പ്ലാറ്റ്‌ഫോമിൽ അക്ഷരപ്പൂമരം (കഥ)
By: ഷെരീഫ് ഇബ്രാഹിം.
———–
ആലപ്പുഴക്ക് പോകാനാണ് ഞാൻ കോഴിക്കോട് റെയിൽവേസ്റ്റേഷനില്‍ എത്തിയത്. എനിക്ക് യാത്രകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ബോട്ടും ട്രെയിനും ആണ്.
ട്രെയിന്‍ വരാന്‍ ഇനിയും കുറച്ചു നേരമുണ്ട്. സമയം പോകാന്‍ അങ്ങോട്ടും ഇങ്ങോട്ടും വെറുതെ നടന്നു. യാത്രക്കാരും അവരെ യാത്ര അയക്കാനുമുള്ളവരുടെ തിരക്ക്. നല്ല തണുപ്പുള്ളത്കൊണ്ട് ഞാന്‍ നന്നായി തലമറച്ചൊരു മഫ്ലര്‍ കെട്ടിയിട്ടുണ്ട്.
എല്ലാവരുടെയും മുഖങ്ങളില്‍ വ്യത്യസ്തമായ വികാരങ്ങള്‍ കണ്ടു. ഫേസ് ബുക്കില്‍ നോക്കി മടുത്തപ്പോള്‍ ഞാനൊരു കാപ്പി കുടിക്കാന്‍ പോയി. അവിടെ മൂലയില്‍ ഒരു പെൺകുട്ടി കപ്പലണ്ടി കൊറിക്കുന്നതോടൊപ്പം മൊബൈലില്‍ ഫേസ് ബുക്ക്‌ നോക്കികൊണ്ടിരിക്കുന്നു. ഞാനത് ശ്രദ്ധിച്ചു.
എനിക്കെന്തോ ഞാന്‍ ഉയരം കൂടിയ പോലെ. കാരണം ആ പെൺകുട്ടി എന്റെ കഥയാണ്‌ വായിക്കുന്നത്. എന്നെ ആ കുട്ടി ശ്രദ്ധിക്കുന്നില്ല. ശ്രദ്ധ മുഴുവന്‍ കഥയിലാണ്.
“കുട്ടിക്ക് ഈ കഥ ഇഷ്ടപെട്ടോ?”
ഞാന്‍ ചോദിച്ചു.
“ഇല്ല ചേട്ടാ, കഥ ഇഷ്ടപ്പെട്ടിട്ടല്ല, നല്ല കഥകള്‍ ഞാന്‍ വായിച്ചു കഴിഞ്ഞു. ഗതികെട്ടപ്പോള്‍ ഈ ഷെരീഫ് എന്ന ഒരാളുടെ കഥ വായിച്ചതാണ്…”
അപ്പോഴും ആ കുട്ടി കഥയില്‍ തന്നെ.
ഞാന്‍ കാപ്പി കുടിച്ച് ഒഴിഞ്ഞ ഒരു ബെഞ്ചില്‍ ചെന്നിരുന്നു.
അപ്പോഴാണ്‌ അനൗൺസ്മെന്റ് കേട്ടത്. ട്രെയിന്‍ ഇനിയും 54 മിനിറ്റ് ലേറ്റ് ആണത്രേ.
എത്ര വൈകിയാലും എനിക്ക് പ്രശ്നമില്ല. പക്ഷെ മറ്റുള്ളവരുടെ സ്ഥിതി അതാവില്ലല്ലോ. എനിക്ക് നാളെ ആലപ്പുഴ കൈനകരി എന്ന സ്ഥലത്തുള്ള ഒരു സാഹിത്യസംഗമത്തില്‍ പങ്കെടുക്കണം. അത് വലിയ നിർബന്ധവുമാണ്.
“സാറേ…. സാറ്….”
ഒരു പെൺകുട്ടി എന്റെ അടുത്ത് വന്ന് ചോദ്യഭാവത്തില്‍ സംശയം പ്രകടിപ്പിച്ചു.
“സാറിന്റെ പേര് ഷെരീഫ് എന്നാണോ?”
“അതെ….”
“ഞാന്‍ സാറിന്റെ കഥകള്‍ വായിക്കാറുണ്ട്.” ഒന്ന് നിറുത്തി ആ കുട്ടി തുടര്ന്നു . “ഞാന്‍ അക്ഷരപ്പൂമരം ഗ്രൂപ്പിലെ മെമ്പര്‍ ആണ്. പേര് ഡ്രിങ്കിൾവി”
ഞാന്‍ ചെറുതായൊന്നു മന്ദഹസിച്ചു.
“അയ്യോ സാറെ അതെന്റെ തൂലികാനാമമാണ്…”
അത് പറഞ്ഞു ആ കുട്ടി ശെരിയായ പേര് പറഞ്ഞു.
“സാര്‍ എവിടെ പോവുന്നു….?”
ഞാന്‍ വിവരം പറഞ്ഞു.
എന്തെങ്കിലും ചോദിക്കണമല്ലോ എന്ന് കരുതി ഞാന്‍ ചോദിച്ചു.
“കുട്ടിയുടെ കാര്യം ഒന്നും പറഞ്ഞില്ല.”
“സാറേ.. ആ ബൂത്തിന്റെ അടുത്ത് നിന്ന് മൊബൈല്‍ നോക്കുന്ന പെൺകുട്ടിയെ നോക്കൂ…”
ഡ്രിങ്കിൾവി വിരല്‍ ചൂണ്ടിയിടത്തെക്ക് ഞാന്‍ നോക്കി. അത് ഞാന്‍ കാപ്പി കുടിക്കാന്‍ പോയപ്പോള്‍ കണ്ട പെൺകുുട്ടിയാണ്. കപ്പലണ്ടി കൊറിച്ച്‌ കഥ വായിച്ച പെൺകുട്ടി.
“അവള്‍ ഒളിച്ചോടാന്‍ വന്നതാണ്. അവള്‍ എന്റെ കൂട്ടുകാരിയാണ്‌. പേര് ബേബി. സാര്‍ അവളെ ഉപദേശിച്ച് അവളുടെ വീട്ടിലേക്ക് എന്റെ കൂടെ പറഞ്ഞയക്കണം. അവള്‍ എന്നെ കാണണ്ട. സാറിന് ഞാനെന്റെ നമ്പര്‍ തരാം. എന്നെ വിളിച്ചാല്‍ ഞാന്‍ വരാം.”
അത് പറഞ്ഞു ഡ്രിങ്കിൾവി പോയി.
ഞാന്‍ ആ കുട്ടിയുടെ അടുത്തെത്തി.
അപ്പോഴും ആ കുട്ടി മൊബൈലില്‍ കഥ വായിക്കുകയാണ്.
“ബേബി..”
എന്റെ തലയിലെ മഫ്ലര്‍ മാറ്റി ഞാന്‍ വിളിച്ചു.
ആ കുട്ടി മൊബൈലില്‍ നിന്ന് തല ഉയര്ത്തിി എന്നെ നോക്കി.
“കുട്ടി എവിടെ പോവുന്നു?”
ആ കുട്ടി തുറിച്ച് എന്നെ നോക്കി.
“വയസ്സാംകാലത്ത് ശ്രുംഗരിക്കാന്‍ വന്നിരിക്കാണോ? എനിക്കിഷ്ടമുള്ളിടത്ത് ഞാന്‍ പോകും. അത് ചോദിക്കാന്‍ നിങ്ങളാരാ?”
ഒരു മയവുമില്ലാതെ ആ കുട്ടി പറഞ്ഞു.
“അതെ.. കുട്ടി പറഞ്ഞത് ശെരിയാ.. ഞാനാരാ.. വെറും ഒരു കുത്തിക്കുറിക്കലുകാരന്‍. പേര് ഷെരീഫ്”
ആ കുട്ടി എന്നെ സൂക്ഷിച്ചു നോക്കി.
“അയ്യോ സോറി സാറേ… സാറിനെ കണ്ടത് നന്നായി എനിക്കൊരു ഉപദേശം സാര്‍ തരണം.”
ആ കുട്ടി കുറച്ചു മൃദുവായി.
“തീർച്ചയായും എന്നെക്കൊണ്ടാവുന്നത് ഞാന്‍ ചെയ്യാം. പിന്നെ ഈ സാറ് വിളി വേണ്ട. ഇക്ക എന്ന് വിളിച്ചാല്‍ മതി. സാര്‍ എന്ന് വിളിക്കുന്നതില്‍ വിഷമം ഇല്ല.”
“സാറേ.. വേണ്ട…. ഇക്കാ, എനിക്ക് ഒരു പയ്യനോട് ഇഷ്ടമാ. പക്ഷെ വീട്ടുകാര്‍ സമ്മതിക്കുന്നില്ല. ഞാന്‍ എങ്ങോട്ടെങ്കിലും പോവാ.. മടുത്തു.. എന്തായാലും മരിക്കാന്‍ ഞാനില്ല…”
“തീർച്ചയായും വീട്ടുകാര്‍ സമ്മതിക്കുന്നില്ലെങ്കില്‍ ഒളിച്ചോടുകതന്നെ വേണം.”
ആ വാക്ക് കേട്ടപ്പോള്‍ ബേബിക്ക് എന്നോട് കൂടുതല്‍ വിശ്വാസം വന്ന പോലെ.
ഇതെന്റെ ഒരു അടവ് ആണെന്ന് ആ കുട്ടിക്കറിയില്ലല്ലോ? എന്റെ ചൂണ്ടയില്‍ കൊത്തുന്നതിനുള്ള ഒരു ഇര.. അത്രമാത്രം.
കുറെ സംസാരങ്ങള്ക്ക്ു ശേഷം ഞാനാ കുട്ടിയോട് ചോദിച്ചു.
“ആട്ടെ ബേബി, ബേബിക്ക് എന്റെ മകളുടെ പ്രായം പോലും ഇല്ല. കുട്ടി ഇനി ആ പയ്യനുമായി കല്ല്യാണം കഴിഞ്ഞ് അതില്‍ ഒരു പെൺകുുട്ടിയുണ്ടായെന്ന്‍ കരുതുക. ആ കുട്ടി ഇത് പോലെ നിങ്ങൾക്കിഷ്ടമില്ലാത്ത ഒരു കല്ല്യാണം കഴിച്ചു ഒളിച്ചോടിപ്പോയാല്‍ ബേബിക്ക് വിഷമമുണ്ടാവുമോ?”
“ഇതെന്ത് ചോദ്യമാ ഇക്കാ.. എനിക്ക് സഹിക്കാന്‍ കഴിയില്ല അത്”
പെട്ടെന്നവള്‍ മറുപടി പറഞ്ഞു.
“ഇത് പോലെയല്ലേ ബേബി ചെയ്യുന്ന കാര്യത്തിനു ബേബിയുടെ മാതാപിതാക്കൾക്ക് ഉണ്ടാവുന്ന വേദന.. പെൺമക്കൾ ഒളിച്ചോടിയാൽ ദുഃഖം അഭിനയിക്കുകയും ഇരുപത്തഞ്ചോ മുപ്പതോ അതിൽ കൂടുതൽ ലക്ഷമോ ലാഭമായി എന്ന് കരുതുന്ന മാതാപിതാക്കൾ വിരലിലെണ്ണാവുന്നവർ ഉണ്ടാവാം.”
“ഇക്ക ഭയങ്കരനാണ്. എന്നെ മുട്ട് കുത്തിച്ചു. എന്റെ അച്ഛനും അമ്മയും അത്തരക്കാരല്ല ഇക്കാ.”
പത്ത് മിനിട്ടിന്നുള്ളില്‍ ട്രെയിന്‍ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ വരും എന്നൊരു അനൌൺസ്മെന്റ് വീണ്ടും കേട്ടു.
ഞാന്‍ ഡ്രിങ്കിൾവിക്ക് ഫോണ്‍ ചെയ്തു.
അവളെ കണ്ടപ്പോള്‍ ബേബി ചിരിച്ചുകൊണ്ടൊരു ചോദ്യം.
“നീയാണ് ഇതിന്റെ പിന്നില്‍ അല്ലെ? നിനക്കെങ്ങിനെ ഷെരീഫ് സാറിനെ അറിയും?”
ഡ്രിങ്കിൾവി എല്ലാം പറഞ്ഞു. ഞങ്ങള്‍ അക്ഷരപ്പൂമരം ഗ്രൂപ്പിലെ അംഗമാണെന്ന് പറയാന്‍ അവള്‍ മറന്നില്ല.
ഒരു സദുദ്യമം ചെയ്ത സന്തോഷത്തില്‍ നിൽക്കുമ്പോഴാണ് യാത്രക്കാര്‍ ട്രെയിനില്‍ കയറാന്‍ ഓടുന്നത് കണ്ടത്.
“സാറേ ഇവളെ നമുക്ക് ഇവളുടെ വീട്ടില്‍ കൊണ്ടാക്കാം. ബുദ്ധിമുട്ടാവുമോ?
ഡ്രിങ്കിൾവി എന്നോട് ചോദിച്ചു.
നാളെ സാഹിത്യസദസ്സില്‍ പങ്കെടുക്കല്‍ വേണ്ട, മാതമല്ല, രണ്ടു പെൺകു‍ട്ടികളെ തനിച്ചു പറഞ്ഞയക്കുന്നതിന്റെ ഭവിഷ്യത്ത് ഞാന്‍ ഓർത്തു.
അപ്പോഴേക്കും ട്രെയിന്‍ സ്റ്റേഷനില്‍ എത്തി.
ഞാന്‍ ആ ട്രെയിനില്‍ കേറാതെ ബേബിയുടെ വീട്ടിലേക്ക് രണ്ടു പേരെയും കൊണ്ട് പോയി.
ബേബിയെ കാണാതെ വീട്ടില്‍ വിഷമിച്ചിരിക്കുമ്പോഴാണ്‌ ഞങ്ങളുടെ കയറിചെല്ലല്‍. ബേബിയോട് ചൂടാവരുതെന്ന് ഞാന്‍ അവരുടെ മാതാപിതാക്കളോട് അപേക്ഷിച്ചു.
എന്തോ ഒരു സൽകർമം ചെയ്ത മനസ്സോടെ ഞാന്‍ അവരോടു യാത്ര പറഞ്ഞു പോന്നു. ഒരു കുടുംബം രക്ഷപ്പെട്ടല്ലോ എന്നൊരു മനസ്സോടെ….

Leave a Reply

Your email address will not be published. Required fields are marked *