മസ്കറ്റ് : കൊല്ലം പറവൂർ സ്വദേശിയായ ലേകൻ സുകേശൻ ഒമാനിൽ വിസയില്ലാതെ താമസിക്കാൻ തുടങ്ങിയിട്ട് ഏഴു വർഷത്തോളമായി. ഇടക്ക് എപ്പോഴോ പാസ്സ്പോര്ട്ടും നഷ്ടമായി. 34 വർഷങ്ങൾക്ക് മുമ്പ് ആണ് ലേകൻ സുകേശൻ ഒമാനിൽ എത്തിയത്. പെയിന്റിംഗ് ആയിരുന്നു ജോലി. കോവിഡ് കാലത്ത് വരുമാനം കുറഞ്ഞതിനാൽ സാമ്പത്തികമായി ഞെരുങ്ങി. വിസ പുതുക്കാൻ പണം തികഞ്ഞില്ല. നിത്യവൃത്തിയും മുട്ടിയതിനാൽ താമസ മുറിക്കു കൃത്യമായി വാടക നൽകാനും കഴിയാതെ പലയിടങ്ങളിൽ താമസം മാറി. കഴിഞ്ഞ മൂന്നു വർഷത്തോളമായി ലേകൻ സുകേശന് കാര്യമായ ജോലിയും വരുമാനവുമില്ല. അതോടയൊപ്പം രോഗവും അദ്ദേഹത്തെ വേട്ടയാടി. രണ്ടു കണ്ണുകൾക്ക്ക് കാഴ്ച നന്നേ കുറവ്.ഓർമ്മക്കുറവും , ബാലന്സിന്റെ പ്രശനവും ഉള്ളതിനാൽ പരസഹായം ഇല്ലാതെ നടക്കാൻ പോലും ബുദ്ധിമുട്ടുണ്ട്. താമസിക്കാൻ ഇടമില്ലാതെ അലഞ്ഞു നടക്കുമ്പോഴാണ് മലപ്പുറം ചെമ്മാട് കൊടിഞ്ഞി സ്വദേശി മുബഷിറിന്റെ അടുക്കൽ ലേകൻ താമസിക്കാൻ ഒരിടം ആവശ്യപ്പെട്ട് എത്തുന്നത്. മുബഷിർ മദാരി വിവരം റൂവി കെഎംസിസി യുടെ ശ്രദ്ധയിൽ എത്തിച്ചു.അവിവാഹിതനായ ലേകന്റെ മാതാപിതാക്കളും മരണപ്പെട്ടു. സഹോദരങ്ങൾ മാത്രമാണ് നാട്ടിലുള്ളത്.റൂവി കെഎംസിസി യുടെ നേതൃത്വത്തിൽ മസ്‌കറ്റിലെ ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ നിയമ നടപടികൾ പൂർത്തിയാക്കാനും ഇദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.