മസ്കറ്റ് :ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഫീസ് നിരക്കിളവ് പ്രഖ്യാപിച്ച് വിവിധ ഇന്ത്യൻ സ്‌കൂളുകൾ. സാമ്പത്തിക പ്രതിസന്ധിയിലാവുകയോ, ജോലി നഷ്ടപ്പെടുകയോ, സംരംഭങ്ങൾ നഷ്ടത്തിലാകുകയോ, ശമ്പളം ലഭിക്കാതിരിക്കുകയോ ചെയ്ത രക്ഷിതാക്കളുടെ കുട്ടികൾക്ക് ഫീസ് ഇളവിനായി അപേക്ഷിക്കാൻ സാധിക്കും.

രക്ഷിതാക്കളുടെ സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിച്ചാണ് സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റികൾ ഇളവ് നൽകുന്നത്. മസ്‌കറ്റ്  ഇന്ത്യൻ സ്‌കൂളിൽ ഇത് സംബന്ധിച്ച് രക്ഷിതാക്കൾക്ക് പ്രിൻസിപ്പൽ സർക്കുലർ അയച്ചു. മറ്റു വിവിധ സ്‌കൂളുകളിൽ നേരിട്ട് അപേക്ഷിച്ച് ഫീസിളവ് ആനുകൂല്യം സ്വന്തമാക്കുന്നതിന് അവസരമൊരുക്കിയിട്ടുണ്ട്.

കുട്ടിയുടെ മാതാവിന്റെയും പിതാവിന്റെയും റസിഡന്റ് കാർഡ്, വാടക കരാർ രേഖകൾ, സാലറി സർട്ടിഫിക്കറ്റ്/ കമ്പനിയിൽ നിന്നുള്ള സാലറി സ്ലിപ്പ്, ശമ്പള ഇടപാടുകൾ വ്യക്തമാക്കുന്ന ജനുവരി മുതൽ ജൂൺ വരെയുള്ള ബേങ്ക് സ്‌റ്റേറ്റ്‌മെന്റുകൾ, സ്‌പോൺസർമാരുടെ കത്ത്, കടകൾ ഉൾപ്പടെ വാണിജ്യ സംരംഭങ്ങൾ നഷ്ടപ്പെട്ടതിന്റെ രേഖകൾ എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.


മസ്‌കറ്റ്  ഇന്ത്യൻ സ്‌കൂളിൽ 500 റിയാലിൽ താഴെ മാസ വരുമാനമുള്ള രക്ഷിതാക്കൾക്ക് ഫീസ് ഇളവ് ലഭിക്കും. സ്‌പോൺസറുടെ കത്തിന്റെ രൂപം അപേക്ഷാ ഫോമിനൊപ്പം നൽകിയിട്ടുണ്ട്. സ്‌കൂൾ വെബ്‌സൈറ്റിൽ നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാവുന്നതാണ്.

പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 7.30 മുതൽ ഉച്ചക്ക് 2.30 വരെ മസ്‌കത്ത് ഇന്ത്യൻ സ്‌കൂൾ ഓഫീസിലും നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണെന്നും പ്രിൻസിപ്പൽ അറിയിച്ചു. കഴിഞ്ഞ വർഷം ഫീസിളവ് ലഭിച്ചവരും ഈ വർഷം പുതുക്കിയ അപേക്ഷ സമർപ്പിക്കണം.
വിവിധ കാരണങ്ങളാല്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രക്ഷിതാക്കള്‍ക്ക് ഇന്ത്യന്‍ സ്‌കൂളുകളുടെ പുതിയ നീക്കം ഏറെ ആശ്വാസകരമാകും.

മുന്‍ വര്‍ഷങ്ങളിലും ഈ സൗകര്യം സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ രക്ഷിതാക്കള്‍ക്ക് നല്‍കിയിരുന്നു. കൊവിഡ് കാലത്തുള്‍പ്പെടെ നൂറ് കണക്കിന് രക്ഷിതാക്കളാണ് ഓരോll സ്‌കൂളുകളും ഇത്തരത്തില്‍ അപേക്ഷ നല്‍കി ട്യൂഷന്‍ ഫീ ഇനത്തില്‍ ഇളവ് നേടിയെടുത്തത്.  അപേക്ഷകളിന്‍മേല്‍ അന്തിമ തീരുമാനമെടുക്കുന്നത് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികളിലാണ്. അപേക്ഷിച്ച മുഴുവന്‍ ആളുകള്‍ക്കും ഫീസ് ഇളവ് ലഭിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *