മസ്കറ്റ് : ഭാരതീയ കലാസാംസ്കാരിക പൈതൃകങ്ങളെ തനിമ നഷ്ടപ്പെടാതെ സ്വദേശി, വിദേശി വ്യത്യാസമില്ലാതെ എല്ലാത്തരം ആസ്വാദകരിലേയ്ക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെ 2018 ൽ സ്ഥാപിതമായ പ്രമുഖ സംഘടനയാണ്‌ ഏകതാ മസ്കറ്റ്‌.  ഭാരതീയ ശാസ്ത്രീയ കലാരൂപങ്ങളെ തനിമ നഷ്ടപ്പെടാതെ പുതുതലമുറയ്ക്ക്‌ പകർന്നു നൽകുന്നതിലൂടെ പാരമ്പര്യ കലാസാംസ്കാരിക പ്രവർത്തനങ്ങൾ അന്യം നിന്നുപോകാതിരിക്കുവാനും വരും തലമുറയ്ക്കായി കാത്തുസൂക്ഷിക്കാനും ഉദ്ദേശിച്ചുള്ള പ്രവർത്തനങ്ങളാണ്‌ ഏകത മസ്കറ്റ്‌ നടത്തുന്നത്‌. 2018 ൽ 9 ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി സംഗീതോൽസവം ഇദം പ്രഥമമായി ഒമാനിൽ നടത്തിയതിലൂടെ ഭാരതത്തിലെയും, ഒമാനിലെയും മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നുള്ള 300 ൽ അധികം പ്രതിഭകൾക്ക്‌ അതിൽ പങ്കെടുക്കാനും സാധിച്ചു.
ഏഴാം വാർഷികത്തോടനുബന്ധിച്ച്‌ “ഏകത നൃത്തോൽസവ്‌ 2024” എന്ന ഇൻഡ്യൻ ക്ലാസിക്കൽ ഡാൻസ്‌ സിംഫണി അവതരിപ്പിക്കുന്നു. ഒമാനിലെ ഇൻഡ്യൻ അംബാസ്സഡർ ഹിസ്‌ എക്സലൻസി ശ്രീ. അമിത്‌ നാരംഗ്‌ നൃത്തോൽസവം 2024 മെയ്‌ 3 വെള്ളിയാഴ്ച വൈകീട്ട്‌ 6 മണിയ്ക്ക്‌ മിഡിൽ ഈസ്റ്റ്‌ കോളേജ് റൂസൈൽ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും. “നൃത്തോൽസവം 2024” ഇൻഡ്യൻ ശാസ്ത്രീയ നൃത്തത്തിന്റെ ശരിയായ ഭാവങ്ങൾ പ്രതിഫലിക്കുന്ന വേദിയായി മാറുമെന്ന് ഭാരവാഹികൾ അറിയിച്ചു. 200 ൽ അധികം നർത്തകർ *ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥക്ക്‌, ഒഡിസി, കേരളനടനം* എന്നീ നൃത്തരൂപങ്ങൾ അവതരിപ്പിക്കും. കൂടാതെ ഒമാനിലെ വിവിധ നൃത്താദ്ധ്യാപകരെ അവർ നൽകിയ സംഭാവനകളെ മാനിച്ച്‌ ഏകത മസ്കറ്റ്‌ ഉപഹാരങ്ങൾ നൽകി ആദരിക്കും. ഒമാനിലെ കലാസ്വാദകർക്ക്‌ വൈവിധ്യങ്ങളായ കലാരൂപങ്ങൾ ഒരു വേദിയിൽ ആസ്വദിക്കാൻ കഴിയുമെന്നും എല്ലാവരെയും മെയ്‌ 3ന്‌ രാവിലെ 9 മണി മുതൽ മിഡിൽ ഈസ്റ്റ്‌ കോളേജ് ഓഡിറ്റോറിയം, റൂസൈൽ നടക്കുന്ന “നൃത്തോൽസവം 2024″ലേയ്ക്ക്‌ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായും ഏകത മസ്കറ്റ്‌ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *