ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് സര്‍വീസുകള്‍
ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ സുഹാര്‍ – കോഴിക്കോട് സര്‍വീസ് അടുത്ത മാസം 22 മുതല്‍ ആരംഭിക്കും. ചൊവ്വ, വെള്ളി എന്നിങ്ങനെ ആഴ്ചയില്‍ രണ്ട് ദിവസങ്ങളിലാകും നേരിട്ടുള്ള സര്‍വീസുകള്‍.
രണ്ട് കേരള സെക്ടറുകളില്‍ ഉള്‍പ്പടെ നാല് ഇന്ത്യന്‍ നഗരങ്ങളിലേക്ക് നിലവില്‍ സലാം എയര്‍ സര്‍വീസ് നടത്തിവരുന്നുണ്ട്. വിദേശി ജനസംഖ്യയും ബിസിനസ് യാത്രക്കാരെയും വിനോദ സഞ്ചാരികളെയും പരിഗണിച്ചാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതെന്ന് സി ഇ ഒ ക്യാപ്റ്റന്‍ മുഹമ്മദ് അഹമദ് പറഞ്ഞു.
വലിയ പ്രവാസി ഇന്ത്യന്‍ സമൂഹത്തിന്റെ വീടാണ് ഇന്ത്യ. ഒമാന്റെ വലിയ വ്യാപാര പങ്കാളിയുമാണ്. കൊവിഡ് കാലത്ത് ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ സലാം എയറിന് സാധിച്ചു. സമൂഹത്തിന് തുടര്‍ന്നും സേവനം ലഭ്യമാക്കാന്‍ സാധിക്കുമെന്നും സഹകരണം തുടരാനാകുമെന്നും പ്രതീക്ഷിക്കുന്നതായി ക്യാപ്റ്റന്‍ മുഹമ്മദ് അഹമദ് കൂട്ടിച്ചേര്‍ത്തു.

ബാത്തിന, ബുറൈമി ഗവര്‍ണറേറ്റുകളില്‍ നിന്ന് കേരളത്തിലേക്ക്, പ്രത്യേകിച്ച് മലബാറിലേക്കുള്ള യാത്രക്കാര്‍ക്ക് സുഹാര്‍ – കോഴിക്കോട് സര്‍വീസ് ഏറെ സൗകര്യപ്രദമാകും. സലാല – കോഴിക്കോട് റൂട്ടിലും മസ്കത്തില് നിന്ന് തിരുവനന്തപുരം, ജൈപൂര്, ലക്ക്നൗ സെക്ടറുകളിലും സലാം എയര്‍ സര്‍വീസുകള്‍ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു.
തിരുവന്തപുരത്തേക്ക് തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലും കോഴിക്കോട്ടേക്ക് ആഴ്ചയില്‍ രണ്ട് ദിവസങ്ങളിലുമാണ് സര്‍വീസുകള്‍.
