മസ്കറ്റ്
ഒമാനിൽ കലാപരിപാടി അവതരിപ്പിക്കാനെത്തിയ കലാകാരനോട് എയർ ഇന്ത്യ എക്പ്രസ്സിന്റെ കൊടും ചതി. ഇദ്ദേഹത്തിന്റെ ഹാർമോണിയം കണ്ണൂർ എയർപോർട്ടിൽ നിന്നും കയറ്റി അയച്ചില്ല. ഹാർമോണിയം തിരികെ കിട്ടിയത് പരിപാടി കഴിഞ്ഞതിനു ശേഷം പൊട്ടലോടെ.
ഒമാനിലെ നിസ്വയിലെ ഇൻറർസിറ്റി ഹോട്ടലിൽ വെള്ളിയാഴ്ച രാത്രി നടന്ന അലോഷ്യസിന്റെ സംഗീത നിശയിലെ കലാകാരനായ അനു പയ്യന്നൂരാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരുത്തരവാദിത്യ പരമായ പെരുമാറ്റം കൊണ്ട് ബുദ്ധിമുട്ടിലായത്.. മേയ് 24ന് അർധരാത്രി 12ന് കണ്ണൂരിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലാണ് ഇദ്ദേഹം മസ്കറ്റിലേക്ക് പുറപ്പെടുന്നത്. മസ്കറ്റ് വിമാനത്താവളത്തിൽ എത്തി ലഗേജ് നോക്കിയപ്പോഴാണ് ഹാർമോണിയം പാക്ക് ചെയ്ത ബോക്സ് മാത്രം വന്നിട്ടില്ലെന്ന് മനസ്സിലാകുന്നത്. പിന്നീട് ബാഗേജ് ഓഫിസിൽ പോയി അന്വേഷിച്ചപ്പോഴാണ് ഹാർമോണിയം പെട്ടി കണ്ണൂർ എർപോട്ടിൽനിന്നും കയറ്റി അയച്ചിട്ടില്ല എന്ന വിവരം ലഭിച്ചത്. ഉടൻ കണ്ണൂർ എർപോർട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് അധികൃതരെ ബന്ധപ്പെട്ടപ്പോൾ, ബോക്സ് അവിടെ ഉണ്ടെന്നും പിറ്റേദിവസം കയറ്റി അയക്കാമെന്ന് അറിയിക്കുകയായിരുന്നുവെന്ന് അനു പറയുന്നു.
തുടർന്ന് സംഘാടകരുടെ സഹായത്തോടെ ഒമാനിൽ നിന്നും മറ്റൊരു ഹാർമോണിയം സംഘടിപ്പിച്ചാണ് പരിപാടി നടത്തിയത്. സ്വന്തം ഹാർമോണിയം ലഭിക്കാത്തതിനാൽ കലാകാരന്റെ പ്രകടനത്തെ പോലും സാരമായി ബാധിച്ചു. ഒരു കലാകാരനോടും ഇങ്ങനെ ക്രൂരത എയർ ഇന്ത്യ എക്സ്പ്രസ് ചെയ്യരുതെന്നും അനു പയ്യന്നൂർ ഫേസ്ബുക്കിൽ കുറിച്ചു പിറ്റേന് ഹാർമോണിയം അടങ്ങുന്ന പെട്ടി എയർ ഇന്ത്യ എക്സ്പ്രസ്സ് മസ്കറ്റിൽ എത്തിച്ചെങ്കിലും പരിപാടി കഴിഞ്ഞിരുന്നു. ഹാർമോണിയം പൊട്ടിയ നിലയിലായിരുന്നു ലഭിച്ചത്.