സലാല : സലാലയിൽ നിന്ന് യമനിലെ സുകോത്ര ദ്വീപിലേക്ക് സിമന്റുമായി പോയ ഇന്ത്യൻ ഉരു നടക്കടലിൽ മുങ്ങി ഒരാളെ കാണാതായി . ഉരുവിലുണ്ടായിരുന്ന ഒൻപത് പേരിൽ എട്ടു പേരെയും മറ്റൊരു ഉരു എത്തി രക്ഷപ്പെടുത്തി. കാണാതായ ആൾക്കായി തെരച്ചിൽ തുടരുകയാണ്. ഉരു ജീവനക്കാർ ഉത്തരേന്ത്യൻ സ്വദേശികളാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് സലാലയിൽ നിന്ന് സ്വകാര്യ ഷിപ്പിങ് ഏജൻസിയുടെ ലോഡ് ആയ സിമന്റുമായി യമന്റെ ഭാഗമായ സുകോത്ര ദ്വീപിലേക്ക് ഇന്ത്യൻ ഉരു ‘സഫീന അൽ സീലാനി’ പുറപ്പെട്ടത്. സാധാരണ മൂന്നു ദിവസം കൊണ്ടാണ് ഉരു ലക്ഷ്യസ്ഥാനത്ത് എത്തേണ്ടിയിരുന്നത്. ചൊവ്വാഴ്ച എത്തേണ്ടിയിരുന്ന ഉരു ബുധനാഴ്ച്ച യും എത്താതെ ആകുകയും യാതൊരു ബന്ധപ്പെടലുകളും ഇല്ലാതെ വന്നപ്പോൾ സലാലയിലെ ഏജന്റിന്റെ നിർദ്ദേശപ്രകാരം സൊകോത്രയിൽ നിന്നും ഇവരെ അന്വേഷിച്ചിറങ്ങിയ മറ്റൊരു ഉരുവാണ് നടുക്കടലിൽ ഒഴുകി നടക്കുന്ന തൊഴിലാളികളെ കണ്ടെത്തിയത്. ഒരു ദിവസത്തിലധികം ഇവർ നടുക്കടലിൽ കനത്ത തിരമാലയിൽപെട്ടിരുന്നു. ഇതേ തുടർന്നാണ് ഉരു മുങ്ങിയത്. എട്ടുപേരെ കണ്ടെത്തിയെങ്കിലും കാണാതായ ഒരാൾക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. രക്ഷപ്പെട്ടവർ ഇപ്പോൾ സൊകോത്ര ദ്വീപിൽ യമനി സ്വദേശികളുടെ സംരക്ഷണയിൽ ആണുള്ളത്. രക്ഷപ്പെട്ടവരുടെ യാത്രരേഖകളും മറ്റും ഇവരുടെ കൈയിലുണ്ടെന്നും ദ്വീപിൽ നിന്ന് ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എംബസി കോൺസുലാർ ഏജന്റ് ഡോ. സനാതനൻ അറിയിച്ചു.