അസർബൈജാനിൽ നിന്നൊരു സമ്മാനം (കഥ)
By ഷെരീഫ് ഇബ്രാഹിം.
————
അസർബൈജാനിലേക്കുള്ള യാത്രക്ക് മുമ്പ് തന്നെ ബാകൂ മലയാളി അസോസിയേഷൻ പ്രസിഡന്റ് ആനന്ദ് മേനോൻ, സെക്രട്ടറി ഉല്ലാസ് കൃഷ്ണ, അമിത്ത് എന്നെ വിളിച്ച് അവിടെ ഫ്ളൈയിം ടവർ ഹോട്ടലിൽ നടക്കുന്ന ദീപാവലി നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കണമെന്ന് പ്രത്യേകം ക്ഷണിച്ചിരുന്നു. കൂടാതെ, പിറ്റേന്ന് അസോസിയേഷൻ കുടുംബസമ്മേളനത്തിലും പങ്കെടുക്കണമെന്ന ഒരു ക്ഷണവും. രണ്ടും ഞാൻ സ്വീകരിച്ചു.
അങ്ങിനെ ഞാൻ കുടുംബസംഗമത്തിൽ എത്താനായി ഉല്ലാസ് എനിക്ക് കാർ അയച്ചു. മുഹമ്മദേവ് ഇല്യാസിയോവ് ആയിരുന്നു എനിക്ക് കിട്ടിയ സാരഥി. അസർബൈജാനി ഭാഷയല്ലാതെ ഇഷ്ടന് വേറെ ഒരു ഭാഷയും അറിയില്ല. ചുറ്റുപാടുമുള്ള കെട്ടിടങ്ങളും മറ്റും കാണിച്ച് ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. എന്തായാലും നല്ലൊരു ഗൈഡ് ആണ് ഇഷ്ടൻ എന്നുറപ്പായി. എവിടേയും ഉപയോഗിക്കാവുന്ന കഥകളി ഭാഷയിൽ ഞാൻ കാര്യങ്ങൾ പറഞ്ഞു.
ആനന്ദ് മേനോന്റെ ഫ്ലാറ്റിലായിരുന്നു കുടുംബസംഗമം. കൊറോഗ്‌ലൂ റഹീമോവ് സ്ട്രീറ്റിലൂടെ പോയി ഞങ്ങൾ റോവ്ശാൻ ജാഫറോവ് സ്ട്രീറ്റിൽ എത്തി. അവിടെയാണ് മേനോന്റെ ഫ്ലാറ്റ്. ഞാൻ യാത്രകഴിഞ്ഞ് തിരിച്ചെത്താൻ വൈകിയത് കൊണ്ട് മേനോന്റെ ഫ്ലാറ്റിലെത്താൻ കുറച്ചു വൈകി. എല്ലാവരും നേരെത്തെ അവിടെ എത്തിയിട്ടുണ്ട്.
നവരാത്രി ആഘോഷത്തിന് ഞങ്ങളുടെ ഫോട്ടോ എടുത്ത് എനിക്കയച്ചു തന്ന പ്രിൻസിനെ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. നിഗ്ലസ്, പ്രവീൺ, ജേശുദാസ്, ഉല്ലാസ്, ജോൺ, സോബി എല്ലാവരും എത്തിയിട്ടുണ്ട്.
എല്ലാവരോടും ഞാൻ എത്തുന്നതിന് മുന്നേ എന്നെ പരിചയപ്പെടുത്തിയത് കൊണ്ട് ആ ദൗത്യം എനിക്ക് നിർവഹിക്കേണ്ടി വന്നില്ല. ഉല്ലാസ് എല്ലാവരെയും എനിക്ക് പരിചയപ്പെടുത്തി. അല്ലെങ്കിലും ആ പേര് പോലെ തന്നെ എപ്പോഴും ഉല്ലാസവാനാണ് ഉല്ലാസ്.
“ഷെരീഫുക്ക യാത്രാവിവരണം എഴുതിക്കഴിഞ്ഞാൽ ആ നാടിനെ കാൻവാസ് ആക്കി ഒരു കഥ എഴുതും. അത് ഓർമ വേണം”.
എല്ലാവരോടുമായി ഉല്ലാസ് പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു.
കുറച്ചു കഴിഞ്ഞപ്പോൾ സാരിത്തലപ്പ് കൊണ്ട് തലമറച്ച, ഒരു മുതിർന്ന സ്ത്രീ വന്നു. അത് കഴിഞ്ഞാണ് എനിക്ക് മറക്കാൻ കഴിയാത്ത അമിത്തും ഭാര്യ പിക അമിത്ത് pika amith eynullayeva വന്നത്. വന്ന ഉടനെ എനിക്കൊരു സമ്മാനം തന്നു. അസർബൈജാന്റെ ലാൻഡ് മാർക്ക് ആയ ഫ്ളയിം ടവറിന്റെ മോഡലും അസർബൈജാന്റെ പതാകയുമായിരുന്നത്.
ഞാൻ ആവശ്യപ്പെട്ടപ്പോൾ പിക ഒരു മലയാളം ഗാനം ആലപിച്ചു.
പൂക്കൾ പനിനീർ പൂക്കൾ നീയും കാണുന്നുണ്ടോ
ഈണം കിളിതൻ ഈണം നീയും കേൾക്കുന്നുണ്ടോ
വന്നു നാം രണ്ടാളും ഇരുവഴിയേ ഇവിടെവരെ
പോരേണം നീ കൂടെ ഇനിയൊഴുകാമൊരു വഴിയേ
വാണീജയറാമിന്റെ ഈ ഗാനം മലയാളം ഭാഷ വഴങ്ങില്ല എന്ന് ഞാൻ കരുതിയ പിക പാടിയപ്പോൾ എന്തോ വളരെ സന്തോഷം തോന്നി.
Pika, çox sağ olun. Sən Keralanın gəlini deyil, qızısan. Keralitlərin qürurudur (പിക, ഹൃദയം നിറഞ്ഞ നന്ദി. നിങ്ങള്‍ കേരളത്തിന്റെ മരുമകളല്ല, മകളാണ്. കേരളക്കാരുടെ സ്വകാര്യ അഹങ്കാരമാണ്)
‘ശെരീഫുക്ക, ഇക്കാക്ക് ഇഷ്ടപ്പെട്ട ഗാനം ഏതാണ്?’ എന്ന സോബിയുടെ ചോദ്യത്തിന് മലയാളം പഴയഗാനം എന്ന് ഞാൻ മറുപടി കൊടുത്തു.
പ്രവീൺ എല്ലാവരുടെ കയ്യിലും ഒരു ചെറിയ കടലാസ് കൊടുത്ത് ഷെരീഫുക്ക ഉദ്യേശിച്ച ഗാനം ഏതാണെന്ന് എഴുതാനും അതിൽ നിങ്ങളുടെ പേര് എഴുതാനും പറഞ്ഞു. അവരെല്ലാം അതെഴുതി ആനന്ദിന്റെ കയ്യിൽ കൊടുത്ത് അതൊരു വലിയ കവറിലാക്കി.
വീണ്ടും സോബി എന്നോട് എനിക്കിഷ്ടപ്പെട്ട ഗാനം ഏതാണെന്ന് ചോദിച്ചു.
മാണിക്യവീണയുമായെൻ മനസ്സിന്റെ താമര പൂവിലുണർന്നവരെ…’
ആ ഗാനമാണ് പെട്ടെന്ന് എനിക്ക് ഓർമ വന്നത്.
സോബി തന്നെ ആ ഗാനം മനോഹരമായി പാടി. ആനന്ദ് കയ്യിലുള്ള വലിയ കവർ തുറന്ന് ആ ഗാനം പ്രവചിച്ചവർ ഉണ്ടോ എന്ന് നോക്കി. ആ ഗാനം പ്രവചിച്ചത് സാരിത്തലപ്പ് കൊണ്ട് തലമറച്ച സ്ത്രീയായിരുന്നു. പേര് ജഹനാര എന്നാണെന്നും പറഞ്ഞു.
അത് കഴിഞ്ഞ് ഡെഫ്മാസ്റ്റർ മത്സരം. അത് വേറിട്ട അനുഭവമായിരുന്നു. എല്ലാവരും നിർബന്ധിച്ചപ്പോൾ ജഹനാരയും ആ മത്സരത്തിൽ പങ്കെടുത്തു.
‘എന്നാൽ ശരീഫുക്ക എഴുതിയ ഒരു കഥ പറഞ്ഞെ?’ ഉല്ലാസിന്റെ ഭാര്യയാണത് പറഞ്ഞത്.
ഞാൻ കഥ പറഞ്ഞു തുടങ്ങി.
‘നമ്മുടെ കഥാനായകൻ ജബ്ബാർ ഗൾഫിൽ 1973ൽ ജോലി ചെയ്യുന്ന കാലം. അന്ന് ജബ്ബാറിന് ഇരുപത്തിരണ്ട് വയസ്സ് പ്രായം. ഒരിക്കൽ ജബ്ബാർ അബുദാബിയിലെ choithram ഡിപ്പാർട്ടമെന്റ് സ്റ്റോറിൽ നിൽക്കുമ്പോൾ ഒരു പെൺകുട്ടി അയാളുടെ അടുത്ത് കൂടി പോയി. എന്തോ ആ കുട്ടിയോട് ജബ്ബാറിന് വല്ലാത്ത ഇഷ്ടം. മുടി രണ്ടായി മിടഞ്ഞ് റിബ്ബൺ കെട്ടിയ ഒരു ധാവണിക്കാരിയായിരുന്നു അത്. മുന്നിലൂടെ പോകുമ്പോഴും ആ കുട്ടി ജബ്ബാറിനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. എലുമ്പനായ ഹിപ്പി മുടിയുള്ള ജബ്ബാറിന് ആ കുട്ടിയെ വളരെ ഇഷ്ടമായി. പ്രേമം എന്നൊന്നും പറയാൻ കഴിയില്ല. അന്നൊക്കെ മൊബൈൽ ഫോൺ പോയിട്ട് ലാൻഡ് ഫോൺ പോലും പ്രചാരത്തിലില്ലാത്ത കാലം.’
‘ഇക്കാ, കേൾക്കാൻ വളരെ രസം തോന്നുന്നു.’ അമിത്തിന്റെ ശബ്ദം.
‘അവളുടെ പേര് എന്താണെന്ന് എനിക്കറിയില്ല. അവൾക്കൊരു പേര് ജബ്ബാർ കൊടുത്തു – ജാൻ.. അവളുടെ കൂടെയുള്ള ഉപ്പാടെയും ഉമ്മാടേയും സംസാരത്തിൽ നിന്ന് അവർ കോഴിക്കോടുകാരാണെന്ന് മനസ്സിലായി. പിന്നെയും പലവട്ടം അവളെ കണ്ടു. സംസാരിക്കാൻ പേടി. ഒരു തടിയനാണ് അവളുടെ ഉപ്പ. എന്നിട്ടും ധൈര്യം സംഭരിച്ചു ഒരിക്കൽ ടോക്കിയോ മാർക്കറ്റിൽ വെച്ച് രണ്ടു വാക്ക് പറഞ്ഞു. ‘ക്ക് അന്നെ പെരുത്ത് ഇസ്റ്റാ’ കോഴിക്കോടൻ ഭാഷ തൃശൂർക്കാരൻ പറഞ്ഞത് കൊണ്ടോ എന്തോ അവൾ ചിരിച്ചു. ഉമ്മാടെ അടുത്തേക്ക് ഓടി പോയി.’
‘കോഴിക്കോടൻ ഭാഷ കേൾക്കാൻ നല്ല രസമാണ്’. ഷോബിയാണത് പറഞ്ഞത്.
‘ഒന്ന് മിണ്ടാതിരിക്ക് ഷോബി.. ഇക്ക കഥ പറയട്ടെ.’ ആരോ അങ്ങിനെ പറഞ്ഞു.
‘പിന്നീട് കോർണീഷിൽ വെച്ച് ജബ്ബാറിന്റെ അടുത്ത് കൂടെ പോയപ്പോൾ അവൾ പറഞ്ഞു. ഇക്കും ങ്ങളെ ഇസ്റ്റാ. അതും പറഞ്ഞു അവൾ ഉമ്മാടെ അടുത്തേക്ക് ഓടി പോയി. അങ്ങിനെ അവരുടെ ഇഷ്ടം കൂടി കൂടി വന്നു. അതിനു പ്രേമം എന്നൊന്നും പറയാൻ കഴിയില്ല. കല്യാണം കഴിച്ചില്ലെങ്കിൽ ആൽമഹത്യ ചെയ്യുമെന്നോ ഒളിച്ചോടുമെന്നോ ഉള്ള വൃത്തികെട്ട ചിന്തയൊന്നും അവർക്ക് രണ്ടു പേർക്കും ഇല്ല.’
‘നമുക്കിനി ഭക്ഷണം കഴിച്ച് സംസാരിക്കാം അല്ലെ? ഷോബിയുടെ ഭാര്യ പറഞ്ഞപ്പോൾ ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇരുന്നു.
അപ്പോഴാണ് എനിക്കൊരു ഫോൺ വന്നത്. എന്റെ സഹയാത്രികനായ നവാസ് ആയിരുന്നത്.
‘അങ്ങിനെ ഏകദേശം ഒരു വർഷം കഴിഞ്ഞിട്ടുണ്ടാകും. ജബ്ബാറിന് ജാനെ കാണാൻ കഴിഞ്ഞില്ല. ആകെ വിഷമത്തിലായി. കുറെ നാൾ അവളെ ഓർത്തു. അന്വേഷിക്കാത്ത ഒരിടവുമില്ല. അന്നത്തെ കാലത്ത് അതിനൊക്കെ പരിമിതികളുണ്ടല്ലോ? എന്തോ ജബ്ബാർ അതിനു ശേഷം വിവാഹം കഴിച്ചില്ല. കഥാനായകൻ ജബ്ബാറിന് ഇപ്പോൾ അറുപത്തിയെട്ട് വയസ്സുണ്ടാവും. ഇപ്പോഴും അവിവാഹിതൻ. ഇത്ര പറഞ്ഞാൽ പോരെ? ബാക്കി പിന്നെ പറയാം.’
‘ഞങ്ങൾക്ക് കഥയുടെ ക്ലൈമാക്സ് കേൾക്കാൻ കൊതിയാവുന്നു. എന്നാൽ ഇക്കാടെ ഇഷ്ടം.’ പികയുടെ സ്വരം.
‘ബാക്കി ഞാൻ പറയാം’. എല്ലാവരുടേയും ശ്രദ്ധ ആ പറഞ്ഞ സ്ഥലത്തേക്കായിരുന്നു. അത് ജഹനാരയായിരുന്നു.
എന്നാൽ ഇത്ത പറഞ്ഞേ എന്ന് എല്ലാവരും പ്രോത്സാഹിപ്പിച്ചു.
‘ആ പെൺകുട്ടി അവളുടെ ഉപ്പാട് പറഞ്ഞു ജബ്ബാറിക്കാനെ കാണണമെന്ന്. ആ കുട്ടിയുടെ ഉപ്പാക്ക് അബുദാബി നാഷണൽ ബാങ്കിലാണ് ജോലി. ഉപ്പയും കുറെ അന്വേഷിച്ചു. തൃശൂർ ഉള്ള ആരോടും ജബ്ബാറിനെ കുറിച്ച് അന്വേഷിക്കും. കാണാൻ കഴിഞ്ഞില്ല. ആ സംഭവത്തിന് ആറു വർഷം കഴിഞ്ഞപ്പോൾ ജാന്റെ ഉപ്പ മരിച്ചു. വർഷങ്ങൾക്ക് ശേഷം ഉമ്മയും. പിന്നെ വളർന്നത് ഉമ്മായുടെ അനുജത്തിയുടെ കൂടെയാണ്. ആ കുട്ടിയും ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ല.’
‘ജഹനാര ഷെരീഫുക്കാടെ ഈ കഥ മുമ്പ് വായിച്ചിട്ടുണ്ടോ?’ ആനന്ദ് മേനോൻ ചോദിച്ചു.
‘ഇല്ല.. ഞാൻ വായിച്ചിട്ടില്ല. വായിക്കാനായി ഷെരീഫുക്ക ഇങ്ങിനെ ഒരു കഥ എഴുതിയിട്ടില്ല. ഇതിലെ ജബ്ബാർ ഈ ഷെരീഫുക്ക തന്നെയാണ്. ഞാനാണ് ഷെരീഫുക്കാടെ ജാൻ. ഇത് കഥയല്ല; ഞങ്ങളുടെ ജീവിതമാണ്.’
ഭക്ഷണം കഴിക്കാതെ ചിലർ കണ്ണ് തുടക്കുന്നത് കണ്ടു.
ഞാൻ മുഖമമർത്തി കരയാൻ തുടങ്ങി. നോക്കുമ്പോൾ എന്റെ ജാൻ കരയുന്നതാണ് കണ്ടത്.
‘ജാൻ നീ ഈ അസർബൈജാനിൽ?’ ഞാൻ ചോദിച്ചു.
‘എന്റെ കുഞ്ഞമ്മയുടെ കുടുംബമാണ് എന്റെ ഉപ്പാടെയും ഉമ്മാടേയും മരണശേഷം എന്നെ സംരക്ഷിച്ചത് എന്ന് ഞാൻ പറഞ്ഞല്ലോ? അവരുടെ മകൻ സലിം ഇപ്പോൾ അസർബൈജാനിലാണ് ജോലി. ഇവിടെ ഒരു പെട്രോളിയം കമ്പനിയിൽ.
Yaxşı bir təcrübə idi. Bu hekayəyə Azərbaycandan hədiyyə adı verilməlidir (ഇത് നല്ലൊരു അനുഭവമായി. അസര്ബൈിജാനില്‍ നിന്നൊരു സമ്മാനം എന്ന് ഈ കഥയ്ക്ക് പേരിടണം)
പിക അത് പറഞ്ഞപ്പോള്‍ എന്റെ മനസ്സിലും ആ പേര് നല്ലതാണെന്ന് തോന്നി.
പിറ്റേന്ന് എല്ലാവരും ആനന്ദ് മേനോന്റെ ഫ്ലാറ്റില്‍ എത്തി. എന്റെ ജഹനാരയെ ഒരു അസർബൈജാനി മണവാട്ടി പെണ്ണിന്റെ രൂപത്തിലാക്കി ബാകൂ മലയാളി വനിതകൾ. എനിക്കും ധരിക്കാൻ അസർബൈജാൻ ഡ്രസ്സ് തന്നു. ഞങ്ങളുടെ നിക്കാഹ് കഴിച്ചു തന്നത് ജഹനാരയുടെ കുഞ്ഞുമ്മാടെ മകൻ സലിം ആയിരുന്നു.
ഞാൻ സ്കൈഹിന്ദ് ട്രാവൽസിന്റെ നൗഫൽ മോണ്ടിയെ വിളിച്ച് ജഹനാരക്ക് കൂടെ ഒരു ടിക്കറ്റ് ബുക്ക് ചെയ്തു. വിവരം അറിഞ്ഞപ്പോൾ സഹയാത്രികരായ എല്ലാവർക്കും സന്തോഷവും ഒപ്പം അത്ഭുതവും.
നവാസ് അത് എടുത്ത് പറയുകയും ചെയ്തു. ‘ഈ യാത്രയിൽ ഏറ്റവും വലിയ ഭാഗ്യം കിട്ടിയത് ഷെരീഫുക്കാണ്’
ഞാനത് പുഞ്ചിരിയോടെ സ്വീകരിച്ചു.
ഞങ്ങളെ യാത്രയാക്കാൻ ബാക്കു മലയാളി അസോസിയേഷൻ ഭാരവാഹികളും അമിത്തും പികയും ഹെയ്ദർ അലിയേവ് എയർപോർട്ടിൽ എത്തി.
അകത്ത് കടക്കുമ്പോൾ ഞങ്ങൾ തിരിഞ്ഞു നോക്കി. എല്ലാവരും കണ്ണീര് തുടക്കുന്നതാണ് കണ്ടത്. ഞാൻ അത് കണ്ടപ്പോൾ എന്റെ ജാനിനോട് പറഞ്ഞു. നമ്മെ സ്നേഹിച്ച ഇവരെ നമ്മൾ മറക്കില്ല അല്ലെ?
‘ഇക്ക കരയുന്നു.’ എന്നെ നോക്കി ജാൻ പറഞ്ഞു. അത് പറഞ്ഞ ജാനും കരയുകയായിരുന്നു.
—————
ഇതൊരു കഥയാണ്. നടന്ന സംഭവമല്ല. നടന്നതാണ് എന്ന് തോന്നിക്കാനാണ് ഇതിൽ എന്നേയും ജഹനാരയെയും കഥാപാത്രങ്ങൾ ആക്കിയത്. പല കഥകളിലും ഞാൻ ഈ പരീക്ഷണം നടത്താറുണ്ട്. അസർബൈജാനിൽ പോയത്, കുടുംബസംഗമം, പാട്ട്, ഡെഫ്മാസ്റ്റർ ഒക്കെ നടന്നതാണ്. ബാക്കിയെല്ലാം ഭാവന മാത്രം. ഷെരീഫ് എന്ന ഞാൻ 23 വയസ്സിൽ വിവാഹം കഴിച്ചു.