മകരമഞ്ഞ് (കവിത )
മനസ്സിന്റെ ചില്ലുജാലകത്തിലെ
മകരമഞ്ഞുരുകുമ്പോളൊരു
ഞാറ്റുവേലക്കാലത്തി ന്നോർമ്മയും
കുടകപ്പാലപ്പൂവിൻ മാസ്മര
സുഗന്ധവും
ഗ്രാമത്തിന്നൈശ്വര്യമാം
ദേവിക്ഷേത്രത്തിൽ നിന്നും
ദീപാരാധനയുടെ മണി മുഴക്കങ്ങൾ
കർപ്പൂര സുഗന്ധമൊഴുകും
കുളിർതെന്നൽ ഹൃദയ തന്ത്രികളിൽ ലോലമായ് ചുംബിക്കുന്നു
കണിക്കൊന്നകളിൽ പൂക്കും
കാർത്തിക നക്ഷത്രങ്ങൾ
പിന്നെ ‘അരി പോരാ’യെന്നുള്ള
വായ്ത്താരിമേളങ്ങളും
കാക്കപ്പൂ മുക്കുറ്റിപ്പൂ മത്സരോ
ത്സാഹത്തോടെ വസന്തം വിടർത്തുന്ന വയലിൻ തഴമ്പുകൾ
മാനത്തുകണ്ണികൾ തത്തിക്ക ളിക്കുമിടയ്ക്കെന്തോ വിസ്മയം കാണുമ്പോലെ വാ പിളർക്കും പരലുകൾ
സ്ഫടിക പ്രവാഹത്തിൽ തടസ്സം സൃഷ്ടിക്കുവാൻ തലയുയർത്തി കൊണ്ടാ കരിമ്പാറക്കൂ ട്ടം
പൊന്നിൻ നിറമാർന്ന പാടശേഖരങ്ങളും കതിർ കൊയ്യും
കൊച്ചിക്കാചെറുമിയും കൂട്ടരും
മുറുക്കിച്ചുവപ്പിച്ച ചുണ്ടുകൾ
ഇടയന്റെ കുഴൽനാദമാകുന്നി ടയ്ക്കിടെ
കൊയ്തൊഴിയാൻ വേണ്ടി തത്തമ്മശൃംഗാരിയും
മഞ്ഞക്കിളിയും കുളക്കോഴികളും
അയൽ നാട്ടിൽ നിന്നും വിരുന്നു വന്നെത്തുന്ന താറാവിൻ കൂട്ടങ്ങളും വ്രതംനോറ്റിരിപ്പാണ്
അകലെ ആയിരവല്ലി മലയും മെലിഞ്ഞൊരു തെളിനീർച്ചാലും
പകൽ കുടിച്ചു വറ്റിക്കുന്നു
രാത്രിയിൽ ഭൂതത്താൻ കോട്ട പോൽ തോന്നിക്കുന്ന പണ്ടാരക്കുന്നും പിന്നെ ഭൂതത്തിന്റെ കണ്ണുപോൽ തിളങ്ങുന്ന വൈദ്യുതവിളക്കുകൾ
കായാമ്പൂക്കളും ഇയ്യാംപാറ്റകളും
പിന്നെയീറക്കാട്ടിന്നരികിലെ
കാട്ടുമുല്ലക്കാടും
വെള്ളിലവള്ളിയുമെല്ലാം
ഹൃദയച്ചെരാതിൽ തിങ്ങിനിറയുന്ന
മകരമാസക്കാലത്തിലെ
മഞ്ഞു കിനിയുന്ന ഗൃഹാതുരതകളാവുന്നു….
(മഞ്ജു ഗണേഷ് )