സലാല: സലാലയിൽ രണ്ടു വയസ്സുകാരന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്. കോഴിക്കോട് സ്വദേശികളുടെ മകൻ മുഹമ്മദ് അസാം സാബിത്തിനാണ് സൂപ്പർ ടാലന്റഡ് കിഡ്സ് എന്ന വിഭാഗത്തിൽ റെക്കോർഡ് ലഭിച്ചത്. ഹൈപ്പർ ആക്റ്റീവ് ആയ മകൻ അടങ്ങിയിരിക്കാനും സ്ക്രീൻ ടൈം കുറക്കാനുമുള്ള മാതാവിന്റെ ശ്രമത്തിന്റെ ഭാഗമായാണ് കുട്ടിയുടെ കഴിവുകൾ തിരിച്ചറിഞ്ഞത്.
കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി വള്ളിയാട് സ്വദേശികളായ സാബിത്തിന്റെയും ഫാത്തിമ റുക്‌സാനയുടെയും ഏക മകൻ ആണ് രണ്ടു വയസുകാരൻ മുഹമ്മദ് അസാം സാബിത്ത്.ഹൈപ്പർ ആക്റ്റീവ് ആയിരുന്ന മുഹമ്മദ് അസാം ഒന്നര വയസുള്ളപ്പോൾ അടങ്ങിയിരിക്കാനും മകന്റെ സ്ക്രീൻ ടൈമിങ്ങിനോടുള്ള താല്പര്യം കുറയ്ക്കാനും മാതാവ് ഫാത്തിമ റുക്‌സാന കണ്ടെത്തിയ വഴിയായിരുന്നു ബുക്‌സും ഫ്ലാഷ് കാർഡും വാങ്ങി നൽകുക എന്നുള്ളത്. മൃഗങ്ങളുടെയും , പഴങ്ങളുടെയും മറ്റു വസ്തുക്കളുടെയും ചിത്രങ്ങൾ കാണിച്ച് പേര് പറഞ്ഞു കൊടുത്തപ്പോൾ അതെല്ലാം മുഹമ്മദ് വേഗത്തിൽ മനഃ പാഠമാക്കി. പിന്നീട് പേര് പറഞ്ഞു ചോദിക്കുമ്പോൾ സംസാരിക്കാൻ ആയിട്ടില്ലാത്ത ‘കുഞ്ഞു’ മുഹമ്മദ് അതെല്ലാം തൊട്ടുകാണിക്കാൻ തുടങ്ങി.. മുഹമ്മ്ദ് അസാമിന് ഒരു വയസും ഒൻപതു മാസവും പ്രായമുള്ളപ്പോഴാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിന് അപേക്ഷിച്ചത്. രണ്ടാഴ്ച കൊണ്ട് കുട്ടിയുടെ കഴിവിന് അധികൃതർ അംഗീകാരം നൽകി. പിതാവ് സാബിത്ത് പുത്തൻപുരയിൽ ദുബൈയിൽ ആണ് ജോലി ചെയ്യുന്നത്. മുഹമ്മദും മോണ്ടിസോറി ടീചർ ആയ മാതാവ് ഫാതിമ റുക്സാനയും ഫാത്തിമയുടെ മാതാപിതാക്കളുടെ കൂടെ സലാലയിലാണ് താമസം