മസ്കറ്റ് : ആരു വിചാരിച്ചാലും തൃശൂരിൽ ബിജെപി ജയിക്കില്ലെന്ന് തൃശൂർ എം പി ടി എൻ പ്രതാപൻ. മസ്കറ്റിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂരുകാർക്കും അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും തൃശൂരിൽ ബിജെപി ജയിക്കില്ലെന്ന് അറിയാം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ മാത്രമല്ല സൗത്ത് ഇന്ത്യയിലെ മൊത്തം സ്റ്റാർ മണ്ഡലം ആണ് ഇത്തവണ തൃശൂർ. സ്ഥാനാർഥി ആവണമോ എന്ന് പാർട്ടി ആണ് തീരുമാനിക്കുക. എന്നാൽ തൃശൂർ എം പി എന്ന നിലയിൽ എന്റെ മണ്ഡലം ദേശീയ ലെവലിൽ ശ്രദ്ധിക്കുന്ന മണ്ഡലം ആയി മാറിയതുകൊണ്ട് തന്നെ താൻ ഭയങ്കര ത്രില്ലിലാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ദേശീയ നേതാക്കളും തൃശൂരിലേക്ക് വരുമെന്ന് തനിക്ക് നല്ല ബോധ്യമുണ്ടെന്നും പ്രതാപൻ കൂട്ടിച്ചേർത്തു. കോണ്ഗ്രസ് ഓഫീസിൽ അടക്കം പ്രത്യക്ഷപ്പെട്ട അദ്ദേഹത്തിന്റെ പേരിലുള്ള ചുവരെഴുത്തുക്കളെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്
തൃശൂരിൽ തന്റെ പേരിലുള്ള ചുവരെഴുത്ത് മായ്ക്കാൻ പറഞ്ഞുവെന്നും
കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിക്കാതെ സ്ഥാനാർഥിയുടെ പേരെഴുതുന്നത് ശരിയല്ലെന്നും പ്രതാപൻ പറഞ്ഞു. പ്രവർത്തകർ സ്വയം പണമെടുത്ത് പേരെഴുതിയിട്ടുണ്ടാകാം. എന്നാൽ ആരുടേയും പേരെഴുതരുത് എന്നും , ചിഹ്നം വരയ്ക്കുന്നതിൽ തെറ്റില്ലെന്നും പ്രവർത്തകരോട് നിർദ്ദേശിച്ചതായും പ്രതാപൻ വ്യക്തമാക്കി.