മസ്കറ്റ് : മെഗാമിൻസ് ക്യൂബ് ഏറ്റവും വേഗത്തിൽ സോൾവ് ചെയ്തതിന് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് ഒമാനിലെ പ്രവാസി വിദ്യാർത്ഥി ആയ ആഖിൽ മുഹമ്മദ് അബ്ദുറഹിമാൻ സ്വന്തമാക്കി.
2 മിനിറ്റ്, 38 സെക്കൻഡ്, 87 മില്ലിസെക്കൻഡ് സമയം കൊണ്ടാണ് ഒരു മെഗാമിൻക്സ് ക്യൂബ് ഈ ഒൻപത് വയസുകാരൻ സോൾവ് ചെയ്തത്. 14 വർഷമായി ഒമാനിൽ പ്രവാസ ജീവിതം നയിക്കുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ഫാസിലിന്റെയും ഫാത്തിമ ഫാസിലയുടെയും രണ്ടാമത്തെ മകനാണ് ആഖിൽ മുഹമ്മദ്. മബെല ഇന്ത്യൻ സ്കൂളിലെയും മബെല ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കണ്ടറി ഖുർആൻ മദ്രസ്സയിലെയും നാലാം ക്ലാസ് വിദ്യാർത്ഥിയായ ആഖിൽ നിരവധി പാഠ്യപാഠ്യേതര വിഷയങ്ങളിൽ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. നന്നായി പിയാനോ വായിക്കുകയും ചെയ്യും. അനിക്അമാൻ റഹ്മാൻ, ഐസാ ജന്ന എന്നിവർ സഹോദരങ്ങളാണ്. അഞ്ചാം വയസുമുതൽ ക്യൂബ് സോൾവ് ചെയ്യാൻ തുടങ്ങിയ ആഖിൽ മുഹമ്മദ് ഇതിനോടകം മെഗാമിൻസ് ക്യൂബ്, മാസ്റ്റർമോർഫിക്സ് ക്യൂബ്,ഫിഡ്ജറ്റ് ബോൾ, ആക്സിസ് ക്യൂബ്, ട്വിസ്റ്റഡ് ക്യൂബ്, സ്ക്വയർ വൺ, ട്രൈഹെഡ്രോൺ ക്യൂബ്, 3×3 ക്യൂബ്, 2×2 ക്യൂബ്, 4×4 ക്യൂബ്, 5*5 ക്യൂബ്, ട്രോപിബഡ് 2×2, മിറർ ക്യൂബ്, പിരമിൻസ് പെറ്റൽ,ഗിയർ ക്യൂബ്, സിലിണ്ടർ ക്യൂബ്, ഡിഫോർമഡ് 3×3, സ്‌വെബ് ക്യൂബ്, ബാരൽ ക്യൂബ്, ഡിനോ ക്യൂബ്, ഫുട്‌ബോൾ ക്യൂബ്, ഐ വി വൈ ക്യൂബ് എന്നിങ്ങനെ തുടങ്ങി 25ലധികം വ്യത്യസ്ത ക്യൂബുകൾ കുറഞ്ഞ സമയത്തിൽ സോൾവ് ചെയ്യുന്നതിൽ പ്രാവീണ്യം നേടി. നിരന്തര പരിശീലനത്തിലൂടെയാണ് മകൻ ഇത്തരത്തിൽ പ്രാവീണ്യം നേടിയതെന്ന് ആഖിലിന്റെ പിതാവ് മുഹമ്മദ്‌ ഫാസിൽ പറയുന്നു. മെഗാമിൻസ് ക്യൂബ് കുറഞ്ഞ സമയം കൊണ്ട് സോൾവ് ചെയ്ത് ലോക റെക്കോർഡ് സ്വന്തമാക്കുകയാണ് ആഖിലിന്റെ അടുത്ത ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *