മസ്കറ്റ്: കേരളത്തിന്റെ മനസ്സ് മതേതര മനസ്സാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ഉപ തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് മുതിര്‍ന്ന പ്രവാസി കോണ്‍ഗ്രസ് നേതാവ് സിദ്ദീഖ് ഹസ്സന്. പാലക്കാട് സി പി ഐ എമ്മും ബി ജെ പിയും ഒരുമിച്ച് വര്‍ഗീയ കാര്‍ഡുകള്‍ ഇറക്കുന്നതിന് ഏതറ്റം വരെയും പോകുന്ന തെരഞ്ഞെടുപ്പായിരുന്നു പാലക്കാട് ദര്‍ശിച്ചത്. വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിലും യു ഡി എഫിന്റെ വിജയം ആവര്‍ത്തിക്കുമെന്ന സന്ദേശമാണ് ഇതിലൂടെ സി പി എമ്മിന് നല്‍കുന്നത്. മതേതര ഐക്യം കേരളത്തില്‍ ഒരിക്കലും നഷ്ടപ്പെടില്ല എന്നതിന്റെ തെളിവാണ് ബി ജെ പിക്ക് മേല്‍ക്കൈ ഉള്ള സ്ഥലങ്ങളിലെല്ലാം യു ഡി എഫ് മുന്നേറ്റം. നാട്ടില്‍ മതേതരത്വവും ജനാധിപത്യവും സമാധാനവും നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പിലെ വിധിയെഴുത്ത്. ചേലക്കരയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ച ഭൂരിപക്ഷത്തിലേക്ക് ഇത്തവണ എത്താന്‍ കഴിയാതിരുന്നതും സി പി എമ്മിന്റെ കുത്തക മണ്ഡലത്തില്‍ പോലും ഈ അവസ്ഥയുണ്ടായതും ഭരണ വിരുദ്ധ വികാരത്തിന്റെ തെളിവാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് ഇന്ത്യയില്‍ ഏറെ പ്രസക്തിയുണ്ടെന്നതിന് വീണ്ടും അടിവരയിടുന്നതാണ് പ്രിയങ്ക ഗാന്ധിക്ക് വയനാട്ടില്‍ ലഭിച്ച ഭൂരിപക്ഷം. ഫലങ്ങള്‍ വിലയിരുത്തുമ്പോള്‍ കേരളത്തിലാകെ യു ഡി എഫ് വോട്ടുകളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യു ഡി എഫ് മുന്നണി സംവിധാനം ഏറ്റവും മികച്ച് ഏകീകരണത്തോടെ പ്രവര്‍ത്തിക്കുന്നത് തിരഞ്ഞെടുപ്പ് കാലത്ത് കണ്ടതിന്റെ പ്രതിഫലനം കൂടിയാണ് ഈ ഫലങ്ങള്‍. കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതും തിരഞ്ഞെടുപ്പിനെ കൂടുതല്‍ മനോഹരമാക്കി. യു ഡി എഫ് കൈ കോര്‍ത്തിരിക്കുന്ന ഈ കാഴ്ച 2026ലേക്കുള്ള കരുത്തും ഊര്‍ജവുമാകും. എത് വിവാദങ്ങള്‍ എതിരെ വന്നാലും ഐക്യത്തോടെ പ്രതിരോധിച്ച് വിജയിക്കാന്‍ മുന്നണിക്കാകും എന്ന് കൂടി തെളിയിച്ചിരിക്കുന്നു. കേരളത്തിലെ പിണറായി വിജയന് സര്‍ക്കാറിന്റെ ഭരണ പരാജയങ്ങള്‍ മറച്ചു പിടിക്കുന്നതിനും വീഴ്ചകള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കുന്നതിനും നിരന്തരം വിവാദങ്ങളുണ്ടാക്കുകയാണ് സി പി എം ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തുടര്‍ച്ചയായി വ്യക്തിഹത്യ നടത്തുന്നതിന് സി പി എമ്മും ബി ജെ പിയും ഒറ്റക്കെട്ടായി നിന്നു. ന്യൂനപക്ഷ വിരുദ്ധതയും ഫാസിസവും അജണ്ഡയാക്കി പ്രവര്‍ത്തിക്കുന്ന ബി ജി പിയുമായി ചേര്‍ന്നാണ് സി പി ഐ എമ്മും പ്രവര്‍ത്തിക്കുന്നതെന്ന തിരിച്ചറിവ് കേരളത്തിലെ ജനങ്ങള്‍ക്ക് ഉണ്ടാവുകയും ഇതിനെതിരെ വോട്ട് രേഖപ്പെടുത്തുകയും ചെയ്തതിലൂടെയാണ് യു ഡി എഫ് ഇത്ര മികച്ച വിജയത്തിലേക്കെത്തുന്നതെന്നും സിദ്ദീഖ് ഹസന് പറഞ്ഞു.