ്യുകയായിരുന്നു . കഴിഞ്ഞ രണ്ടായിരം വർഷത്തെ ജൂത സമൂഹത്തിന്റെ ചരിത്ര സൂചിക കൂടി താഴെ കൊടുക്കുന്നു. ചരിത്ര കുതുകികൾക്കും നിക്ഷ്പക്ഷ വായനക്കാര്ക്കും ഉപകാരപ്പെട്ടേക്കാം.
* ബിസി 37- എ ഡി 324: റോമന് ഭരണം
* എഡി 73: ക്രിസ്തു മതത്തിന്റെ പ്രചാരണം യഹൂദരെ കൂടുതല് പ്രതിസന്ധിയിലാക്കി.
* എഡി 136: റോമന് ചക്രവര്തി ഹഡ്രിയാന്റെ ക്രൂര പീഡനത്തിനു ഇരയായി .ഏകദേശം 4 ലക്ഷം പേരെ കൊന്നൊടുക്കി എന്ന് പറയപ്പെടുന്നു
* യഹൂദര്ക്ക് പലരും ജെരൂശേമിലെ പ്രവേശനവും പ്രാര്ത്ഥന പോലും നിഷേധിച്ചു .
* എ ഡി 324-628: ബൈസഡ്രിയന്(കിഴക്കന് റോമ) നിയന്ത്രണത്തില്
* 629: ബൈസാഡ്രിയക്കാര് അന്നര ലക്ഷം യഹൂദരെ ജറുസലേമില് നിന്നും ഗലീലിയില് നിന്നും പുറത്താക്കി
* 638: ഖലീഫ ഉമറിന്റെ ഭരണത്തില് ജറുസലേം മുസ്ലിംകളുടെ കീഴില് വന്നു
* 661: ഉമവികളുടെ ഭരണത്തില്
* 750: അബ്ബാസികളുടെ കീഴില്
* 970: ഫാതിമികളുടെ ഭരണത്തില്, ജറുസലേമില് ഒരു ജൂത ഗവര്ണറെ നിയമിച്ചു
* 700-1250: യഹൂദര് യൂറോപ്പില് കഠിനമായി പീഡിപ്പിക്കപ്പെട്ടു.
* 1071: സെല്ജൂക്ക് തുര്ക്കികളുടെ കീഴില്
* 1099: യൂറോപ്പിലെ കുരിശു യോദ്ധാക്കള് ജെറുസലേം പിടിച്ചെടുത്തു ക്രിസ്ത്യന് ഭരണകൂടം സ്ഥാപിച്ചു. യൂറോപിലും മിഡിൽ ഈസ്റ്റിലും ആയി പത്തായിരം യഹൂദരെ വധിച്ചു.
* 1187: സലാഹുദ്ദീന് അയ്യൂബി ജെറുസലേം തിരിച്ചു പിടിച്ചു. യഹൂദരെ പലസ്തീനില് കൂടുതല് പാര്പ്പിക്കാന് ഉത്തരവിട്ടു
* 900-1090: സ്പെയിൻ മുസ്ലിം ഭരണത്തില് വന്നതോടെ ജൂതന്മാരുടെ സുവര്ണ്ണ കാലഘട്ടം ആരംഭിച്ചു എന്ന് പറയപ്പെടുന്നു .(അബ്ദുര് റഹ്മാന് രണ്ടാമന്റെ ഭരണകാലത്ത്)
* 1260-1517: മംലൂക്കുകളുടെ കീഴില്
* 1275: എഡ്വാര്ഡ് ഒന്നാമന് ഇംഗ്ളണ്ടില് നിന്നും പലിശ നിരോധിച്ച ശേഷം യഹൂദരെ പുറത്താക്കി.
* 1306 -1394: ഫ്രാന്സില് നിന്ന് തുടര്ച്ചയായി പുറത്താക്കപ്പെട്ടു.
* 1492: സ്പെയിൻ മുസ്ലിംകളുടെ കയ്യില് നിന്ന് പൂര്ണ്ണമായി പോയതോടെ 2 ലക്ഷത്തോളം ജൂതന്മാര് നെതർലാന്റ്, തുര്ക്കി, അറബ് രാജ്യങ്ങള് എന്നിവിടങ്ങളിലേക്ക് നാട് കടത്തി.
* 1493: സിസിലിയില് നിന്ന് ജൂതരെ നാടുകടത്തി
* 1496: പോര്ചുഗലില് നിന്നും ജര്മന് നഗരങ്ങളില് നിന്നും പുറത്താക്കി
* 1501: പോളണ്ട് രാജാവ് ലിത്വനിയയില് ജൂതര്ക്ക് അഭയം നല്കി
* 1534: പോളണ്ട് രാജാവ് യഹൂദരുടെ പ്രത്യേക വസ്ത്രവകാശം നിരോധിച്ചു .
* 1648: പോളണ്ടില് ജൂത ജന സംഘ്യാവര്ധനവ്
* 1655: പോളണ്ടില് കൂട്ട ക്കൊല നടന്നു
* 1700: കളില് ഫ്രാന്സ് , ഇംഗ്ളണ്ട് ,അമേരിക്ക എന്നിവിടങ്ങളില് കുടിയേറ്റം
* 1517-1917: പലസ്തീന് ഒട്ടമന് തുര്ക്കിയുടെ കീഴില്, ഭരണത്തില് ജൂതര് സുരക്ഷിതരായി ക്കഴിഞ്ഞു.
* ബസയീദ്‌ രണ്ടാമന് എന്ന ഒട്ടമന് ഖലീഫ സ്പെയിനില് നിന്നും പോര്ചുഗലില്നിന്നും പുറം തള്ളിയ ജൂതര്ക്ക് അഭയം നല്കി .
* 1850 കളില് നോര്വേ റഷ്യ എന്നിവിടങ്ങളില് അവകാശം ലഭിച്ചു
* 1860-70 കളില് ഇറ്റലി ജര്മനി ഹുംഗറി എന്നിവിടങ്ങളില് നിയന്ത്രണങ്ങള് ഏര്പ്പെടുത്തി
* 1880: പോളണ്ട് മറ്റു യൂറോപ്പ് റഷ്യ എന്നിവിടങ്ങളില് ജൂതരുടെ ജനസംഘ്യാ വര്ദ്ധന
* 1882: ഒന്നാം ജൂത കുടിയേറ്റം(ഒന്നാം അലിയ)
* 1890: തിയോഡര് ഹെര്സി സയണിസത്തിന്നു ആശയാടിത്തറ നല്കി.
* 1897: ഒന്നാം സയണിസ്റ്റ് കോൺഗ്രസ്സ് സ്വിറ്റ്സർലാന്റിലെ ബാസലില് നടന്നു.ആ സമ്മേളനത്തില് World Zionist Organization (WZO) രൂപീകരിച്ചു
* 1917: ഒന്നാം ലോക യുദ്ധാവസാനം തുര്ക്കിയുടെ നിയന്ത്രണം അവസാനിച്ചു.
* 1917- 1948: പലസ്തീന് ബ്രിട്ടീഷ് മാന്ഡേറ്റിന്റെ കീഴില്
* 1921: സോവിയറ്റ് യൂണിയനില് നിന്ന് പോളണ്ടിലേക്ക് ഒഴുക്ക്
* 1929-39: അഞ്ചാം അലിയാ(രണ്ടര ലക്ഷം ജൂതര് കുടിയേറി)
* 1938-45: ജര്മനിയില് ജൂത പീഡനം, ലക്ഷങ്ങള് കൊല്ലപ്പെട്ടു
* 1948: പലസ്തീനെ യു എന് പ്രമേയം മൂന്നായി തിരച്ചു
* 1948: ഇസ്രയേല് രാജ്യം സ്ഥാപിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും ചിന്നി ചിതറിയ യഹൂദരെ പലസ്തീനില് കുടിയിരുത്തിത്തുടങ്ങി.
കഴിഞ്ഞ 2000 വർഷത്തെ ജൂത ചരിത്രത്തിന്റെ സൂചികകളാണ് . ആരായിരുന്നു ജൂതരെ പീഡിപ്പിച്ചതെന്നും സംരക്ഷിച്ചതെന്നും വ്യക്തമാവാൻ ഇത് ഉപകരിക്കും

അധ്യായം -3

പീഡിതരായ ജൂതരുടെ ചരിത്രം വിവരിച്ചു കഴിഞ്ഞു . ഇനിയാണ് നാം ഫലസ്തീനിലേക്ക് മടങ്ങുന്നത് . ഒരു കാര്യം ആദ്യമേ പറയട്ടെ . ഇത് ചരിത്രമാണ് . ഇന്നലെകളിലെ ചരിത്രത്തിൽ ഓരോ ജനതയും അവരവരുടെ കാലഘട്ടത്തിൽ നീതിയും നീതികേടും ഒക്കെ കാണിച്ചിട്ടുണ്ട് . ചരിത്രത്തെ ആ അർത്ഥത്തിൽ മാത്രം കാണുക . യൂറോപ്യരുടെ ജൂത വിരോധം തെളിയിക്കപ്പെട്ട വസ്തുതയാണ് എന്ന് വെച്ച് ഇന്നത്തെ കാലത്ത് അവരുടെ തലമുറയെ വെറുക്കുന്നതിൽ അർത്ഥമില്ല . ഒരാളുടെ പാപവും മറ്റൊരാൾ അനന്തരാവകാശം എടുക്കുന്നില്ല . ചരിത്രം വായിക്കാനും വർത്തമാനത്തെ മനസ്സിലാക്കാനും ഭാവിയെ കരു പിടിപ്പിക്കാനുമുള്ള വിവരങ്ങൾ മാത്രമാണ് . അത് ഭൂതകാലത്തെ തെറ്റുകൾ തിരുത്താനുള്ള പ്രചോദനമാവുകയാണ് വേണ്ടത് , അല്ലാതെ ആ തെറ്റുകൾ ആവർത്തിക്കാനുള്ള പാഠങ്ങൾ ആവരുത് .
ഫലസ്തീൻ ജനത ആരായിരുന്നു
അറിയപ്പെട്ട ചരിത്രം നോക്കിയാൽ ഇസ്രായേലികൾക്കും (ഫലസ്തീനികൾക്കും കാനൻ പ്രദേശത്ത് ഒരേ പഴക്കമാണുള്ളത് . ജൂതർ എന്ന വാക്ക് തൽക്കാലം ഇനി ഉപയോഗിക്കുന്നില്ല . കാരണം എല്ലാ ജൂതരും ഇസ്രായേലികൾ അല്ല എന്നത് കൊണ്ട് തന്നെ . യഅക്കൂബ്‌ നബിയുടെ (ജേക്കബ് ) സന്തതി പരമ്പരയാണ് ഇസ്രായേൽ സന്തതികൾ ) . ചരിത്രാതീത കാലം മുതൽക്ക് തന്നെ കാനൻ പ്രദേശത്ത് മനുഷ്യ വാസമുണ്ടെന്ന് കാണാം . ഇരുമ്പ് യുഗത്തിന്റെ പ്രാരംഭ ഘട്ടം മുതൽക്ക് തന്നെ ഫിലിസ്തീനികളും (Philistines) ഇസ്രായേലികളും ഇവിടെ ജീവിച്ചിരുന്നതായി തെളിവുകൾ ഉണ്ട് റഫറൻസ് : എൻസൈക്ളോപീഡിയ ബ്രിട്ടാനിക്ക . https://bit.ly/2RfpcHv
അതായത് ഇസ്രായേൽ സന്തതികൾക്ക് ആ മണ്ണിൽ എത്ര ചരിത്രമുണ്ടോ അതിനോളം തന്നെ കാലമായി ഫിലിസ്തീനികളും (പഴയ പേര് ) അവിടെ താമസിക്കുന്നു . പിൽക്കാലത്ത് കയറി വന്നവർ അല്ലെന്ന് ചുരുക്കം . ആദ്യത്തെ രണ്ടു ഭാഗങ്ങളിൽ വിശദീകരിച്ചത് പ്രകാരം ഇസ്രായേലികളും ജൂതരും പല നാടുകളിൽ പോയെങ്കിലും ഫലസ്തീനികൾ ആയിരക്കണക്കിന് വർഷമായി അവിടെ നില നിന്ന് പോന്നിട്ടുണ്ട് . ഇനി മറ്റൊരു രസകരമായ കാര്യം ഇസ്രായേലികളും ഫലസ്തീനികളും തമ്മിൽ ജനിതക ബന്ധമുണ്ടെന്ന് DNA പഠനങ്ങൾ പറയുന്നുണ്ട് . ഇത് വ്യക്തമാക്കുന്നത് വെങ്കല യുഗത്തിലോ അതിനു മുൻപോ ഇവർ ഒറ്റ ജനതയായി ഇടപഴകി അവിടെ ജീവിച്ചിരുന്നു എന്നാണ് റഫറൻസ് : നാഷണൽ ജ്യോഗ്രഫിക് . https://on.natgeo.com/3tFruN7
എല്ലാ ജൂതരും ഇസ്രായേലികൾ ആണോ ?
ഒരിക്കലുമല്ല . ജൂതരിൽ തന്നെ അനേകം വിഭാഗങ്ങളുണ്ട് . അവരിലെ അഷ്കെനാസി വിഭാഗത്തിന്റെ ഒറിജിൻ യൂറോപ്പാണ് . DNA പഠനങ്ങളും അത് തെളിയിക്കുന്നു https://go.nature.com/3tI97aj. ലോകത്താകമാനമുള്ള ഇന്നത്തെ ജൂത ജനസംഖ്യയുടെ 75% വും Ashkenazi വിഭാഗത്തിൽ പെട്ട ജൂതന്മാരാണ്.
ഇപ്പോൾ ഇസ്രയേലിൽ ഉള്ള ജൂതരിൽ 32% പേരും ഈ വിഭാഗമാണ് . യൂറോപ്യൻ കാലക്രമേണ ജൂത മതം സ്വീകരിച്ചത് കൊണ്ടാണ് ഇങ്ങനെയൊരു വിഭാഗം ഉണ്ടായത് . നാസികളുടെ കൂട്ടക്കൊലയ്ക്ക് മുൻപ് ജൂത ജനസംഖ്യയിലെ 92% ഉം ഈ വിഭാഗമായിരുന്നു . കേരളത്തിൽ തന്നെ വെളുത്ത ജൂതരും കറുത്ത ജൂതരുമുണ്ടായിരുന്നു എന്ന് മാത്രമല്ല വെളുത്ത ജൂതർക്ക് കറുത്ത ജൂതരോട് വിവേചനവുമുണ്ടായിരുന്നു . മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗിൽ കറുത്ത ജൂതർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല https://bit.ly/3brWPN5. ഇതൊക്കെ സൂചിപ്പിക്കുന്നത് വിവിധ ജൂതര്ക്കിടയിലെ വിവിധ വംശങ്ങളെയാണ് . ഓർത്തോഡോക്സ് ജൂതർ ജൂതരായി പരിവർത്തനം ചെയ്യപ്പെട്ട ജൂതരെ തങ്ങളുടെ ഭാഗമായി ഉൾക്കൊള്ളാതെ നോക്കാറുണ്ട് . അതിന്റെ പേരിൽ കേസും വ്യവഹാരങ്ങളും നടക്കാറുമുണ്ട് . Mizrahi വിഭാഗം ജൂതന്മാരുടേയും മദ്ധ്യേഷ്യയിലെ അറബ് വംശജരുടെയും ജനിതക പാരമ്പര്യം ഒന്നാണ് . ചുരുക്കത്തിൽ ഇസ്രായേലിലെ എല്ലാ ജൂതരും ബനീ ഇസ്രായേൽ (അഥവ ഇസ്രായേൽ സന്തതികൾ അല്ലെന്ന് അർത്ഥം ).
സംഭവിച്ചത് ഇതാണ് . ഇസ്രായേൽ സന്തതികളായ ജൂതരും അല്ലാത്തവരായ കാക്കത്തൊള്ളായിരം ഇതര വംശത്തിൽ പെട്ട ജൂതരും ഫലസ്തീന്റെ മേൽ അവകാശം സ്ഥാപിച്ചതാണ് . ഇസ്രായേൽ സന്തതികളായ ജൂതരുടെ പിതാക്കന്മാർ ആയിരമോ രണ്ടായിരമോ വർഷങ്ങൾക്ക് മുൻപ് ഫലസ്തീനികളുടെ ചേർന്ന് ജീവിച്ചു എന്നെങ്കിലും വാദത്തിനു പറയാം . അല്ലാത്തവരായ ജൂതർക്കെങ്ങനെ ഫലസ്തീൻ ജന്മ ദേശമാകും ? ഇനി ബൈബിളിലെ വാഗ്ദത്ത ഭൂമി എന്ന വാദം അനുസരിച്ചാണെങ്കിൽ പോലും അബ്രഹാമിന്റെ സന്തതികൾക്ക് മാത്രമേ അത് ബാധകമുള്ളൂ . അതിലാവട്ടെ ജൂതർ മാത്രമല്ല പലസ്തീൻ പ്രദേശത്തെ മുസ്ലിം ക്രിസ്ത്യാനികളും ഉൾപ്പെടും . ജനിതക ബന്ധം പോലുമില്ലാത്തവർക്ക് അങ്ങനെ ഒരു സാധ്യത പോലും വിദൂരമാണ് .
ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ജനത:
പലരും ഇസ്രായേലിന്റെ അവകാശങ്ങളെ സ്ഥാപിക്കാൻ വേണ്ടി ഉപയോഗിക്കുന്ന പ്രയോഗമാണിത് . ‘ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ജനത ‘ എന്ന് വിശേഷിപ്പിക്കുന്നവർ എന്തായാലും ദൈവ വിശ്വാസികൾ ആയിരിക്കുമല്ലോ ? എങ്കിൽ പിന്നെന്തിനാണ് ക്രിസ്തുവിനു ശേഷം 2000 വർഷം 109 യൂറോപ്പ്യൻ നാടുകളിൽ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ജനതയെ പീഡിപ്പിച്ചത് ! അന്നവർ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ലേ ? ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരോടുള്ള സ്നേഹം അവർ വിവിധ യൂറോപിയൻ രാജ്യങ്ങളിൽ മൃഗങ്ങളെ പോലെ അലഞ്ഞപ്പോഴും ക്രൂരമായി പീഡിപ്പിക്കപ്പോഴും ഉണ്ടായിരുന്നില്ല . ഏറിയാൽ 70 വർഷത്തെ പഴക്കം (ഇസ്രായേൽ രാജ്യം ഉണ്ടായതിനു ശേഷം മാത്രം ) മാത്രമേ കാണൂ . അവർ അതിനു മുൻപ് ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടർ അല്ലാത്തത് കൊണ്ട് നടന്ന ക്രൂരതകളുടെ ലഘു ചിത്രം ഇവിടെ വായിക്കാം റഫറൻസ് : https://bit.ly/3ycvgkw

അധ്യായം -4

ആയിരം വർഷത്തിലധികം ജൂത വിരോധം ജീവിതത്തിലും സാഹിത്യത്തിലും കലയിലും വരെ പുലർത്തി അവരെ പീഡിപ്പിച്ച യൂറോപ്യർക്ക് ഈ ജൂതരെ എവിടെയെങ്കിലും കുടിയിരുത്തുക അത്യാവശ്യമായി വന്നു . കലയുടെ കാര്യം ഷേക്ക് സ്പിയർ കൃതികൾ മാത്രം പരതിയാൽ മതി . 1596 ൽ അദ്ദേഹം എഴുതിയ ‘The Merchant of Venice’ ജൂത വിരോധം കൊണ്ട് ശ്രദ്ധേയമാണ് . ഷൈലോക്ക് ഒരു ജൂതനായിരുന്നു എന്ന് പറയുമ്പോൾ തന്നെ അന്നത്തെ കൊള്ളപ്പലിശക്കാരനും മനസ്സലില്ലാത്തവനുമായ ജൂതന്റെ ചിത്രം തെളിഞ്ഞു വരും .
ഈ ഡ്രാമ 1933 നും 1939 നുമിടയ്ക്ക് അതായത് ജർമ്മനിയിൽ ജൂത വിരോധം അതിന്റെ ഉന്നതിയിൽ എത്തിയ സമയത്ത് 50 തവണ ആവിഷ്‌ക്കരിക്കപ്പെട്ടു . ദുഷ്ടനായ ജൂതൻ തന്റെ ക്രിസ്ത്യൻ ഇടപാടുകാരോട് കാണിക്കുന്ന പെരുമാറ്റവും ചേഷ്ടകളും സമൂഹത്തിൽ നില നിന്നിരുന്ന ജൂത വിരോധം മുതലെടുക്കാൻ വേണ്ടി പരമാവധി വക്രീകരിക്കാൻ സംവിധായകർ മത്സരിച്ചു എന്ന് ചരിത്രം . നാമൊക്കെ ഏറെ കൊട്ടി ഘോഷിച്ച ഷേക്‌സ്‌പിയർക്ക് പോലും ജൂത വിരോധത്തിൽ നിന്ന് മോചനമുണ്ടായിരുന്നില്ല എന്ന് വ്യക്തം . റഫറൻസ് : https://bit.ly/3eKENb0
യൂറോപ്പിനെ മുച്ചൂടും മൂടി നിന്ന ജൂത വെറുപ്പിന്റെയും പീഡനത്തിന്റെയും പശ്ചാത്തലത്തിൽ ജൂതർക്ക് ഒരു രാജ്യം വേണമെന്ന് ആലോചനകൾ സജീവമായി .
ആധുനിക സിയോണിസത്തിനും മുൻപ് തുടങ്ങിയ ഈ ചിന്ത അതിന്റെ ശേഷവും തുടർന്ന് പോയി . ഒരു രസമെന്താണെന്ന് വെച്ചാൽ ഈ സമയത്ത് അവർ പ്രൊപ്പോസ് ചെയ്ത രാജ്യങ്ങൾ ഒന്നും ഫലസ്തീനിൽ ആയിരുന്നില്ല എന്നതാണ് . ചില പ്രൊപ്പോസലുകൾ കാണുക :
1. GRAND LAND : അമേരിക്കയിൽ ഒരു ജൂത രാഷ്ട്രം സ്ഥാപിക്കുക എന്ന പ്രൊപ്പോസൽ പത്തൊന്മ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ സജീവമായിരുന്നു . അതിനായി സ്ഥലം കണ്ടെടുത്തുകയും റാബ്ബിമാരെ വരെ നിശ്ചയിക്കുകയും ചെയ്യപ്പെട്ടു . ലോകത്തെ ജൂത അഭയാർത്ഥികളെ മുഴുവൻ കൊണ്ടു വന്ന് ഒരു ഹോം ലാൻഡ് എന്ന അവരുടെ സ്വപ്നം ഇവിടെ വായിക്കാം . https://bit.ly/2QpIBVS
2. ബ്രിട്ടീഷ് -ഉഗാണ്ട പ്രോഗ്രാം : ഇതൊരു ബ്രിട്ടീഷ് പ്രൊപോസൽ ആയിരുന്നു . അന്ന് ബ്രിട്ടീഷ് അധീനതയിൽ ഉണ്ടായിരുന്ന കിഴക്കൻ ആഫ്രിക്കയിൽ ഒരു ജൂത രാഷ്ട്രം അതും 13000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു മാതൃ രാജ്യം . അതായിരുന്നു പ്രൊപോസൽ . വേൾഡ് സയണിസ്റ്റ് ഓർഗനൈസേഷന്റെ ആറാമത്തെ മീറ്റിങ്ങിൽ ഈ പ്രൊപ്പോസൽ ചർച്ചയ്ക്ക് വന്നു .വർഷം 1903!! ഒരു കാര്യം അറിയണ്ടേ . 177 വോട്ടുകൾക്ക് എതിരെ 275 വോട്ട് നേടി ഈ പ്രൊപോസൽ പാസ്സായി . ജൂതർക്ക് ഒരു രാജ്യം മതിയായിരുന്നു , അതിനി ലോകത്ത് എവിടെയായാലും വേണ്ടിയിരുന്നില്ല എന്ന് മനസ്സിലാക്കാൻ ഈ പ്രൊപ്പോസൽ പാസ്സായത് നോക്കിയാൽ മനസ്സിലാവും . ആഫ്രിക്കയിലെ ചൂട് യൂറോപ്പിൽ നിന്നുള്ളവർക്ക് താങ്ങാൻ കഴിയില്ല , വന്യ മൃഗങ്ങൾ തിങ്ങി നിറഞ്ഞ സ്ഥലമാണ് എന്നീ കാരണങ്ങളാൽ ഈ പ്രൊപോസൽ 1905 ൽ ഉപേക്ഷിക്കുകയായിരുന്നു . തിയോഡോർ ഹെസിലിന്റെ മനസ്സും ഈ പ്ളാനിനോട് ഒപ്പമായിരുന്നു . ഏറ്റവും ചുരുങ്ങിയത് ഒരു താൽക്കാലിക രാജ്യമായിട്ടെങ്കിലും ഉഗാണ്ട സ്വീകരിക്കണമെന്ന് അയാൾക്ക് ആഗ്രഹം ഉണ്ടായിരുന്നു https://bit.ly/3tUZ
റഷ്യ , ജപ്പാൻ , മഡഗാസ്‌ക്കർ , ഇറ്റലിയുടെ കീഴിലെ ഈസ്റ്റ് ആഫ്രിക്ക , ആസ്‌ത്രേലിയ , ബ്രിട്ടിഷ് ഗിയാന തുടങ്ങി ഒരു ഡസനോളം സെറ്റിൽമെന്റ് സാധ്യതകൾ അന്നത്തെ യൂറോപ്പ്യൻ രാജ്യങ്ങളും സയണിസ്റ്റ് നേതാക്കളും ആലോചിച്ചിട്ടുണ്ട് . അവയൊക്കെ വിശദമായി പഠന വിധേയമാക്കപ്പെടുകയും ചെയ്തു . ജൂതന്മാരുടെ സെറ്റിൽമെന്റ് യൂറോപ്പിന്റെ ഒരു പൊതു പ്രശ്നമായതിനാലാണ് അവർ ഈ സാധ്യതകളെല്ലാം തേടിയത് എന്ന് കാണാം . ഈ പ്രൊപ്പോസലുകൾ തള്ളിയ വിഷയത്തിൽ ജൂതർക്കിടയിൽ തന്നെ അഭിപ്രായ ഐക്യം ഉണ്ടായിരുന്നില്ല . ഉഗാണ്ട പ്രൊപോസൽ തള്ളിയതോടെ എവിടെയായാലും ഒരു രാജ്യം കിട്ടിയാൽ മതി എന്ന ചിന്താഗതിക്കാർ Jewish Territorial Organization എന്നൊരു സംഘടന തന്നെ ഉണ്ടാക്കി പ്രതിഷേധിച്ചിരുന്നു .
കൂടുതൽ വായനക്ക് റഫറൻസ് : https://bit.ly/3tOmki3
ഈ സമയത്തെല്ലാം ഫലസ്തീനികൾ അവരുടെ രാജ്യത്ത് ആയിരക്കണക്കിന് വര്ഷങ്ങളായി ജീവിച്ചു പോരുകയാണ് എന്നോർക്കണം . തങ്ങൾക്ക് വരാൻ പോവുന്ന ചതിയെ കുറിച്ച് ഒരാശങ്ക പോലുമില്ലാതെ . അല്ലെങ്കിലും അവർക്കെങ്ങനെ ആശങ്കപ്പെടേണ്ട കാര്യവുമുണ്ടായിരുന്നില്ല . അവരുടെ പ്രപിതാക്കന്മാർ ഇരുമ്പ് യുഗത്തിനും മുൻപ് ജീവിച്ചു പോരുന്ന മണ്ണിൽ നിന്ന് ഇറങ്ങേണ്ടി വരുമെന്ന് ആരെങ്കിലും സ്വപ്നത്തിലെങ്കിലും കരുതുമോ ? ഇല്ല . അവർ അധിനിവേശകരോ കയ്യടക്കി ജീവിക്കുന്നവരോ ആയിരുന്നില്ല . അവർ ആരെയും പുറത്താക്കുകയോ ആരോടെങ്കിലും യുദ്ധം ചെയ്തു ആരെയെങ്കിലും പുറത്താക്കാൻ പക്ഷം ചേരുകയോ ചെയ്തിട്ടില്ല . ജൂതർ യൂറോപ്പിന്റെ പ്രശ്നമാവാൻ കാരണം യൂറോപ്പ്യർ തന്നെയാണ് . അവരാണ് അവരെ 2000 വർഷം പീഡിപ്പിച്ചു പോന്നത് . യൂറോപ്പ്യൻ ജനിതമുള്ളവരെ പോലും ജൂതൻ ആണെന്ന കാരണത്താൽ കൂട്ടക്കൊല ചെയ്തത് ! ഓരോ രാജ്യങ്ങളിൽ നിന്നും ആട്ടിപ്പായിച്ചു കൊണ്ടിരിക്കുന്നത് , മൃഗങ്ങളുമായി ഗുസ്തി പിടിക്കാൻ അവരെ വിനോദോപാധികളാക്കിയത് …
ഫലസ്തീനിലേക്ക് :
ജൂതരെ എവിടെയെങ്കിലും കുടിയിരുത്തുക എന്ന യൂറോപ്പിന്റെ (പ്രത്യേകിച്ച് ബ്രിട്ടന്റെ ) ശ്രമങ്ങൾ ഫലസ്തീനിലേക്ക് തിരിഞ്ഞു . തിയോഡോർ ഹാസിൽ എന്ന ആധുനിക സയണിസ്റ്റിന്റെ മനസ്സിൽ ഫലസ്തീൻ ആയിരുന്നു . അയാൾ അതിനുള്ള ചരട് നീക്കം നടത്തി . മറ്റു പ്രൊപ്പോസലുകൾ എല്ലാം ഓരോ കാരണത്താൽ നിരാകരിക്കപ്പെട്ടു . വിഷയം ഫലസ്തീനിലേക്ക് മാത്രം പിൻ പോയന്റ് ചെയ്യപ്പെട്ടു .

അധ്യായം -5

19 ആം നൂറ്റാണ്ടിൽ യൂറോപ്പിൽ ജൂതർക്കിടയിൽ ഒരു Emancipation രൂപപ്പെട്ടു ശക്തി പ്രാപിച്ചു തുടങ്ങിയിരുന്നു . നൂറ്റാണ്ടുകളായി തങ്ങൾക്ക് ഒരു മനുഷ്യൻ എന്ന നിലയ്ക്ക് നിഷേധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന അടിസ്ഥാനപരമായ അവകാശങ്ങൾ നേടിയെടുക്കാനുള്ള ഒരു ശ്രമമായിരുന്നു അത് . യൂറോപ്യരിലെ ജൂത വിരോധം മാറ്റിയെടുത്ത് അതാത് രാജ്യങ്ങളിൽ തുല്യ പൗരത്വം നേടിയെടുക്കാൻ കഴിയുമോ എന്നായിരുന്നു അവർ അന്വേഷിച്ചത് . ആധുനിക സയണിസത്തിന്റെ പിതാവ് എന്ന് പിന്നീട് അറിയപ്പെട്ട തിയോഡർ ഹെർസൽ തന്റെ ആദ്യ കാലത്ത് ഈ മൂവ്മെന്റിൽ ആകൃഷ്ടനായിരുന്നു . അക്കാലത്ത് ഫലസ്തീൻ അദ്ദേഹത്തിന്റെ പോലും ചിന്തയിലില്ല. യൂറോപ്പ്യരെ നന്നാക്കിയെടുത്ത് അവിടെ തന്നെ കഴിഞ്ഞു കൂടാമെന്ന മോഹവുമായി അവർ തങ്ങളുടെ പരിശ്രമങ്ങളുടെ മുന്നോട്ടു പോയി . പക്ഷെ യൂറോപ്പ്യരുടെ മനസ്സിലെ ജൂത വിരോധം നീക്കം ചെയ്യുക സാധ്യമല്ലെന്ന് വൈകാതെ തന്നെ അദ്ദേഹത്തിന് ബോധ്യപ്പെട്ടു . ജനാധിപത്യം ഉയർന്നു വരുന്ന കാലം കൂടിയായായിരുന്നു . ജനാധിപത്യത്തിന്റെ ഒരു മോശം വശം കൂടി നമുക്കിവിടെ കാണാം . എന്താണെന്ന് അറിയണ്ടേ, എത്ര കണ്ട് ജൂത വിരുദ്ധത പ്രകടിപ്പിക്കുന്നവോ അവരെ ജയിപ്പിക്കാനാണ് യൂറോപ്പ്യർ ശ്രമിച്ചത് . (ഇന്ന് ഇന്ത്യയിൽ തെരഞ്ഞെടുപ്പ് റാലികളിൽ മുസ്ലിം വിരോധം ആളിക്കത്തിച്ച് ജയിക്കാൻ നോക്കുന്നത് പോലെ എന്ന് ചുരുക്കം )
എത്ര കണ്ട് ഇഴുകി ചേരാൻ ശ്രമിച്ചാലും തങ്ങളുടെ സ്വത്വത്തിൽ നിന്ന് പുറത്തു കടക്കാൻ യൂറോപ്പിലെ ജൂതർക്ക് കഴിയില്ലെന്ന് ആദ്യം മനസ്സിലാക്കിയ വ്യക്തിയും ഇദ്ദേഹമായിരുന്നു . Emancipation മൂവ്മെന്റ് എത്ര കണ്ട് ശക്തിപ്പെടുത്താൻ ശ്രമിച്ചാലും ജൂതരെ ജൂതരായി മാത്രമേ കാണൂ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു . വിവേചനത്തിന്റെ പ്രകടമായ മതിൽക്കെട്ടുകൾ ഇല്ലാതായാൽ പോലും അദൃശ്യമായ മതിൽക്കെട്ടുകൾ ഭേദിക്കാൻ ഒരിക്കലും തങ്ങൾക്ക് സാധിക്കില്ലെന്ന് അദ്ദേഹം മനസ്സിലാക്കി . തെരഞ്ഞെടുപ്പ് റാലികളിൽ ‘death to jews -ജൂതർക്ക് മരണം ‘ എന്ന് ആവേശത്തോടെ ആർത്തു വിളിക്കുന്ന കാഴ്ച്ചകൾ കണ്ടു തുടങ്ങിയപ്പോൾ ജനാധിപത്യ സമൂഹത്തിലും തങ്ങൾക്ക് രക്ഷയില്ലെന്ന് ബോധ്യപ്പെട്ട അദ്ദേഹം എഴുതി :
“യൂറോപ്പിന്റെ ജൂത വിരോധം ഇല്ലായ്മ ചെയ്യുക അസാധ്യമാണ് . ഒഴിവാക്കുക മാത്രമാണ് പ്രതിവിധി “
അതായത് യൂറോപ്പിലെ ജനങ്ങൾ എന്തായാലും നന്നാവില്ല, അത് കൊണ്ട് അവർക്കിടയിൽ നിന്ന് പോവുക മാത്രമാണ് ഏക പരിഹാരം എന്ന് ചുരുക്കം . സയണിസത്തിന്റെ പിതാവിന് പോലും തന്റെ ആദ്യ കാലത്ത് ഫലസ്തീൻ കേന്ദ്രീകരിച്ച് ഒരു സ്വപ്നം ഉണ്ടായിരുന്നില്ല എന്നർത്ഥം .
റഫറൻസ് : https://bit.ly/33LB4Ue
റഫറൻസ് 2: https://bit.ly/33OEiGC
Emancipation മുന്നേറ്റങ്ങളുടെ തകർച്ച മുന്നിൽ കണ്ട അദ്ദേഹം അതിൽ നിന്ന് രാജി വെച്ച് വിയന്നയിൽ പത്ര പ്രവർത്തനവുമായി ജീവിക്കുമ്പോഴാണ് ‘ജൂതർക്ക് ഒരു രാജ്യം’ എന്ന സ്വപ്നം പരസ്യമായി അദ്ദേഹം പറയുന്നതും എഴുതുന്നതും . വർഷം 1895! https://bit.ly/3waODZI
ഈ ആശയത്തിന് ജൂതർക്കിടയിൽ വലിയ പ്രചാരം കിട്ടിയെങ്കിലും ജൂതർക്ക് പുറത്തേക്ക് അത് വളർന്നത് വളരെ പതിയെ മാത്രമാണ് .
തന്റെ ആശയത്തിന് പിന്തുണ തേടി അദ്ദേഹം പലരെയും നേരിൽ കാണാൻ തുടങ്ങി . 1898 ൽ അദ്ദേഹം ജെറുസലേം സന്ദർശിച്ചു .1902-1903 കാലഘട്ടത്തിൽ ബ്രിട്ടീഷ് സർക്കാരിലെ ചിലരുമായി ബന്ധം സ്ഥാപിച്ച് ഫലസ്തീനിൽ ഒരു രാജ്യം കിട്ടുവാൻ ഒരു ശ്രമം നടത്തിയെങ്കിലും ബ്രിട്ടീഷ് സർക്കാരിന്റെ ഈജിപ്ഷ്യൻ കൗൺസിലർ ഈ നീക്കം പ്രായോഗികമല്ലെന്ന് കണ്ട്
ബ്ലോക്ക് ചെയ്തു .
അതെ വർഷം തന്നെ അദ്ദേഹം കത്തോലിക്കാ സഭയുടെ പരമോന്നതനായ പോപ്പിനെ കണ്ടു . സയണിസ്റുകളുടെ ആറാം ഉച്ചകോടിയിൽ ഉയർന്ന ആശയമായിരുന്നു അത് . ജെറുസലേമിലും ഫലസ്തീനിലും ഒരു ജൂത രാഷ്ട്രത്തിന് തങ്ങൾ ഒരിക്കലും പിന്തുണ നൽകുകയില്ല എന്ന് പോപ്പ് പിയസ്‌ പത്താമൻ ആണയിട്ട് പറഞ്ഞു . എന്ന് മാത്രമല്ല , പോപ്പ് പറഞ്ഞത് ഇപ്രകാരമാണെന്ന് ഹെഴ്സൽ തന്റെ ഡയറികുറിപ്പിൽ എഴുതി .
We cannot give approval to this movement. We cannot prevent the Jews from going to Jerusalem – but we could never sanction it. The soil of Jerusalem, if it was not always sacred, has been sanctified by the life of Jesus Christ. As the head of the Church I cannot tell you anything different. The Jews have not recognized our Lord, therefore we cannot recognize the Jewish people.”
അതായത് ഞങ്ങളുടെ കർത്താവിനെ അംഗീകരിക്കാത്ത ജൂതർക്ക് ഒരു രാജ്യമെന്നത് ഞങ്ങൾക്ക് അംഗീകരിക്കുക സാധ്യമല്ല . 25 മിനിറ്റ് നേരത്തെ മീറ്റിംഗിൽ അദ്ദേഹം ഇത് കൂടി പറഞ്ഞു :
“ഇനി അഥവാ നിങ്ങളുടെ ജനത പലസ്തീനിൽ താമസം ആരംഭിച്ചാൽ പോലും ഞങ്ങളുടെ ചർച്ചും പുരോഹിതരും നിങ്ങളെ മാമോദിസ മുക്കുവൻ അവിടെ ഉണ്ടാവുക തന്നെ ചെയ്യും “
റഫറൻസ് : https://bit.ly/3w7dmxZ
1903 ൽ തന്നെയാണ് ബ്രിട്ടീഷുകാർ ജൂതർക്ക് ആഫ്രിക്കയിൽ ഒരു രാജ്യം നൽകുന്ന ഓഫർ നൽകുന്നത് .1903 ൽ ഈ ഓഫർ ജൂതർ ചർച്ച ചെയ്തു . മീറ്റിംഗിൽ അത് പാസ്സായി . തിയോഡർ ഹെർസിൽ തന്നെയാണ് ഉപാധികളോടെ ഇത് ആദ്യം അംഗീകരിച്ചത് എങ്കിലും 1905 ൽ ഇത് നേരത്തെ പറഞ്ഞത് പോലെ തള്ളി . പക്ഷെ അത് കാണാൻ ഹെർസൽ ജീവിച്ചിരുന്നില്ല .
നോട്ട് : ഇത് ചരിത്രമാണ് . ആരെയെങ്കിലും വെറുക്കാനോ അന്ധമായി വിമര്ശിക്കുവാനോ അവമതിക്കുവാനോ ഉള്ളതല്ല ചരിത്രം . ഇന്നലെകളിലെ കാൽപ്പാടുകൾ ഒപ്പിയെടുക്കുക മാത്രമാണ് ചെയ്യുന്നത് . ചരിത്രത്തിലെ വെറുപ്പ് ഭാവിയിൽ ആവർത്തിക്കാതിരിക്കാനും നന്മയെ മാത്രം പ്രോത്സാഹിപ്പിക്കുവാനും വേണ്ടി മാത്രം ചരിത്രത്തെ കാണുക

അധ്യായം -6

പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിൽ നിന്ന് എവിടേയ്ക്ക് എങ്കിലും രക്ഷപ്പെടാനുള്ള സാധ്യതകൾ തേടിയ ജൂത സമൂഹത്തിന്റെ ചരിത്രം നാം കഴിഞ്ഞ പോസ്റ്റിൽ വിവരിച്ചു . അതിന്റെ കാരണങ്ങളും വ്യക്തമാക്കപ്പെട്ടു . അതിന്റെ കാരണങ്ങളും അതിലേക്ക് നയിച്ച ചില സംഭവങ്ങളും നമുക്ക് ഇങ്ങനെ ചുരുക്കാം :

1. ജനാധിപത്യം വന്നു തുടങ്ങിയിട്ടും കൂടി വരുന്ന ആന്റി സെമിറ്റിസം

ജനാധിപത്യത്തിന് നല്ല വശങ്ങൾ ഉണ്ടെങ്കിലും അതിന്റെ ഏറ്റവും മോശം വശം ഏതെങ്കിലും സമൂഹത്തോടുള്ള വെറുപ്പ് ആ നാട്ടിലുണ്ടെങ്കിൽ ആ വെറുപ്പ് വോട്ടാക്കി ജയിക്കാമെന്നതാണ് . നാം ഇന്ത്യക്കാർക്ക് അത് കൂടുതൽ വിശദീകരിക്കേണ്ട കാര്യമില്ല . ഇലക്ഷൻ നടക്കുമ്പോൾ കുറച്ചു പച്ച വർഗ്ഗീയത പറഞ്ഞാൽ അവൻ ജയിച്ചു പോരുന്നത് നാം കാണുന്നതാണ് . സമാനമായി , യൂറോപ്പിലും ജൂതർക്കെതിരെ ഹേറ്റ് കാമ്പയിൻ നടത്തി ആളുകൾ ജയിക്കാൻ തുടങ്ങി . ജനാധിപത്യത്തിന്റെ ഈ ഭീകര മുഖം ആദ്യമേ തിരിച്ചറിഞ്ഞ അവർ യൂറോപ്പിൽ നിന്ന് പുറത്തു വരാതെ രക്ഷയില്ലെന്നു മനസ്സിലാക്കി . അങ്ങനെയാണ് നേരത്തെ നാം പറഞ്ഞ രാജ്യങ്ങളിലേക്കുള്ള സാധ്യതകൾ എല്ലാം അന്വേഷിച്ചത്

2. സൂയസ് കനാൽ

സൂയസ് കനാൽ നിർമ്മിച്ചതോടെ ചെങ്കടലിൽ നിന്ന് മെഡിറ്ററെനിയനിൽ കടലിലേക്ക് ഒരു എളുപ്പ മാർഗ്ഗം തുറന്നു . യൂറോപ്പ്യർക്ക് തങ്ങളുടെ ആഫ്രിക്കൻ കോളനികളിലേക്ക് എളുപ്പത്തിൽ ആക്സസ് ചെയ്യാൻ ഒരു പുതിയ മാർഗ്ഗമായി . എന്നാൽ ഈ കനാലിന്റെ കാര്യത്തിൽ ബ്രിട്ടന് ഫ്രാൻസിനെ പോലെ വലിയ സ്വാധീനമൊന്നും ഉണ്ടായിരുന്നില്ല . ആയിടക്കാണ് കട ബാധ്യതയായി ഈജിപ്ത് അവരുടെ ഷെയർ വിൽക്കുന്നത് . അത് വൻ വിലയ്ക്ക് സ്വന്തമാക്കാൻ ബ്രിട്ടനെ സഹായിച്ച യൂറോപ്പിലെ സമ്പന്ന ബാങ്കിങ് കുടുംബമായ Rothschild കുടുംബം ബ്രിട്ടീഷ് സർക്കാരിലെ ഒരു സ്വാധീന ശക്തിയായി മാറി . ജൂതർക്ക് ഒരു ഗ്രിപ്പ് കിട്ടി തുടങ്ങുന്നത് അങ്ങനെയാണ്

3. റഷ്യൻ കൂട്ടക്കൊല 1882 : റഷ്യയിൽ നടന്ന ഭീകരമായ കൂട്ടക്കൊല ജൂതരുടെ കുടിയേറ്റത്തിന് (എളുപ്പത്തിലാക്കാൻ ) വലിയ പ്രേരകമായി . അതിനെ തുടർന്നാണ് ആലിയകൾ ആരംഭിക്കുന്നത് . (ഘട്ടം ഘട്ടമായ കുടിയേറ്റം )

ആലിയ

Going up എന്നാണ് ഈ വാക്കിന്റെ അർത്ഥം അർത്ഥം ! ജൂതർ ഫലസ്തീനിലേക്ക് സെറ്റിൽ ചെയ്യുന്നതിന് ഉപയോഗിക്കുന്ന വാക്കാണിത് .
സമുദ്ര നിരപ്പിൽ നിന്ന് 750 അടി മുകളിൽ സ്ഥിതി ചെയ്യുന്ന പ്രദേശമായ ജെറുസലേമിലേക്ക് കയറി പോവുക എന്ന അർത്ഥത്തിൽ അതിനൊരു ആത്മീയ വിവക്ഷയുണ്ട് . അബ്രഹാം പൗത്രനായ ജേക്കബും സന്തതികളും ഈജിപ്തിൽ സെറ്റിൽ ചെയ്ത ശേഷം മോശെയുടെ കാലത്ത് ജെറുസലേമിലേക്ക് മടങ്ങുന്നത് ഒരു തരത്തിൽ ജെറുസലേമിലേക്ക് കയറി പോവുക എന്ന അർത്ഥത്തിൽ ആണ് ഇസ്രായേലികൾ കരുതി പോന്നിരുന്നത് . നമ്മുടെ നാട്ടിൽ മല കയറുക എന്നാൽ ശബരി മല തീർത്ഥാടനം എന്ന് നമ്മുടെ മനസ്സിലേക്ക് വരുന്നത് പോലെ ആലിയ എന്നാൽ അതിന്റെ ഉദ്ദേശം തന്നെ ജെറുസലേമിലേക്ക് മടങ്ങൽ എന്നാണെന്ന് ഓരോ ജൂതനും വിശ്വസിച്ചു . അത് കൊണ്ട് തന്നെ ആലിയ എന്ന പ്രയോഗത്തിന് ഒരു ആത്മീയ പ്രതലമുണ്ടായിരുന്നു . ജൂത രാഷ്ട്രം രൂപീകരിക്കപ്പെടുന്നതിന്റെ ഭാഗമായി നടന്ന കുടിയേറ്റങ്ങൾ ആലിയയുടെ വിവിധ ഘട്ടങ്ങളാണ്

ആലിയ ഒന്ന് 1883-1903

റഷ്യയിൽ ജൂതർ അടിച്ചമർത്തൽ നേരിട്ടപ്പോഴാണ് ആദ്യമായി ഫലസ്തീനിലേക്ക് ഒരു ഒഴുക്ക് ആരംഭിക്കുന്നത് . 35000 ജൂതരാണ് ഒന്നാം ആലിയയിൽ ഫലസ്തീനിൽ എത്തുന്നത് .ഇംഗ്ലണ്ടിലെ പ്രമുഖ പ്രഭു കുടുംബമായ റോത്ത്ചൈൽഡ് ഫാമിലി അക്കാലത്ത് യൂറോപ്പിലെ തന്നെ സമ്പന്നരായ ബാങ്കിങ് കുടുംബമായിരുന്നു . ബ്രിട്ടനെ ഫലസ്തീനിലെ ജൂത രാഷ്ട്രമെന്ന പ്രഖ്യാപനത്തിലേക്ക് നയിച്ച ലോബിയിങ് നടത്തിയത് ഈ കുടുംബമാണ് . കഴിയുന്നത്ര ഭൂമി വാങ്ങിക്കൂട്ടുക എന്ന പദ്ധതിയാണ് ഒന്നാം ആലിയയുടെ ഭാഗമായി അവർക്ക് ഉണ്ടായിരുന്നത് . പൊതു കടം വർധിച്ചതിനാൽ ഈജിപ്തിന്റെ ഭരണാധികാരി സൂയസ് കനാലിൽ ഈജിപ്തിനുണ്ടായിരുന്ന ഷെയറുകൾ വിൽപ്പനയ്ക്ക് വെച്ചു . ഈ ഷെയറുകൾക്ക് വേണ്ടി ബ്രിട്ടീഷ് സർക്കാരിന് പണം നൽകിയത് റോത്തശ്ചിൾഡ് ഫാമിലിയായിരുന്നു . അങ്ങനെയാണ് ഈ കനാലിൽ ബ്രിട്ടീഷുകാർക്ക് ഒരു പങ്ക് ഉണ്ടാവുന്നത് . ആഫ്രിക്കയിലേക്ക് കടന്ന് കയറാൻ ഇത് വളരെ വേഗത്തിൽ ബ്രിട്ടനെ സഹായിച്ചു . ഈ സംഭവം റോത്തശ്ചിൾഡ് കുടുംബത്തിന്റെ സ്വാധീനം ബ്രിട്ടനിൽ വർധിപ്പിച്ചു .

രണ്ടാം ആലിയ

സാമ്പത്തികമായ ആവശ്യങ്ങൾ ആയിരുന്നു ഈ ഘട്ടത്തിലൊക്കെ ജൂത കുടിയേറ്റങ്ങൾക്ക് വലിയ കാരണമായത് . യൂറോപ്പിലെ ദാരിദ്രാവസ്ഥയിൽ നിന്ന് മോചനം തേടിയാണ് അവർ പുറപ്പെട്ടത് . എന്നാൽ ഫലസ്തീൻ ഒരു വലിയ സാമ്പത്തിക സാധ്യത അവർക്ക് നൽകിയില്ല എന്നതിനാൽ തന്നെ കുടിയേറ്റം നടന്നു എങ്കിലും കൂടുതൽ പേരും കുടിയേറിയത് അമേരിക്കയിലേക്കാണ് . hashomer എന്ന സായുധ സംഘം അവർ രൂപീകരിക്കുന്നതും ഹിബ്രു ഭാഷയിൽ ഒരു ഡിക്ഷ്ണറി തയ്യാറാക്കുന്നതും ഈ കാലഘട്ടത്തിൽ ആയിരുന്നു . 1908 ൽ തുർക്കിയിൽ ആരംഭിച്ച വിപ്ലവവും ഒന്നാം ലോക മഹായുദ്ധത്തിൽ തുർക്കി ബ്രിട്ടന്റെ ശത്രുവായ ജർമ്മനിയുടെ സഖ്യത്തിന്റെ ഭാഗമായതും ബാൽഫർ പ്രഖ്യാപനത്തിന് കാരണമായി . 1915 ൽ തന്നെ ഈ പ്രഖ്യാപനത്തിനു വേണ്ടിയുള്ള ചരട് വലികൾ നടന്നിരുന്നു . 1917 ൽ റോത്തശ്ചിൾഡ് കുടുംബത്തെ അഭിസംബോധന ചെയ്തു കൊണ്ട് ബാൽഫർ പ്രഖ്യാപനവുമുണ്ടായി . മേഖലയിൽ ഫ്രാൻസിനുള്ള സ്വാധീനം ബ്രിട്ടനെ അസ്വസ്ഥമാക്കിയിരുന്നു . അത് കൊണ്ട് തന്നെ അവിടെ ഒരു പുതിയ ക്രമം ഉണ്ടാവുക എന്നതും ബ്രിട്ടന്റെ ലക്ഷ്യമായിരുന്നു . 1840 മുതൽക്ക് തന്നെ ബ്രിട്ടൻ ചെറിയ തോതിലെങ്കിലും കുടിയേറ്റങ്ങൾ പ്രോത്സാഹിപ്പിച്ചു പോന്നത് അതിനായിരുന്നു .

1919-1923 മൂന്നാം ആലിയ

ഒന്നാം ലോക യുദ്ധത്തിന് ശേഷം തുടക്കം . 40000 ജൂതരാണ് ഈ ഘട്ടത്തിൽ ഫലസ്തീനിലേക്ക് വരുന്നത് .

1924 -1928 നാലാം ആലിയ
1926 ലെ സാമ്പത്തിക പ്രശ്നങ്ങളാൽ കുറച്ചു പേർ തിരികെ പോയി .

അഞ്ചാം ആലിയ 1929-1939

മൂന്ന് ലക്ഷത്തോളം ജൂതർ വന്നു . ജർമ്മനിയിലെ കൂട്ടക്കൊലയും പീഡനവും ഇതിനൊരു കാരണമായി . മാത്രമല്ല , അമേരിക്ക അവരുടെ അതിരുകൾ അടച്ചതോടെ പലായനം ചെയ്യുന്ന ജൂതരുടെ ഒറ്റ ലക്‌ഷ്യം ഫലസ്തീൻ ആയി മാറി . രണ്ടാം ലോക മഹായുദ്ധ യുദ്ധ സമയത്ത് ഒരു ഇടവേള ഉണ്ടായി . യുദ്ധാനന്തരം രാഷ്ട്രം നിർമ്മിക്കുകയും ചെയ്തു .

അധ്യായം -7

ലോകത്ത് ഇത്രയധികം പീഡനം അനുഭവിച്ച ഒരു സമൂഹം ഒരു രാജ്യം ഉണ്ടാക്കി കഴിഞ്ഞപ്പോൾ അവിടെ ആയിരക്കണക്കിന് വർഷമായി ജീവിച്ചു പോരുന്ന ഫലസ്തീനികളായ തദ്ദേശീയരോട് അതേ മർദ്ധന മുറകൾ നടത്തുന്നത് വിചിത്രമാണ് . ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ തങ്ങളുടെ സ്ഥിതിയും വളരെ ദയനീയമായിരുന്നു എന്ന ഓർമ്മ അവർക്കുണ്ടെങ്കിൽ അവർ അനുദിനം ഒരു കാൻസർ പോലെ ഫലസ്തീന്റെ അതിരുകളിലേക്ക് വീണ്ടും വീണ്ടും കയറുമോ ?
അങ്ങനെ ചെയ്യുമെന്നാണ് ചരിത്രം പറയുന്നത് . തദ്ദേശീയരായ ഫലസ്തീനികൾ ഇക്കാര്യത്തിൽ എന്ത് പിഴച്ചു ? അവർ ആയിരക്കണിന് വർഷമായി അവിടെ ജീവിച്ചു പോരുകയാണ് . അവരും അവരുടെ മുൻ തലമുറകളും അവിടെ ആയിരക്കണക്കിന് വർഷമായി ജീവിച്ചു പോരുകയാണ് . അവർ ആരെയും ആട്ടിപ്പായിച്ചിട്ടില്ല . ഉദാഹരണം പറയാം : നമ്മൾ തലമുറകളായി താമസിക്കുന്ന വീട്ടിൽ നിന്ന് ഒരു ദിവസം നമ്മളെ ഇറക്കി വിടുകയാണ് . അതിനു പറയുന്ന കാരണം ആയിരം വർഷങ്ങൾക്ക് മുൻപ് ആ പറമ്പ് വേറെ ആരുടേതോ ആയിരുന്നു എന്നാണ് !! നിങ്ങൾ ഇറങ്ങുമോ ? അങ്ങനെ ഇറക്കി വിടാൻ പറ്റുമോ ?
പറ്റുമെങ്കിൽ നമുക്ക്‌ വേറെയും ചിലത് വിട്ടു കൊടുക്കാനുണ്ട് .
അമേരിക്ക റെഡ് ഇന്ത്യന്സിന് വിട്ടു കൊടുക്കുമോ ?
60000 വര്ഷങ്ങള്ക്ക് മുന്പ് തന്നെ അമേരിക്കയില് താമസമാക്കിയ റെഡ് ഇന്ത്യന്സ് ആണ് അമേരിക്കയിലെ യഥാര്ത്ഥ പൌരന്മാര്. 15 ആം നൂറ്റാണ്ടിനു ശേഷമാണ് ഇന്ന് അമേരിക്കയില് കാണുന്ന ഭൂരിപക്ഷം പേരും അമേരിക്കയിലേക്ക് കുടിയേറിയത്. അതായത് കണക്കു നോക്കിയാല് നാല് , അഞ്ചു നൂറ്റാണ്ടുകള് മാത്രം.
ഇന്നത്തെ ഫലസ്തീനികള് ഇതിന്റെ നാലഞ്ചു ഇരട്ടിയിലേറെ കാലമായി ഫലസ്തീനില് ഉണ്ട് എന്ന് നിസ്സംശയം പറയാം. ഒന്ന് കൂടി ചികഞ്ഞു നോക്കിയാല് അതിനേക്കാള് പഴക്കം കണ്ടെന്നും വരാം. നാളെ റെഡ് ഇന്ത്യന്സ് അമേരിക്ക വേണമെന്ന് പറഞ്ഞാല് വിട്ടു കൊടുക്കുമോ ?
ഇംഗ്ലണ്ട് ആരുടെ ഭൂമി ?
ക്രിസ്തുവിനു 4000 വര്ഷം മുന്പാണ് neolithic കര്ഷകര് ഇംഗ്ലണ്ടിലേക്ക് കുടിയേറുന്നത്. അതിനും ആയിരക്കണക്കിന് വര്ഷങ്ങള്ക്കു മുന്പ് Spain, Dordogne ഭാഗങ്ങളില് നിന്ന് കുടിയേറിയ ജന സമൂഹം ഇംഗ്ലണ്ടില് ജീവിച്ചിരുന്നു. ഇന്നത്തെ സായിപ്പന്മാരില് അധികവും മധ്യ യൂറോപ്പില് നിന്ന് ഇംഗ്ലണ്ടിലേക്ക് വന്നിട്ട് അധിക കാലം ആയിട്ടില്ല. ഇംഗ്ലണ്ടിലെ സായിപ്പന്മാരെ ഒക്കെ കുടിയോഴിച്ചു ആ രാജ്യം അതിന്റെ പഴയ പൌരന്മാര്ക്ക് വിട്ടു കൊടുക്കുമോ ?
ഓസ്ട്രേലിയ അബോരിജിന്സിനു വിട്ടു കൊടുക്കുമോ ?
വെളുത്ത ഓസ്ട്രെലിയയുടെ പുറകില് ഒരു കറുത്ത ചരിത്രമുണ്ട് . ആഫ്രിക്കയില് നിന്ന് ഏതാണ്ട് 50000 വര്ഷങ്ങള്ക്കു മുന്പ് ഓസ്ട്രേലിയയില് വന്നു താമസം ആരംഭിച്ച ജന വിഭാഗമാണ്‌ അബോരിജിന്സ്. അബോരിജിന്സിനു ഓസ്ട്രെലിയ വിട്ടു കൊടുക്കാന് ഇന്നത്തെ ലോകം തയ്യാറാവുമോ ?
ഇന്ത്യയിലേക്ക് വന്ന ആര്യന്മാരെ ആട്ടിപ്പായിക്കുമോ ?
ലോകത്തെ ഒട്ടു മിക്ക രാജ്യങ്ങളിലും ആയിരക്കണക്കിന് പതിനായിരക്കണക്കിനു വര്ഷങ്ങള്ക്കു മുന്പ് ജീവിച്ച പല സമൂഹങ്ങളുമുണ്ട്. എന്ന് വെച്ച് ആയിരക്കണക്കിന് വര്ഷങ്ങള്ക്കു ശേഷം എവിടെ നിന്നോ വന്ന ഏതാനും പേര് അവരുടെ പാരമ്പര്യം പറഞ്ഞു കൊണ്ട് തദ്ദേശീയരായ പച്ച മനുഷ്യരെ കൊന്നു നിഷ്കാസനം ചെയ്തു ഭൂമി കയ്യടക്കുന്നത് നീതിയാണോ ? അവരില് ഭൂരിപക്ഷവും യൂറോപ്പില് നിന്നും രക്ഷയില് നിന്നുമുള്ള കുടിയേറ്റക്കാര് ആണെന്നും ഓര്ക്കണം.
ഇവിടെ വിഷയം ആയിരക്കണക്കിന് വര്ഷം ഒരേ സ്ഥലത്ത് ജീവിക്കുകയും അവിടെ തന്നെ മരിക്കുകയും തലമുറകളായി ആ നാട്ടില് തന്നെ കഴിഞ്ഞു കൂടുകയും ചെയ്യുന്ന ഒരു വിഭാഗത്തെ ആട്ടിപ്പായിച്ചു അവരുടെ ഭൂമി കയ്യടക്കിയ വലിയ അതിക്രമമാണ്. 10 ലക്ഷത്തില് കുറയാത്ത ഫലസ്തീനികള്ക്കാണ് തങ്ങളുടെ കൂര നഷ്ടപ്പെട്ടത്. അവര്ക്ക് തിരിച്ചു ഫലസ്തീനില് കയറാന് അനുവാദമില്ല. ശേഷിക്കുന്ന ഫലസ്തീനികളുടെ ഭൂമിയില് ഐക്യ രാഷ്ട സഭയുടെ മുന്നറിയിപ്പ് പോലും വക വെയ്ക്കാതെ അനധികൃത കുടിയേറ്റങ്ങള് തുടരുന്നു. ഈ ഫലസ്തീനികള്ക്ക് മനുഷ്യാവകാശ പ്രശ്നങ്ങള് ഇല്ലേ ? .
ഇസ്രായേൽ എന്തിനു വീണ്ടും വീണ്ടും പലസ്തീന്റെ മണ്ണ് മാന്തുന്നു ?
മേൽ പറഞ്ഞ എല്ലാ നീതികേടും വാദത്തിനു വേണ്ടി അംഗീകരിച്ചാൽ തന്നെ ഇപ്പോഴും ഫലസ്തീനിലേക്ക് നടത്തുന്ന കടന്നു കയറ്റത്തെ കുറിച്ച് എന്ത് പറയുന്നു . 12 കുടുംബങ്ങളെയാണ് ഷെയ്ഖ് ജറാഹിൽ ഇന്ന് ഇപ്പോൾ കുടിയിറക്കാൻ ഇസ്രായേൽ ശ്രമിക്കുന്നത് . അതിനെ തുടർന്നാണ് ഇപ്പോൾ നടക്കുന്ന സംഘര്ഷങ്ങള് ഉണ്ടായത് . നേരത്തെ കയ്യിലുള്ള സ്ഥലങ്ങളെ കൂടാതെ വീണ്ടും വീണ്ടും ശേഷിക്കുന്ന ഫലസ്തീൻ മണ്ണിലേക്ക് കുടിയേറ്റം നടത്തുന്നതിന് എന്തുണ്ട് ന്യായീകരണം . ഹമാസ് ആണ് ഈ പ്രശ്നങ്ങൾക്ക് കാരണമെങ്കിൽ ഇപ്പോൾ കയ്യേറ്റം നടന്നു കൊണ്ടിരിക്കുന്ന വെസ്റ്റ് ബാങ്ക് മേഖലയിൽ ഹമാസ് ഇല്ല . ഇസ്രായേലിനു കൂടി അംഗീകരിക്കാൻ കഴിയുന്ന ഫത്ത പാർട്ടിയുടെ മേഖലയാണത് . അപ്പോൾ പ്രശ്നം ഇതൊന്നുമല്ല . അത് മറ്റൊന്നാണ് . ഇസ്രായേൽ ഇനിയും കുടിയേറ്റം തുടരുക തന്നെ ചെയ്യും . അതിന്റെ കാരണം മറ്റൊന്നാണ് .
ഫലസ്തീന്റെ ശേഷിക്കുന്ന മണ്ണ്. കൂടി നിരുപാധികം ഇസ്രായേലിനു വിട്ടു കൊടുത്താൽ പോലും ലോകത്ത് ഇസ്രായേലിന്റെ അധിനിവേശം അവസാനിക്കില്ല എന്ന് എത്രപേർക്കറിയാം?
ഇസ്രായേലിന്റെ ലക്ഷ്യം ഇനി ശേഷിക്കുന്ന ഗാസാ മുനമ്പൊ വെസ്റ്റ്‌ ബാങ്കോ മാത്രമല്ല . ഇപ്പോഴുള്ള അധിനിവേശം ഒരു കാൽ വെയ്പ്പ് മാത്രമാണ്.സയണിസത്തിന്റെ പിതാവ് Theodore Herzlതന്നെ വ്യക്തമാക്കുന്നത് ഗ്രൈറ്റെർ ഇസ്രായേലിന്റെ അതിരുകൾ നൈൽ നദി മുതൽ യൂഫ്രട്ടീസ് വരെ എന്നാണ് ! അവരുടെ പതാകയിലെ 2 നീല വരകൾ ഈ രണ്ടു നദികളുടെ സിമ്പലുകളാണ് . അതായത് ഇന്നത്തെ ലബനോൻ , സിറിയ, ഇറാഖ് , സൌദിയുടെ പല ഭാഗങ്ങൾ, സീനായ്, ജോർദാൻ തുടങ്ങി പ്രവിശാലമായ തങ്ങളുടെ ഒരു ഭൂമികയാണ് ഇവരുടെ ലക്‌ഷ്യം. അവസാനത്തെ ഫലസ്തീനിയും കൊല്ലപ്പെട്ടാലും ഇസ്രായേൽ രക്ത ചൊരിചിൽ അവസാനിപ്പിക്കില്ലെന്നു അർത്ഥം. ഈ പ്ലാനിനെ യിനോണ് പ്ലാൻ എന്നാണ് ഇസ്രായേൽ പേരിട്ടിരിക്കുന്നത്. എന്ത് വില കൊടുത്തും നടപ്പിലാക്കാൻ ആണ് ഇസ്രായേലിന്റെ ലക്‌ഷ്യം. അതിനുവേണ്ടി എത്ര തദ്ദേശീയർ കൊല്ലപ്പെട്ടാലും ഒരു ഇസ്രായേലിനു വിഷയമല്ല. ഫലസ്തീനികൾ ഈ പ്ലാനിന്റെ ആദ്യത്തെ ഇരകൾ മാത്രമാണ്.ഇതോടൊപ്പം ചേർക്കുന്ന ഇസ്രായേൽ നാണയത്തിൽ ഗ്രെയ്റ്റർ ഇസ്രായേൽ അതിരുകൾ കാണാം .അതൊരു സ്വപ്നം മാത്രമല്ല . പതിയെ നടപ്പാക്കി കൊണ്ടിരിക്കുന്ന പദ്ധതിയാണ് .
ഈ യുദ്ധം ഇന്നും നാളെയും അവസാനിക്കാൻ പോവുന്നില്ല. അവസാനത്തെ ഫലസ്തീനിയും ആറടി മണ്ണിൽ അടയ്ക്കപ്പെട്ടാലും ഈ യുദ്ധം അവസാനിക്കില്ല . ഇത് കേവലമൊരു ആഗ്രഹം മാത്രമല്ല. ഒരു രാജ്യത്തിന്റെ സ്റ്റേറ്റ് പോളിസിയാണ് . അതിന്റെ തെളിവാണ് ഗ്രേറ്റർ ഇസ്രായേൽ മാപ്പ് അവരുടെ. നാണയത്തിൽ തന്നെ പതിച്ചു വെച്ചിരിക്കുന്നത്. ചിത്രം കാണുക.ഐക്യ രാഷ്ട്ര സഭ നൂറ്റിയൊന്ന് തവണ നിറുത്തി വെയ്ക്കാൻ ആവശ്യപ്പെട്ടാലും അനധികൃത കുടിയേറ്റം അവസാനിക്കാൻ പോവുന്നില്ല എന്നതാണ് സത്യം.
ഇനി നിക്ഷ്പക്ഷതയുടെ മുഖം മൂടി അണിഞ്ഞു ഇസ്രായേൽ രാജ്യത്തിന്റെ നില നിൽക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നവരോട് ഒരു ചോദ്യം. ഗ്രൈട്ടർ ഇസ്രായേൽ പദ്ധതിയെ നിങ്ങൾ അന്ഗീകരിക്കുന്നുണ്ടോ? ഫലസ്തീനിലെ സംഘർഷം ഏകപക്ഷീയമായി അറബികൾക്ക് പരിഹരിക്കാൻ കഴിയുമെന്ന അഭിപ്രായം ഇപ്പോഴുമുണ്ടോ? എങ്കിൽ കളിയറിയാതെ ഗ്യാലറിയിൽ ഇരുന്നു ആട്ടം കാണുന്ന വെറും വിഡ്ഢിയാണ് നിങ്ങൾ.

അധ്യായം -8

ഈ പോസ്റ്റോടെ ഫലസ്തീൻ വിഷയത്തിലെ പോസ്റ്റുകൾ അവസാനിപ്പിക്കുകയാണ് . വളരെ വിശാലമായ ഒരു വിഷയമാണ് . സമയ പരിമിതി മൂലം പ്രധാന വാദങ്ങൾക്കുള്ള മറുപടി നൽകി കൊണ്ട് അവസാനിപ്പിക്കുകയാണ്
1. ഇസ്രായേൽ ജൂതരുടെ വാഗ്ദത്ത ഭൂമിയല്ലേ ?
വാഗ്ദത്ത ഭൂമി എന്നത് ഒരു മതപരമായ വിശ്വാസമാണ് . ദൈവമില്ല എന്ന് വാദിക്കുന്ന യുക്തരും മറ്റും ഇതെടുത്ത് വീശാറുണ്ട് . ഒരു വശത്ത് ദൈവമില്ലെന്ന് പറയുകയും മറുവശത്ത് ദൈവം ജൂതർക്ക് നൽകിയ വാഗ്ദത്ത ഭൂമിയാണെന്ന് വാദിക്കുകയും ചെയ്യുന്നത് വിചിത്രമാണ് .
ഇസ്രായേലികൾക്ക് ഒരു വാഗ്ദത്ത ഭൂമി നൽകി എന്ന് പിന്നീട് വാദിക്കുന്നത് ചില ക്രിസ്ത്യൻ പ്രൊഫൈലുകൾ ആണ് . അവർ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ജനതയാണെന്നാണ് അവരുടെ വാദം . അങ്ങനെ വാദിക്കുമ്പോൾ ഒരു കുഴപ്പമുണ്ട് . എങ്കിൽ പിന്നെ എന്തിനാണ് ക്രിസ്തുവിനു ശേഷം റോമൻ ഭരണത്തിലും തുടർന്ന് കുരിശു യുദ്ധ കാലത്തും അതിനു ശേഷം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതി വരേയ്ക്കും (ഹിറ്റ്ലറുടെ കാലം വരെ ) ഈ തെരഞ്ഞെടുക്കപ്പെട്ട ദൈവ ജനതയെ യൂറോപ്യൻ പീഡിപ്പിച്ചത് . അവരുടെ മണ്ണാണ് എങ്കിൽ എന്തിനാണ് ആട്ടിയോടിച്ചത് ? എന്തിനാണ് ജറുസലേമിൽ തങ്ങൾക്ക് ഒരു രാജ്യം വേണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാൻ സാക്ഷാൽ പോപ്പിനെ കണ്ട് സയണിസ്റ്റ് നേതാവ് തിയോഡർ ഹെർസിൽ അഭ്യർത്ഥിച്ചപ്പോൾ ഒരിക്കലും സഭയുടെ അധികാരി എന്ന നിലക്ക് ഞാൻ ഈ ആവശ്യം ഒരിക്കലും അംഗീകരിക്കില്ലെന്ന് പറഞ്ഞത് ? https://cutt.ly/Kb9Kv03
കഴിഞ്ഞ 1950 വർഷത്തോളം അവർക്ക് വാഗ്ദത്ത ഭൂമി ഇല്ലായിരുന്നോ ?
അന്നവർ ദൈവത്തിന്റെ ജനത അല്ലായിരുന്നോ ?
ഇനി ജൂതർക്ക് മാത്രമായി വാഗ്ദത്ത ഭൂമി എന്ന വാദം തന്നെ ബാലിശമാണ് . കാരണം പ്രാമാണികമായി എവിടെയും ജൂതർക്കായി ഒരു വാഗ്ദത്ത ഭൂമിയില്ല . എല്ലായിടത്തും അബ്രഹാമിന്റെ സന്തതികൾ എന്നാണ് പരാമർശം . അവർ ജൂതർ മാത്രമല്ല , പിൽക്കാലത്ത് ക്രിസ്ത്യൻ വിശ്വാസം സ്വീകരിച്ചവരും ഇസ്‌ലാം മതം സ്വീകരിച്ചവരും എല്ലാം ആ സന്തതി പരമ്പരയിൽ വരുന്നവരാണ് . യേശു പോലും അബ്രഹാമിന്റെ പരമ്പരയിൽ ആണ് ജനിക്കുന്നത് !! പിന്നെ എങ്ങനെയാണ് ജൂതർക്ക് ”മാത്രമായി’ ഒരു വാഗ്ദത്ത ഭൂമി അവരുടെ വിശ്വാസ പ്രമാണങ്ങൾ പ്രകാരം പോലുമില്ല എന്നതാണ് സത്യം . സംശയമുള്ളവർക്ക് കീ വേർഡ്‌ വെച്ച് സേർച്ച്‌ ചെയ്തു സ്വയം ബോധ്യപ്പെടാനായി ഒരു ലിങ്ക് കൂടി നൽകുന്നു. http://goo.gl/Nceee9
വാഗ്ദത്ത ഭൂമി വാദ പ്രകാരം മറ്റു അബ്രഹാം സന്തതികളെ പോലെ ജൂതര്ക്കും അവകാശം ഉണ്ടെങ്കിൽ തന്നെ എല്ലാ ജൂതരും ഇസ്രായേൽ സന്തതികൾ അല്ലെന്നതും മറ്റൊരു വസ്തുതയാണ് . ഭൂരിപക്ഷം ആഷ്കെനസി വിഭാഗത്തിൽ പെടുന്ന യൂറോപ്യൻ ജൂതർക്ക് ഇത് ബാധകമല്ലെന്ന് അർത്ഥം . ചുരുക്കത്തിൽ വാഗ്ദത്ത ഭൂമി വാദത്തിന്റെ അകം ഇത്ര കണ്ട് പൊള്ളയാണ് .
2. ഇസ്രായേലികൾ ബുദ്ധി കൂടുതൽ ഉള്ളവരാണ് !
ഈ വാദവും ഇപ്പോഴത്തെ സംഘർഷവും തമ്മിൽ എന്താണ് ബന്ധമെന്ന് മനസ്സിലാവുന്നില്ല . എന്ന് മാത്രമല്ല , ഒരു തികഞ്ഞ വംശീയത കൂടിയാണിത് . പരിണാമ വാദികൾ പലപ്പോഴും ആഫ്രിക്കക്കാരുടെ പരിണാമം വേണ്ട വിധത്തിൽ നടന്നിട്ടില്ലെന്ന വാദം ഉയർത്താറുണ്ട് . പിന്നെ ബുദ്ധിയുടെ മാനദണ്ഡം എന്താണ് ? ഇപ്പോഴത്തെ വികസനമാണോ ? അത് ബുദ്ധിയുടെ തെളിവാണെങ്കിൽ കഴിഞ്ഞ 2000 വർഷമായി യൂറോപ്പിൽ അലഞ്ഞു തിരിഞ്ഞ കാലത്ത് ജൂതർക്ക് എന്തേ വികസനം ഉണ്ടായില്ല ? അന്നവർ പീഡിതർ ആയിരുന്നുവല്ലേ ? അപ്പോൾ ഭൗതിക അവസരങ്ങളാണ് ഒരു സമൂഹത്തിന്റെ വളർച്ചയ്ക്ക് വളമാകുന്നത് . ജൂതർക്ക് ഒരു രാജ്യവും പ്രതിവർഷം അമേരിക്കയിൽ നിന്ന് മൂന്നര ബില്യൺ ഡോളർ സഹായവും മുടങ്ങാതെ കിട്ടുമ്പോൾ വികസനം സ്വാഭാവികം .
ഫലസ്തീനികൾ പരസ്പരം കണക്ഷൻ പോലുമില്ലാത്ത രണ്ടു കഷ്ണം ഭൂമിയിലാണ് ജീവിക്കുന്നത് . ചുറ്റു പാടും അതിരുകളാണ് . കര മാർഗ്ഗമോ കടൽ മാർഗ്ഗമോ ആകാശ മാർഗ്ഗമോ അവിടേക്ക് എത്തുവാനോ പുറത്തു വരുവാനോ സാധ്യമല്ല . സ്‌കൂളുകളോ സൗകര്യങ്ങളോ കാര്യമായി ഇല്ല . സാങ്കേതിക വിദ്യയില്ല . എന്നിട്ടും അവർ അതിജീവിക്കുന്നു എന്നതിലാണ് അത്ഭുതം . ജൂതരുടെ മുന്നേറ്റത്തിന് ഏറിയാൽ 73 വർഷത്തെ ഹിസ്റ്ററിയാണ് ഉള്ളത് . എന്നാൽ യൂറോപ്പ് ഇരുട്ടിൽ തപ്പുന്ന കാലത്ത് മധ്യകാല മുസ്ലിം ലോകത്ത് വൈജ്ഞാനിക മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട് . https://cutt.ly/qb9CST3. എന്നാൽ ഇന്ന് അറബ് ലോകത്ത് അത്ര കണ്ട് മുന്നേറ്റങ്ങൾ നടക്കുന്നുമില്ല . അതെന്താ മധ്യ കാലത്ത് ജൂതരുടെ ബുദ്ധി അറബികൾ കടം വാങ്ങിയിരുന്നോ ? ഇപ്പോൾ അറബ് മുസ്ലിംകളുടെ ബുദ്ധി ജൂതർ കൊണ്ടു പോയോ ?
അതൊന്നുമല്ല . ഭൗതിക സാഹചര്യങ്ങളാണ് ഇതിന്റെയെല്ലാം കാരണം . ആഫ്രിക്കൻ രാജ്യങ്ങളിൽ കാര്യമായ ശാസ്ത്ര പ്രതിഭകൾ ഉണ്ടാവാതെ പോയത് അവർക്ക് ബുദ്ധി ഇല്ലാത്തത് കൊണ്ടോ പരിണാമ വാദികൾ പറയുന്നത് പോലെ ആധുനിക മനുഷ്യരിലേക്കുള്ള അവരുടെ പരിണാമം പൂർണ്ണമാവാത്തത് കൊണ്ടോ അല്ല . അവരെ അടിമകളാക്കി അവരുടെ സമ്പത്ത് കൊള്ളയടിച്ചാണ് മറ്റുള്ളവർ വളർന്നത് .
ലോകത്ത് 130 കോടി ജനങ്ങളുള്ള ഇന്ത്യക്ക് ശാസ്ത്രത്തിനു കിട്ടിയ നോബൽ സമ്മാനം എത്രയാണ് ? സി . വി രാമന് 1930 ൽ കിട്ടിയതല്ലാതെ ഒന്നുമില്ല . (ഇന്ത്യൻ പൗരന്മാരല്ലാത്ത 2-3 ഇന്ത്യൻ വംശജർക്ക് കിട്ടിയിട്ടുണ്ട് ) . അതിന്റെ അർത്ഥം ഇന്ത്യക്കാർക്ക് ബുദ്ധി കുറവാണ് എന്നാണോ ? അല്ല . ലോകത്ത് ഒരു കാലത്ത് വൈജ്ഞാനിക മണ്ഡലത്തെ നയിച്ചിരുന്ന പല ഇന്ത്യൻ പ്രതിഭകൾ പണ്ട് ഉണ്ടായിട്ടുണ്ട് .
വേറെ ഒരു ഉദാഹരണം കൂടി . ഒരു 20 വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ മുസ്ലിം സമുദായത്തിൽ നിന്ന് ഒരു റാങ്കുകാരനെ കാണാൻ തപസ്സ് വേണ്ടിയിരുന്നു . ഇന്ന് ഓരോ റാങ്ക് ലിസ്റ്റിലും അവരുടെ കുതിപ്പാണ് . അതായത് നമ്മളൊക്കെ ഒരേ ജീനാണ് . ബുദ്ധിക്ക് ഏറ്റകുറച്ചിൽ ഒന്നുമില്ല . സാഹചര്യങ്ങളാണ് നമ്മുടെ വികസനത്തെ സ്വാധീനിക്കുന്നത് .
ഇനി അവർക്ക് ബുദ്ധിയും വികസനവും കൂടുതൽ ആണെന്ന് വാദത്തിനു സമ്മതിച്ചാൽ തന്നെ അതെങ്ങനെയാണ് അവരുടെ കടന്നു കയറ്റത്തെ വാലിഡേറ്റ് ചെയ്യുന്നത് !!
3. ഫലസ്തീനികൾക്ക് അവരുടെ ഭൂമിയിലും ഇസ്രായേലികൾക്ക് അവരുടെ ഭൂമിയിലും സ്വസ്ഥമായി കഴിഞ്ഞാൽ പോരെ ?
എന്റെ അഭിപ്രായത്തിൽ അത് തന്നെയാണ് വേണ്ടത് . പക്ഷെ ഒരു കുഴപ്പമുണ്ട് . ഐക്യ രാഷ്ട്ര സഭ ഫലസ്തീന് നൽകിയ 45% ഭൂമിയിൽ ഇന്ന് ശേഷിക്കുന്നത് വെറും 23% ആണ് . അതായത് ബാക്കി 22% ഉം പതിയെ പതിയെ ഇസ്രായേൽ കാർന്നു കൊണ്ടു പോയി . ഇപ്പോൾ വെസ്റ്റ് ബാങ്കിലെ ഷെയ്ഖ് ജർറാഹിലെ 12 കുടുംബങ്ങളെ കുടിയിറക്കാൻ ശ്രമിക്കുകയാണ് . അവർ താമസിക്കുന്നത് ഫലസ്തീന്റെ ഭൂമിയിലാണ് . അവിടേക്കാണ് വീണ്ടും കടന്നു കയറുന്നത് . 2020 ലെ കണക്കു പ്രകാരം മാത്രം വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ 230 അനധികൃത കുടിയേറ്റം നടത്തിയിട്ടുണ്ട് . 4 ലക്ഷം ഇസ്രയേലികളെ പുതുതായി അവിടെ താമസിപ്പിച്ചിട്ടുമുണ്ട് . ഈ സെറ്റിൽമെന്റുകൾ എല്ലാം തന്നെ നിയമ വിരുദ്ധമാണെന്ന് ഐക്യരാഷ്ട്ര സഭ റെസൊല്യൂഷൻ പാസ്സാക്കിയിട്ടുമുണ്ട് . (446, 452, 465, 471 and 476) https://cutt.ly/Ab90LDU
ആതായത്‌ എല്ലാ അന്താ രാഷ്ട്ര മര്യാദകളും കാറ്റിൽ പറത്തിയിട്ടാണ് ഫലസ്തീനികളുടെ ശേഷിക്കുന്ന മണ്ണിലേക്ക് ഓരോ ദിവസവും കടന്നു കയറി കൊണ്ടിരിക്കുന്നത് ! ഗാസയിൽ അല്ല വെസ്റ്റ് ബാങ്കിൽ മാത്രം !! ഫലസ്തീനികളുടെ പ്രതിരോധം ആണ് കാരണമെങ്കിൽ വെസ്റ്റ് ബാങ്കിൽ ഹമാസില്ല . ഫത്ത പാർട്ടിയാണ് . അവിടെയാണ് കഴിഞ്ഞ അര നൂറ്റാണ്ടായി ഏറ്റവും കൂടുതൽ മണ്ണ് കവർന്നു കൊണ്ടിരിക്കുന്നത് . ലോകത്ത് ഒരു രാജ്യവും ഐക്യ രാഷ്ട്ര സഭയുടെ പ്രമേയങ്ങളെ ഇത്ര ലംഘിച്ചിട്ടില്ല . ലോകത്തുള്ള മറ്റു മുഴുവൻ രാജ്യങ്ങൾക്ക് എതിരെ ഇറക്കിയ പ്രമേയങ്ങൾ മുഴുവൻ കൂട്ടിയാൽ പോലും ഇസ്രായേൽ ലംഘിച്ച 45 പ്രമേയങ്ങളുടെ അടുത്ത് പോലുമെത്തില്ല . ഇസ്രായേൽ പതാകയിലെ രണ്ടു നിലവരകൾ സൂചിപ്പിക്കുന്നത് പോലെ യൂഫ്രട്ടീസ് , ജോർദാൻ നദികൾക്കിടയിലെ മുഴുവൻ ഭാഗവും അടങ്ങുന്ന ഗ്രേയ്റ്റർ ഇസ്രായേൽ ലക്‌ഷ്യം കാണാതെ പോവരുത് .
4. ഇന്ത്യയിലെ സംഘ് പരിവാർ ഇസ്രയേലിന്റെ കൂടിയാണല്ലോ ?
മഹാത്മാ ഗാന്ധി മുതൽക്ക് എല്ലാ ഇന്ത്യൻ നേതാക്കളും ഫലസ്തീന് തുറന്ന പിന്തുണ പ്രഖ്യാപിച്ചത് ചരിത്രമാണ് . പോട്ടെ , ഇപ്പോൾ പോലും ഐക്യ രാഷ്ട്ര ഇന്ത്യ ഫലസ്തിൻറെ പക്ഷത്താണ് https://cutt.ly/Hb92BDE. ഫേസ്ബുക്കിൽ കുറെ സംഘ് പരിവാറുകാർ ഇസ്രായേൽ പ്രേമം കാണിക്കുമ്പോൾ ഹിറ്റ്ലറുടെ ജൂത കൂട്ടക്കൊലയെ വംശ ശുദ്ധീകരണം എന്ന് വിശേഷിപ്പിച്ച അവരുടെ പഴയ കാലം തിരിഞ്ഞു കൊത്തുകയാണ് . അന്ന് ഹിറ്റ്ലർക്ക് ഒപ്പവും ഇന്ന് അന്നത്തെ ഹിറ്റ്ലറുടെ ഇരകൾക്ക് ഒപ്പവും നിൽക്കുന്ന കാപട്യത്തിന് ചരിത്രത്തിൽ സമാനതകൾ ഇല്ല . ഏറ്റവും രസകരമായ വസ്തുത ഇവരുടെ ഈ സോഷ്യൽ മീഡിയ സപ്പോർട്ട് ഇസ്രായേൽ പൗരന്മാരെ വല്ലാതെ ചൊടിപ്പിച്ചിട്ടുമുണ്ട് . അവരുടെ പ്രതികരണങ്ങൾ ഇവിടെ പകർത്താൻ എന്റെ ലജ്ജ എന്നെ അനുവദിക്കുന്നില്ല . ക്ഷമിക്കുക
6. എന്താണ് ഇനിയൊരു പരിഹാരം ?
എന്റെ അഭിപ്രായമാണ് . ഇസ്രായേലും ഫലസ്തീനും ഒരു യാഥാർഥ്യമായി അംഗീകരിച്ച് , അവരവർ അവരുടെ ഭൂമികളിൽ പരസ്പരം അംഗീകരിച്ചു ജീവിക്കുക . അങ്ങനെയെങ്കിൽ ഇസ്രായേൽ അനധികൃതമായി കയ്യടക്കിയ ഭൂമികളിൽ നിന്ന് പിൻവാങ്ങിയാൽ തന്നെ മേഖലയിൽ സമാധാനമുണ്ടാവും . നൂറ്റാണ്ടുകളായി ജൂത മുസ്ലിം സമൂഹം ഇതേ ഫലസ്തീനിലിൽ ഒരുമിച്ചു ജീവിച്ചിട്ടുണ്ട് . പഴയ പോസ്റ്റുകളിൽ വിശദീകരിച്ച ചരിത്രത്തിലേക്ക് ഇനിയും മടങ്ങുന്നില്ല . അതല്ലാതെ വീണ്ടും വീണ്ടും ഫലസ്തീനികളെ അടിച്ചമർത്താൻ ശ്രമിച്ചാൽ സംഘർഷങ്ങൾ ഒരിക്കലും അവസാനിക്കാൻ പോവുന്നില്ല .ആകാശത്തിന്റെ അവസാനത്തെ അതിരുകളും അവസാനിച്ചാൽ പക്ഷികൾ പിന്നെ എങ്ങോട്ടാണ് പറക്കുക ?

വീഡിയോ പ്രസന്റേഷൻ :

ലേഖകന്റെ രചനയിൽ യാതൊരു എഡിറ്റിങ്ങും നിർവഹിക്കാതെ പൂർണരൂപത്തിൽ ആണ് ഈ പേജിൽ ചേർത്തിരിക്കുന്നത്. ഇതിലെ ചരിത്ര വസ്തുതകളുടെയും ഭാഷയുടെയും പൂർണമായ കടപ്പാട് ലേഖകനോട് മാത്രമാണ്.

ആധികാരികവും ചരിത്ര വസ്തുതകളും ഉൾപ്പെടുത്തിയിട്ടുള്ള രചന എന്ന് ലേഖകൻ അവകാശപ്പെടുന്ന ഈ ലേഖനത്തിന്റെ പൂർണ രൂപം PDF ഫോർമാറ്റിൽ ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *