മസ്കറ്റ് :മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികളെ ഒമാൻ പ്രവാസത്തിന്റെ ആദ്യനാളുകളിൽ ആകാശത്തേരിലേറ്റിയ എയർ ഇന്ത്യ ഇനിയില്ല. പതിറ്റാണ്ടുകളുകളുടെ പാരമ്പര്യമുള്ള മസ്കറ്റ് -ഇന്ത്യ വിമാന സർവിസുകൾ എയർ ഇന്ത്യ പൂർണ്ണമായും നിർത്തി. ഒമാൻ തലസ്ഥാനത്തുനിന്നും ഇന്ത്യൻ തലസ്ഥാനത്തേക്ക് ആണ് അവസാന വിമാനം കഴിഞ്ഞ ദിവസം പറന്നുയർന്നത്. അവസാന മസ്കറ്റ് -ഡൽഹി സർവീസോടെ എയർ ഇന്ത്യ എന്ന പ്രതാപയാനത്തിന്റെ ഒമാൻ പ്രയാണത്തിന് തിരശീല വീണു.
ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു, മുംബൈ, ഡൽഹി എന്നീ സെക്ടറുകളിലേക്കാണ് മസ്കറ്റിൽ നിന്ന് എയർ ഇന്ത്യക്ക് സർവിസുണ്ടായിരുന്നത്
ടാറ്റ എയർ ഇന്ത്യ ഏറ്റെടുത്ത ശേഷം ഒന്നിന് പുറകെ മറ്റൊന്നായി എല്ലാ സർവീസയ്ക്കലും നിർത്തി. മസ്കറ്റ് – ഹൈദരാബാദ് സർവിസാണ് ആദ്യം നിർത്തിയത്. പിന്നാലെ ചെന്നൈ സർവിസും ബംഗളൂരു സർവിസും ഒഴിവാക്കി. തുടർന്ന് മുംബൈ സർവിസുകളും, ഡൽഹിയിലേക്കുള്ള അവസാന വിമാനവും അവസാനിപ്പിച്ചു.
മുൻ തലമുറയിലെ പ്രവാസികളുടെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ചത് എയർ ഇന്ത്യ എയർ ഇന്ത്യ ആയിരുന്നു. ആദ്യകാലത്ത് ഒമാനിൽ നിന്നും എയർ ഇന്ത്യ ക്കു മാത്രമായിരുന്നു സർവീസ്. ഏറ്റവും പ്രധാനപ്പെട്ട സർവീസ് മുംബൈ സർവീസ് ആയിരുന്നു. കേരളത്തിലേക്കുള്ള ആദ്യ സർവീസ് ആയ തിരുവനന്തപുരം സർവിസ് തുടങ്ങുന്നതിനുമുമ്പ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികൾ തീവണ്ടിയിലും, ബസ്സിലുമൊക്കെ മുംബൈ എത്തി അവിടെ നിന്നും മസ്കറ്റിലേക്കും തിരിച്ചും യാത്ര ചെയ്ത അനുഭവം ഉള്ളവരാണ്.
എയർ ഇന്ത്യയുടെ രാജ്യത്തെ ഓഫിസ് നേരത്തേ അടച്ച് പൂട്ടിയിരുന്നു. എയർ ഇന്ത്യയും എയർ ഇന്ത്യ എക്പ്രസും മസ്കറ്റിൽ ഒരു ഓഫിസിലായരുന്നു പ്രവർത്തിച്ചിരുന്നത്. ഇനി ഓഫിസ് എയർ ഇന്ത്യ എക്പ്രസിനു മാത്രമാവും. എയർ ഇന്ത്യ സർവിസുകൾ നിർത്തിയ എല്ലാ സെക്ടറിലേക്കും എയർ ഇന്ത്യ എക്പ്രസ് സർവിസ് നടത്തിയേക്കുമെന്നാണ് പ്രതീക്ഷ. 2005 ഏപ്രിലിൽ ബജറ്റ് എയർലൈൻസായ എയർ ഇന്ത്യ എക്പ്രസ് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളിലേക്ക് സർവീസ് ആരംഭിച്ചതോടെ എയർ ഇന്ത്യയുടെ തിരുവനന്തപുരം സർവിസ് നിലക്കുകയായിരുന്നു. പിന്നീട് പടിപടിയായി എയർ ഇന്ത്യ എക്സ് പ്രസുകൾ മസ്കറ്റിൽ നിന്ന് ഇന്ത്യൻ സെക്ടറിലേക്ക് സർവിസുകൾ വർധിപ്പിക്കുകയും എയർ ഇന്ത്യ ഡൽഹി, ഹൈദരാബാദ്, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങിലേക്കായി ചുരുക്കുകയുമായിരുന്നു.