ഞാന്‍ ഒന്ന് പൊരേക്കൂടാന്‍ വന്നതാണ്!
ഒമാനിലെ പ്രവാസിയും കെ.എം സി സി നേതാവുമായ ചുഴലിക്കര ഫൈസല്‍ തന്റെ കോവിഡ് കാല അനുഭവം എഴുതുന്നു
കഴിഞ്ഞ വര്‍ഷം നവംബര്‍ 10ന് മസ്‌കത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കോഴിക്കോട് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് ഒമാന്‍ എയര്‍ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പുതിയ വീടും വീട് പണി പൂര്‍ത്തീകരിക്കലും ഒക്കെയായിരുന്നു മനസ്സ് നിറയെ. അതേ ചിന്തയോടെ എന്നെ കാത്തിരിക്കുകയായിരുന്നു വീട്ടുകാരും വേണ്ടപ്പെട്ടവരും ഒക്കെ .
അങ്ങനെ, 2020 ഫെബ്രുവരി 16ന് പൊരേക്കൂടല്‍ തീരുമാനിച്ചു. അതിന്റെ ഒരുക്കങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് അതിനു മുമ്പൊരിക്കലും മനസ്സില്‍ കണ്ടിട്ടില്ലാത്ത പുതിയ ഒരു ശത്രു മുന്നില്‍വന്നു നില്‍ക്കുന്നത്. ഡിസംബര്‍ അവസാനം ചൈനയില്‍ നിന്ന് യാത്ര തുടങ്ങിയ കൊറോണ വൈറസ് എന്ന ശത്രു. ചൈനയിലെ കൊറോണ വൈറസ് പ്രശ്‌നം മറ്റ് രാജ്യങ്ങളിലേക്കും പരക്കുന്ന വാര്‍ത്ത കേട്ടിരുന്നു. എന്നാല്‍, അത് നമ്മളെ നാട്ടിലേക്ക് എത്തുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. എന്നിട്ടും ആ വാര്‍ത്ത മുന്നില്‍ വന്നു. പൊരേക്കൂടലിന് കൃത്യം 16 ദിവസം മുമ്പ് ഇന്ത്യയിലെ ആദ്യത്തെ കൊറോണ കേസ് കേരളത്തില്‍ വന്നു പെട്ടു. ചൈനയിലെ വുഹാനില്‍ പഠിക്കുകയായിരുന്നു ഒരു തൃശൂര്‍ക്കാരന്‍. അടുത്ത രണ്ടു കേസും കേരളത്തില്‍നിന്നു തന്നെയായിരുന്നു. ഫെബ്രുവരി മൂന്നിനുള്ളില്‍ മൂന്ന് കൊറോണ രോഗികള്‍ കേരളത്തില്‍!
പടച്ചോനെ, എന്ന് വിളിച്ചുപോയി. എന്നാലും അത് പെട്ടെന്ന് കെട്ടടങ്ങുമെന്നും മറ്റാരെയും ബാധിക്കാതെ വൈറസ് ചൈനയിലേക്ക് വിമാനം കയറുമെന്നും തന്നെ പ്രതീക്ഷിച്ചു, ആഗ്രഹിച്ചു. അതുപോലെ തന്നെ, ചൈനയിലെ ആ കുട്ടികളുടെ പ്രശ്‌നം അതോടെ കെട്ടടങ്ങി. കുറച്ചു നാള്‍ സമാധാനം കിട്ടി. അതിന്റെ ഇടയില്‍, ദൈവാനുഗ്രഹത്താല്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഫെബ്രുവരി 16ന് വിപുലമായ രീതിയില്‍ തന്നെ പൊരേക്കൂടല്‍ നടന്നു. പക്ഷേ, എന്റെ ആഗ്രഹം പോലെ കൊറോണ വൈറസ് ചൈനയിലേക്ക് വിമാനം കയറുകയൊന്നും ചെയ്തില്ല. പകരം, വിമാനത്താവളങ്ങള്‍ അടച്ചിടുന്ന, വിമാനങ്ങളെല്ലാം മുടങ്ങുന്ന സ്ഥിതിയാണ് ഉണ്ടായത്. വൈറസിനോട് കളിച്ചാല്‍ ഇതാവും സ്ഥിതി എന്ന് നമ്മളെല്ലാം അന്തംവിട്ടു കണ്ടു.
മാര്‍ച്ച് അവസാനത്തോടുകൂടി സ്ഥിതിഗതികള്‍ മാറി മറിഞ്ഞു സമ്പൂര്‍ണ്ണ ലോക്ക് ഡൗണ് പ്രഖ്യാപനം, നിരോധനാജ്ഞ എന്നിങ്ങനെ പ്രഖ്യാപനങ്ങള്‍ വന്നു. ആദ്യം ഞാന്‍ ഇത് ഒരു ഭാഗ്യമായാണ് കണ്ടത്. സാധാരണ പ്രവാസികള്‍ കല്യാണം കഴിച്ചാലും പൊരേക്കൂടിയാലും ഏറിപ്പോയാല്‍ ഒരുമാസം. അതിലപ്പുറം നാട്ടില്‍ നില്‍ക്കാന്‍ സാധിക്കാറില്ല. അതിലൊരു മാറ്റം ഉണ്ടായി എന്നതായിരുന്നു എന്റെ സന്തോഷം.
വല്ലാത്തൊരു സന്തോഷമായിരുന്നു. അതു കഴിഞ്ഞിട്ട്, പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഈ കുറിപ്പ് എഴുതുന്ന ഈ ദിവസം വരെ ഞാന്‍ ജോലി ചെയ്യുകയും ജീവിക്കുകയും ചെയ്തിരുന്ന ഒമാനിലേക്ക് ഒന്നു തിരിച്ചു പോകാന്‍ എനിക്ക് സാധിച്ചിട്ടില്ല.
പെട്ടു മോനെ, എന്ന് വൈറസ് എന്നോടു പറഞ്ഞു. ചുറ്റുപാടും അതിവേഗത്തില്‍ വൈറസ് വരുന്നതു ഞാന്‍ കണ്ടു. ഇങ്ങോട്ട് വരല്ലാനെ എന്ന് ്വൈറസിനോട് പറഞ്ഞ് കാവല്‍ നില്‍ക്കേണ്ട സ്ഥിതിയായി.
അങ്ങനെ പെട്ടു. പിന്നെ ഫുള്‍ടൈം വാട്ട്‌സാപ്പിലായി. അതിനിടെ, അതേ വരെ ചെയ്യാത്ത പല മേഖലകളിലും കൈവെക്കാന്‍ തുടങ്ങി. സമ്പൂര്‍ണ്ണ ലോക്കഡൗണില്‍ വീട്ടില്‍ ഇരിക്കുമ്പോഴാണ് നമ്മുടെ അഡ്മിനും, എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ആളുമായ ചന്ദ്രന്‍ മാഷ് വിളിച്ച്, കൃഷി ചെയ്യാന്‍ മഞ്ഞള്‍ വേണമെങ്കില്‍ തരാം എന്ന് പറഞ്ഞത്. മാഷ് എന്റെ അനിയന്റെ കൈയിൽ മഞ്ഞള്‍ ഏൽപ്പിച്ച് അത് വീട്ടില്‍ എത്തിക്കാൻ വഴി ഉണ്ടാക്കി.
അതുവരെ കൃഷിയുമായി ഒരു ബന്ധവും ഇല്ലാത്ത ഞാന്‍ അങ്ങനെ കൈക്കോട്ടും പിടിച്ച് കണ്ടത്തിലേക്ക് ഇറങ്ങി. മഞ്ഞള്‍ നടാന്‍ വേണ്ടി തറ കോരിയിട്ടു. ഓരോ മിനിറ്റിലും കിതച്ചും ഇരുന്നും അന്നേദിവസം മഞ്ഞളിന് വേണ്ടി മാറ്റിവെച്ചു. പിന്നീട് കിതപ്പ് കുറച്ചു മാറി. ഇരിപ്പു കുറഞ്ഞു. പതുക്കെ പതുക്കെ ഞാന്‍ മുഴുനീള കര്‍ഷകനായി മാറുകയായിരുന്നു. നമ്മുടെ ആവശ്യത്തിനു വേണ്ട കപ്പ, ചേമ്പ് ചേന, മുളക്, പപ്പായ, കുമ്പളം തുടങ്ങിയ സാധനങ്ങള്‍ ഇപ്പോള്‍ വീട്ടുവളപ്പില്‍ സുലഭം.
പെട്ടെന്നൊന്നും തിരിച്ചു പോകാന്‍ പറ്റില്ല എന്ന് മനസ്സിലാക്കിയ ഞാന്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി യോജിപ്പിക്കാന്‍ പിന്നെ പലമേഖലകളിലും കൈവെച്ച് നോക്കി. പക്ഷേ അതെല്ലാം ഭാഗികമായി വിജയിപ്പിച്ചെടുക്കാന്‍ മാത്രമേ സാധിച്ചുള്ളൂ. അന്നേരമാണ് ഗള്‍ഫിലേക്ക് ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് സാദ്ധ്യമാവുന്നത്. തിരിച്ചു പോകാനാവുമല്ലോ എന്ന സമാധാനത്തില്‍ അതിനായി ഉത്സാഹിക്കുമ്പോള്‍ അടുത്ത പണി കിട്ടി.
ഇത്തവണ അതൊരു ചെറിയ വീഴ്ചയായിരുന്നു. അങ്ങനെ വീണ്ടും വിശ്രമം. എല്ലാം കഴിഞ്ഞ് കണക്കു കൂട്ടുമ്പോള്‍ ഞാന്‍ നാട്ടിലായിട്ട് ഇപ്പോള്‍ ഏകദേശം ഒരു വര്‍ഷമാവുന്നു. ഇപ്പോള്‍ തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിലാണ്. അന്നേരമാണ് നാട്ടിലും മസ്‌കറ്റിലും കൊവിഡ് കേസുകള്‍ ഇങ്ങനെ ുപടിപ്പിക്കുന്ന വിധത്തില്‍ കൂടിവരുന്നത്.
മടക്കയാത്രയ്ക്ക് കൊറോണ തടസ്സമാകുമോ എന്ന് ചെറിയൊരു ഭയം ഇപ്പോഴുമുണ്ട്. എങ്കിലും എല്ലാം കാണുന്ന പടച്ചോന്‍ ഒരു വഴി കാട്ടും എന്നുറപ്പാണ്. ആ പ്രതീക്ഷയിലാണ് ഞാനീ വരികള്‍ ഇപ്പോള്‍ എഴുതുന്നതും.