മസ്കറ്റ് :  ടൂറിസ്റ്റ്  വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ  കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു.

ഇടുക്കി പാമ്പനാർ സ്വദേശിനിയായ ഒരു സ്ത്രീ നടത്തുന്ന ഏജൻസി വഴി ലഭിച്ച വിസയിൽ ഒമാനിൽ എത്തിയ യുവതികളെ ഒമാനിലെ ബുറൈമിയിൽ എത്തിച്ചെങ്കിലും പറഞ്ഞ ജോലി നൽകാതെ റൂമിൽ പൂട്ടി ഇടുകയും ,ദിവസം ഒരു നേരം ആഹാരവും പുറം ലോകവുമായി ബന്ധപ്പെടാതിരിക്കാൻ കയ്യിലുള്ള ഫോൺ വാങ്ങി വെക്കുകയും ചെയ്തു.അവിടെ ഉണ്ടായിരുന്ന ഒരു ബംഗ്ലാദേശ് സ്വദേശിയുടെ ഫോണിൽ നിന്നും വീട്ടിൽ വിളിച്ചു ഭർത്താവിനെ വിവരം അറിയിച്ച പ്രകാരം വീട്ടുകാരും ,നാട്ടിലെ സാമൂഹിക പ്രവർത്തകരും ,എരുമേലി ജമാഅത്ത്‌ പ്രെസിഡന്റും  ചേർന്ന് കെഎംസിസി കോട്ടയം ജില്ലാ പ്രസിഡന്റ് ഷാ റസാഖ് എരുമേലിയെ വിവരം അറിയിക്കുകയായിരുന്നു .തുടർന്ന് ബുറൈമിയിലെ കെഎംസിസി പ്രവർത്തകരുമായി ചേർന്ന് യുവതികളെ ഒമാനിൽ എത്തിച്ച തമിഴ്നാട്  സ്വദേശിനിയെ ബന്ധപ്പെടുകയും അവർക്ക് അവിടെ ചിലവായ തുക നൽകി രണ്ടു പേരെയും മസ്‌ക്കറ്റ് എയർപോർട്ടിൽ കൊണ്ടു വന്ന് രാത്രിയിലെ ഇൻഡിഗോ ഫ്ലൈറ്റിൽ കൊച്ചിയിൽ എത്തിച്ചു .

ഒരാൾ കോട്ടയം എരുമേലി സ്വദേശിനിയും ,മറ്റൊരാൾ ചങ്ങനാശ്ശേരി കറുകച്ചാൽ സ്വദേശിനിയും ആണ് .വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടും രോഗിയായ മക്കളുടെ ചികിത്സാ ചിലവും കാരണം ജോലി തേടി ഒമാനിൽ എത്തിയ വനിതകൾക്കാണ് ഈ ചതിവ് പറ്റിയത് .നാട്ടിലെ പോലീസ്  സ്റ്റേഷനിൽ പരാതിപെട്ടെങ്കിലും വിസ ഏർപ്പാടാക്കിയ സ്ത്രീക്കെതിരെ പരാതി സ്വീകരിക്കാൻ പോലും തുടക്കത്തിൽ പോലീസ് തയ്യാറാകാത്ത സാഹചര്യത്തിൽ ആണ് മസ്‌കറ്റിലെ കോട്ടയം ജില്ലാ കെഎംസിസി ഭാരവാഹികളെ ബന്ധപ്പെടുന്നത് .നാട്ടിൽ എത്തിയ ഇരുവരുടെയും കുടുംബാംഗങ്ങൾ കോട്ടയം ജില്ലാ കെഎംസിസി കമ്മറ്റിക്കും പ്രസിഡന്റ് മുഹമ്മദ് ഷാ റസാഖ് എരുമേലിക്കും പ്രത്യേകം നന്ദി അറിയിച്ചു .

നാട്ടിൽ എത്തിയ ഒരാൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ കൂടുതലായതിനാൽ അടുത്തുള്ള ഹോസ്പിറ്റലിലെ ഡോക്ടറെ കാണിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം കൗണ്സിലിംഗിന് വിധേയമാക്കുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *