മസ്കറ്റ് : രാജ്യത്തെ പ്രമുഖ ധനവിനിമയ ഇടപാട് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് എല്ലാവർഷവും സംഘടിപ്പിക്കുന്ന വനിതാ വോളിബാൾ ടൂർണമെന്റിന്റെ മൂന്നാം സീസൺ ആഗസ്റ്റ് പതിനാറ് വെള്ളിയാഴ്ച രാവിലെ ഒൻപതു മണിമുതൽ ബോഷറിലെ, ബോഷർ ക്ലബ്ബിൽ വെച്ച് നടക്കുമെന്ന് മാനേജ്മന്റ് ഭാരവാഹികൾ അറിയിച്ചു . രാവിലെ പത്തുമണിക്ക് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങു ഒമാനിലെ ഫിലിപ്പീൻസ് അംബാസഡർ രാഹുൽ എസ് ഹെർണാണ്ടസ് ഉദ്ഘാടനം ചെയ്യും . ഇൻസ്റ്റന്റ് ക്യാഷ് ഒമാൻ കൺട്രി ഹെഡ് നിയാസ് നൂറുദീൻ, ഒമാനിലെ ഉഗാണ്ടൻ സമൂഹത്തിന്റെ സോഷ്യൽ ക്ളബ്ബ് സെക്രട്ടറി നടാഷ പമേല ആഹാബ്വെ , ആസ്റ്റർ റോയൽ ഹോസ്പിറ്റലിലെ എല്ല് രോഗ വിദഗ്ദൻ ഡോക്ടർ കല്യാൺ ശൃങ്കാവരപ്പ് , ഒമാനിലെ ജോയ് ആലുക്കാസ് ജ്വല്ലറി റീജിയണൽ വിഭാഗം തലവൻ ആന്റോ ഇഗ്നേഷ്യസ് , ഒമാൻ വോളിബോൾ അസോസിയേഷൻ വിഭാഗം തലവൻ ഖലീൽ അൽ ബലൂഷി , ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഹ്യൂമൻ റിസോഴ്സ് വിഭാഗം തലവൻ ഫഹദ് അൽ ഹബ്സി എന്നിവർ ചടങ്ങിൽ ആശംസകൾ നേരും . ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്സൺ ബേബി സ്വാഗതവും , അസിസ്റ്റന്റ് ജനറൽ മാനേജർ അൻസാർ ഷെന്താർ നന്ദിയും പറയും . വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ ഒമാനിലെ ഫിലിപ്പീൻസ് എംബസ്സിയിലെ തൊഴിൽ വിഭാഗം സെക്രട്ടറി ഗ്രിഗറിയോ അബലോസ് , ഒമാൻ വോളിബാൾ അസോസിയേഷൻ ബോർഡ് അംഗം ആയിഷ എന്നിവർ മുഖ്യാതിഥികളാകും . വിജയികൾക്ക് പുറമെ റണ്ണേഴ്സ് അപ്പ് , മൂന്നാം സ്ഥാനക്കാർ എന്നിവർക്ക് ട്രോഫിയും പ്രൈസ് മണിയും ലഭിക്കും .ഇതിനുപുറമെ മികച്ച കളിക്കാരി , ഭാവി വാഗ്ദാനം , മികച്ച സ്പോർട്ടിങ് ടീം എന്നിവ ഉൾപ്പടെ നിരവധി വ്യക്തിഗത സമ്മാനങ്ങളും ലഭിക്കും . 2022 ൽ ആദ്യമായി ആരംഭിച്ച വനിതാ വോളിബോൾ ടൂർണമെന്റിന് കഴിഞ്ഞ രണ്ടു വർഷങ്ങളിലും ലഭിച്ച ആവേശകരമായ പ്രതികരണം തന്നെയാണ് ഇത്തവണയും ലഭിച്ചിരിക്കുന്നതെന്നും , ഇത്തവണ പത്തു രാജ്യങ്ങളിൽ നിന്നും , ഇരുപത്തിമൂന്ന് ടീമുകളിൽ നിന്നായി മുന്നൂറിലേറെ കളിക്കാരാണ് മാറ്റുരക്കുന്നതെന്നും ജനറൽ മാനേജർ നിക്സൺ ബേബി പറഞ്ഞു . മുൻവർഷത്തേക്കാൾ ടീമുകളുടെയും കളിക്കാരുടെയും പ്രാധിനിത്യം വർധിച്ചതായും സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി ഒമാനിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ വനിതാ വോളിബാൾ ടൂർണമെന്റ് മൂന്നു സീസൺ പൂർത്തിയാക്കുന്നത് എന്നും നിക്സൺ ബേബി കൂട്ടിച്ചേർത്തു . വനിതകൾക്ക് വേണ്ടി ഒമാനിൽ നടക്കുന്ന ഏറ്റവും വലിയ കായികമത്സരമാണ് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് സംഘടിപ്പിക്കുന്ന വനിതാ വോളിബാൾ ടൂർണമെന്റ് എന്നും അതോടൊപ്പം ഓരോ വർഷവും ടീമുകളുടെ എണ്ണം കൂടുന്നത് അനുസരിച്ചു , സമ്മാനത്തുകയിലും വർദ്ധനവ് ഉണ്ടന്ന് അസിസ്റ്റന്റ് ജനറൽ മാനേജർ അൻസാർ ഷെന്താർ പറഞ്ഞു . വ്യക്തികൾക്കും , കുടുംബങ്ങൾക്കും ആസ്വദിക്കാവുന്ന രീതിയിൽ ഒട്ടേറെ വിനോദ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും എല്ലാവരെയും ബോഷർ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അൻസാർ ഷെന്താർ പറഞ്ഞു . ബോഷറിലെ മസ്കറ്റ് കോളേജിന് സമീപമാണ് ബോഷർ ക്ലബ്ബ് സ്ഥിതി ചെയുന്നത്